നോട്ടു നിരോധനം തെല്ലും ബാധിക്കാതെ ടൂറിസം മേഖല

Saturday 8 April 2017 10:21 pm IST

നോട്ടു നിരോധനം തെല്ലും ബാധിക്കാതെ കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. വിനോദ സഞ്ചാരികളുടെ കാര്യത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വന്‍ വര്‍ദ്ധനവാണ് ഇക്കൊല്ലം ഉണ്ടായിരിക്കുന്നത്. ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങള്‍ക്ക് ദിവസങ്ങള്‍ ഇനിയും ഉണ്ടെങ്കിലും ഹോം സ്‌റ്റേകളിലും റിസോര്‍ട്ടുകളിലും ബുക്കിങ് ആരംഭിച്ചതായി ടൂറിസം പ്രമോട്ടേഴ്‌സ് പറയുന്നു. വിദേശികളും അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള സഞ്ചാരികളുമാണ് ഇപ്പോള്‍ കേരളത്തിലേക്ക് എത്തിയിരിക്കുന്നത്. ഡിസംബര്‍ മുതല്‍ ജനുവരി വരെയാണ് ഏറ്റവും തിരക്കേറിയ മാസങ്ങളായി കണക്കാക്കുന്നത്. ക്രിസ്മസ് അവധിയായതിനാല്‍ വടക്കേന്ത്യയില്‍നിന്നാണ് സഞ്ചാരികള്‍ കൂടുതലും എത്തുന്നത്. കായല്‍ ടൂറിസം ആസ്വദിക്കാനായി സഞ്ചാരികള്‍ ആലപ്പുഴയിലേക്കും എത്തിത്തുടങ്ങി. ഈ ഒരാഴ്ച ഹൗസ്ബോട്ടുകള്‍ കിട്ടാനില്ലാത്ത അവസ്ഥയാണെന്ന് ആലപ്പുഴയിലെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പറയുന്നു. നവംബര്‍ തൊട്ടുള്ള മാസങ്ങളിലേക്ക് നല്ല ബുക്കിങ്ങാണ് ഹൗസ്ബോട്ടുകള്‍ക്ക് ലഭിക്കുന്നത്. യൂറോപ്പ്, അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍നിന്നാണ് അന്വേഷണം കൂടുതലും. അതേസമയം സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനു വേണ്ടി പല പല പാക്കേജുകളും ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആഭ്യന്തര സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് വേണ്ടി നിരവധി പദ്ധതികളാണ് ടൂറിസം വകുപ്പ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്. സഞ്ചാരികളുടെ ബാഹുല്യമൂലം തിരക്കേറിയ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ തങ്ങാതെ ഗ്രാമ പ്രദേശങ്ങളിലെ ഒറ്റപ്പെട്ട ഹോംസ്റ്റേകളിലും, കോട്ടേജുകളിലും താമസിക്കുന്നവരുടെ എണ്ണവും ഈ സീസണില്‍ കൂടുതലാണെന്ന് ടൂര്‍ ഓപ്പറേറ്ററുമാര്‍ പറയുന്നു. കുറഞ്ഞ ചിലവില്‍ താമസ സൗകര്യവും, നല്ല ഭക്ഷണവും ലഭിക്കുമെന്നതാണ് ഗ്രാമ പ്രദേശങ്ങളില്‍ താമസിക്കുവാന്‍ സഞ്ചാരികളെ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞവര്‍ഷം ആഭ്യന്തരസഞ്ചാരികളുടെ കാര്യത്തില്‍ 6.29 ശതമാനവും വിദേശികള്‍ 9.07 ശതമാനവുമാണ് വര്‍ധിച്ചത്. സീസണിലേക്കായി കൊച്ചി, മൂന്നാര്‍, തേക്കടി, കോവളം തുടങ്ങിയ കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് പാക്കേജുകളുംസഞ്ചാരികള്‍ക്കായി ട്രാവല്‍ ഏജന്‍സികള്‍ തയ്യാറാക്കിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.