ആറളം ഫാമിലെ വിജിലന്‍സ് പരിശോധന: ഇടത്-വലത് ഭരണക്കാലത്തെ 100 കോടിയിലധികം രൂപയുടെ അഴിമതി കണ്ടെത്തിയതായി സൂചന

Wednesday 21 December 2016 7:34 pm IST

കണ്ണൂര്‍: ആറളം ഫാമില്‍ വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയത് കഴിഞ്ഞ പത്തു വര്‍ഷക്കാലത്തിനിടയില്‍ നടന്ന ലക്ഷങ്ങളുടെ അഴിമതി. അഴിമതി സംബന്ധിച്ച കണക്കുകള്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ തിട്ടപ്പെടുത്തി വരുന്നതേയുളളുവെങ്കിലും 100 കോടി രൂപയിലധികം രൂപയുടെ അഴിമതി ആറളംഫാമില്‍ മാത്രം നടന്നതായി കണ്ടെത്തി എന്ന സൂചനകളാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നല്‍കുന്നത്. പരിശോധനയില്‍ കണ്ടെത്തിയ രേഖകളുടെയും മറ്റും അടിസ്ഥാനത്തില്‍ വ്യക്തമായ കണക്കുകള്‍ തിട്ടപ്പെടുത്തുന്നതോടെ ഞെട്ടിപ്പിക്കുന്ന അഴിമതിക്കഥകളാണ് ആറളഫാമില്‍ നിന്നും പുറത്തുവരാനിരിക്കുന്നതെന്നാണ് ലഭിക്കുന്ന സൂചനകള്‍. കാലങ്ങളായി സംസ്ഥാനം മാറിമാറി ഭരിച്ച ഇടത്-വലത് സര്‍ക്കാരുകളുടെ കാലത്ത് ആദിവാസികള്‍ക്ക് വേണ്ടി നടപ്പിലാക്കിയ പദ്ധതികളുടെ പേരിലും ഫാമുമായി ബന്ധപ്പെട്ട കാര്‍ഷിക വിഭവങ്ങളുടെ വിറ്റ് വരവിലും മറ്റുമുളള വരുമാനത്തിലുള്‍പ്പെടെ വന്‍ അഴിമതി ഫാമില്‍ നടന്നുവരുന്നതായി വിജിലന്‍സ് അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. ആദിവാസികള്‍ക്കായുളള വീടുകളുടെ നിര്‍മ്മാണം, ജലനിധി, ശുചിമുറികളുടെ നിര്‍മ്മാണം എന്നിവയിലാണ് വന്‍ അഴിമതി വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. വിഎസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുളള എല്‍ഡിഎഫ് സര്‍ക്കാരിന്റെയും ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുളള യുഡിഎഫ് സര്‍ക്കാരിന്റെയും കാലത്താണ് ആറളംഫാമില്‍ ഏറ്റവും വലിയ അഴിമതികള്‍ നടന്നതെന്നതിലേക്കാണ് അഴിമതിയുമായി ബന്ധപ്പെട്ട പുതിയ കണ്ടെത്തലുകള്‍ വിരല്‍ ചൂണ്ടുന്നത്. ചൊവ്വാഴ്ചയാണ് ഫാമിലെ ആദിവാസി പുനരധിവാസ മേഖലയിലും ഫാം ഓഫീസിലും വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസിന്റെ നേതൃത്വത്തിലുളള സംഘം സന്ദര്‍ശനം നടത്തി തെളിവെടുപ്പ് നടത്തിയത്. ഫാമിലും ഫാം ആദിവാസി പുനരധിവാസമേഖലയിലും നടത്തിയ വിവിധ പ്രവര്‍ത്തികളില്‍ കോടിക്കണക്കിനു രൂപയുടെ അഴിമതിയും സാമ്പത്തിക ക്രമക്കേടും നടന്നിട്ടുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു വിജിലന്‍സ് ഡയരക്ടരുടെ സന്ദര്‍ശനവും തെളിവെടുപ്പും. കോടിക്കണക്കിനു രൂപയുടെ അഴിമതിയും സാമ്പത്തിക ക്രമക്കേടും നടന്നിട്ടുണ്ടെന്ന റിപ്പോര്‍ട്ട് ശരിവെയ്ക്കുന്നതരത്തിലുളള തെളിവുകള്‍ മിന്നല്‍ പരിശോധനയില്‍ വിജിലന്‍സിന് ലഭിച്ചു കഴിഞ്ഞതായും അറിയുന്നു. ഫാമിലെ ആദിവാസി പുനരധിവാസ മേഖലയില്‍ ചെലവഴിക്കപ്പെട്ട കോടിക്കണക്കിനു രൂപയുടെ പണം വന്‍തോതില്‍ അഴിമതി നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ആദിവാസികള്‍ക്ക് തൊഴില്‍ നല്‍കാനായി നിര്‍മ്മിതികേന്ദ്രം നിര്‍മ്മിച്ച കെട്ടിടനിര്‍മ്മാണത്തില്‍ വന്‍ അഴിമതി നടന്നതായി വിജിലന്‍സിന് ബോധ്യപ്പെട്ടിട്ടുണ്ട്. കെട്ടിടങ്ങള്‍ മുഴുവന്‍ ഉപയോഗ ശൂന്യമാകാന്‍ കാരണം നിര്‍മ്മാണത്തിലെ അപാകതയാണ് കാരണമെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. സമ്പൂര്‍ണ്ണ ശുചിമുറിപദ്ധതിപ്രകാരം നിര്‍മ്മിച്ച ശുചിമുറികള്‍ പൂര്‍ണ്ണമായും ഉപയോഗശൂന്യമായി കിടക്കുകയാണ്. വന്‍ സാമ്പത്തിക ക്രമക്കേടുകളാണ് ശുചിമുറി നിര്‍മ്മാണത്തില്‍ നടന്നിരിക്കുന്നതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വീടുകള്‍ക്ക് പുകയില്ലാത്ത അടുപ്പുകള്‍ നിര്‍മ്മിച്ചതിലും ജലനിധി പദ്ധതിക്കായി കോടികള്‍ ചെലവാക്കിയിട്ടും കുടിവെള്ളം എത്തിക്കുന്നതിലുണ്ടായ വീഴ്ചയും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. ആറളഫാം മേഖലയിലെ പദ്ധതികളിലെ ഫണ്ട് വിനിയോഗത്തിന്റെ മുഴുവന്‍ റിപ്പോര്‍ട്ടുകളും വിജിലന്‍സ് പരിശോധിക്കുന്നുണ്ട്. 3500ലധികം ഹെക്ടറില്‍ വ്യാപിച്ചു കിടക്കുന്ന ഫാമിലെ വിവിധ വിളകളുമായി ബന്ധപ്പെട്ട വരുമാന ചോര്‍ച്ചയും അന്വേഷണ വിധേയമാക്കുന്നുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തെ കശുമാവ് കൃഷിയിലൂടെ ഉണ്ടായ വരുമാനത്തെക്കുറിച്ചും 250 ഹെക്ടറില്‍ വ്യാപിച്ചു കിടക്കുന്ന റബ്ബര്‍ കൃഷിയിലെ വരുമാനത്തെക്കുറിച്ചും വിജിലന്‍സ് അന്വേഷണം നടത്തിവരികയാണ്. കഴിഞ്ഞ പത്തു വര്‍ഷത്തെ വരുമാനത്തിന്റെയും ചെലവുകളുടെയും റിപ്പോര്‍ട്ട് പരിശോധനയ്‌ക്കെത്തിയ വിജിലന്‍സ് സംഘം ആവശ്യപ്പെട്ടിരുന്നു. കാലങ്ങളായി സംസ്ഥാനഭരണം കയ്യാളുന്ന ഇടത്-വലത് മുന്നണികള്‍ ആദിവാസികള്‍ക്കു വേണ്ടി ഒരു ഭാഗത്ത് കണ്ണീരൊഴുക്കുകയും മറുഭാഗത്ത് ആദിവാസികളെ ചൂഷണം ചെയ്ത് ആദിവാസി ക്ഷേമ ഫണ്ടുകളില്‍ വന്‍ അഴിമതി നടത്തിവരികയുമായിരുന്നുവെന്ന് ഫാമിലെ അഴിമതിയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.