ശുഭ പ്രതീക്ഷയില്‍ കോഴി വിപണി

Wednesday 21 December 2016 7:27 pm IST

ആലപ്പുഴ: ക്രിസ്മസിനോട് അനുബന്ധിച്ച് വിപണിയില്‍ മുന്നേറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ കോഴിവ്യാപാരികള്‍. മൂന്നു ലക്ഷത്തോളം ഇറച്ചിക്കോഴി ഫാമുകളാണ് സംസ്ഥാനത്തുള്ളത്. കച്ചവടക്കാരുടെ എണ്ണം ഒന്നര ലക്ഷത്തോളം വരും. ജില്ലയില്‍ വള്ളികുന്നം, ചേര്‍ത്തലയിലെ പള്ളിപ്പുറം എന്നിവിടങ്ങളിലാണ് ഫാമുകള്‍ ഏറെയുള്ളത്. എഴുന്നൂറോളം ഫാമുകളും 2800 ഓളം കോഴിക്കച്ചവടക്കാരും ജില്ലയിലുണ്ട്. നിലവില്‍ കിലോയ്ക്ക് 75 രൂപയാണ് മൊത്തക്കച്ചവട വില. ചില്ലറ വില്പന ശാലകളില്‍ 85-90 രൂപയോളമുണ്ട്. നല്ല കച്ചവടം നടക്കുന്ന സമയങ്ങളില്‍ ജില്ലയിലേക്ക് പ്രതിദിനം 65,000 70,000 കിലോയോളം ഇറച്ചിക്കോഴികള്‍ എത്തിയിരുന്നു. ഒരുവിധം മികച്ച കച്ചവടം നടക്കുന്ന കോഴിക്കടക്കാര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍പ്പോലും രണ്ട്, മൂന്നു ലക്ഷം രൂപയുടെ ഇടപാട് നടത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ അവതാളത്തിലായി. ഹോട്ടലുകളില്‍ നിന്നുള്ള ഓര്‍ഡറുകള്‍ കുറഞ്ഞതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ക്രിസ്മസിലേക്ക് കൂടുതല്‍ അടുക്കുമ്പോള്‍ കോഴിവില മൊത്തവിപണിയില്‍ കിലോയ്ക്ക് നൂറുരൂപയെങ്കിലും എത്തുമെന്നാണ് കച്ചവടക്കാര്‍ കരുതുന്നത്. കോഴി വിപണിക്കൊപ്പം താറാവു വിപണിയും നിലവില്‍ പ്രതിസന്ധിയിലാണ്. പക്ഷിപ്പനിയില്‍ നിന്ന് പതിയെ കരകയറുന്ന താറാവു കര്‍ഷകര്‍ക്ക് വിപണി കുറച്ചുകൂടി ഉണര്‍ന്നാല്‍ മാത്രമേ പ്രതീക്ഷിച്ച ഗുണമുണ്ടാവുകയുള്ളൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.