ദേശീയ പട്ടികജാതി കമ്മീഷന് വി. മുരളീധരന്‍ കത്തുനല്‍കി

Tuesday 20 December 2016 10:35 pm IST

തിരുവനന്തപുരം: ഇടതുസര്‍ക്കാരിന്റെ കീഴില്‍ കേരളത്തില്‍ ദളിത് വിഭാഗത്തിലുള്ളവര്‍ക്കുനേരെ അതിക്രമങ്ങള്‍ ഏറെ വര്‍ധിക്കുകയാണെന്നും പ്രത്യേകസാഹചര്യത്തില്‍ കേന്ദ്ര പട്ടികജാതി കമ്മീഷന്‍ അടിയന്തരമായി ഇടപെട്ട് ദളിത്‌വിഭാഗങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണവുമൊരുക്കാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് ദേശീയ പട്ടികജാതി കമ്മീഷന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം വി. മുരളീധരന്‍ കത്തു നല്‍കി. ഇടതുപക്ഷസര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ ദളിതര്‍ക്കെതിരായ പീഡനവും ആരംഭിച്ചു. കണ്ണൂരിലെ തലശേരിയില്‍, സിപിഎം ഓഫീസ് ആക്രമിച്ചെന്നു പറഞ്ഞ് രണ്ടു യുവതികളെയും പിഞ്ചുകുഞ്ഞിനെയും ജാമ്യമില്ലാവകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് ജയിലിലടച്ചു. ദളിത് വിഭാഗത്തില്‍ പെടുന്നവരെ പിണറായി വിജയന്റെ പോലീസ് തിരഞ്ഞുപിടിച്ച് ഉപദ്രവിക്കുകയാണ്. കൊല്ലത്ത് അഞ്ചാലുംമൂട് രണ്ട് ദളിത് യുവാക്കളെ ലോക്കപ്പിലിട്ട് തല്ലിച്ചതച്ചു. വയനാട്ടില്‍ രണ്ട് ദളിത് യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തി കേസെടുത്തു. കഴിഞ്ഞദിവസം കുറ്റ്യാടിയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ദളിത് യുവതിയുടെ മരണത്തിലെ ദുരൂഹത ഇനിയും നീങ്ങിയിട്ടില്ല. ഇക്കാര്യത്തില്‍ ആഭ്യന്തര മന്ത്രികൂടിയ മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല. പോലീസ് ദളിതര്‍ക്കുനേരെ അതിക്രമം നടത്തുമ്പോള്‍ സമൂഹത്തില്‍നിന്ന് ദളിത് വിഭാഗക്കാര്‍ക്കുനേരെ കടന്നുകയറ്റം ഉണ്ടാകുകയാണ്. കോട്ടയം നാട്ടകം ഗവ. പോളിടെക്നിക് കോളേജിലെ ഒന്നാംവര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ഥിയും ദളിത് വിഭാഗക്കാരനുമായ അവിനാശിനെ അതിക്രൂരമായി റാഗിങ്ങിനു വിധേയമാക്കിയ സംഭവം ദളിത് വിഭാഗക്കാര്‍ കേരളത്തില്‍ കരുതിക്കൂട്ടി ആക്രമിക്കപ്പെടുന്നു എന്നതിന്റെ തെളിവാണ്. ദളിത് വിഭാഗക്കാരനായ അവിനാശിനുനേരെ ഉണ്ടായ ക്രൂരമായ പീഡനത്തിനു പിന്നിലെ ലക്ഷ്യം റാഗിങ് മാത്രമായിരുന്നോ എന്നു പരിശോധിക്കേണ്ടതുണ്ട്. ദളിത് വിഭാഗക്കാര്‍ക്കുനേരെ തുടര്‍ച്ചയായുണ്ടാകുന്ന കൈയ്യേറ്റങ്ങളുടെയും ആക്രമണങ്ങളുടെയും പശ്ചാത്തലത്തില്‍ ദേശീയ പട്ടികജാതി കമ്മീഷന്‍ കേരളത്തിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കുകയും ദളിത്‌വിഭാഗങ്ങളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനുമായുള്ള നടപടി സ്വീകരിക്കുകയും വേണമെന്ന് മുരളീധരന്‍ കത്തില്‍ ആവശ്യപ്പെട്ടു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.