രാഹുലിന്റെ ചെയ്തികളില്‍ പൊറുതി മുട്ടി നേതാക്കള്‍

Wednesday 21 December 2016 7:45 pm IST

ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വാക്കുകളും പ്രവര്‍ത്തികളും തീരുമാനങ്ങളും പാര്‍ട്ടിക്ക് വിനയാകുന്നതായി മുതിര്‍ന്ന നേതാക്കള്‍. ഒരാളും പരസ്യമായി രംഗത്തുവരുന്നില്ലെങ്കിലും സ്വകാര്യ സംഭാഷണങ്ങളില്‍ അവര്‍ അങ്ങേയറ്റം അതൃപ്തരാണ്. പാര്‍ട്ടിയിലെ അവസ്ഥ സോണിയയെ ധരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഒരു വിഭാഗം നേതാക്കള്‍. മുതിര്‍ന്ന നേതാക്കളും ചെറുപ്പക്കാരായ നേതാക്കളും തമ്മില്‍ പാര്‍ട്ടിയില്‍ നാളുകളായി വലിയ ഭിന്നതയുണ്ടെങ്കിലും ഇപ്പോഴത് വല്ലാത്ത അവസ്ഥയില്‍ എത്തിയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ കടന്നാക്രമണമാണ് മുതിര്‍ന്ന നേതാക്കളില്‍ രോഷമുണ്ടാക്കിയ ഒടുവിലത്തെ സംഭവം. നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് മോദി അഴിമതി നടത്തിയെന്നും മോദിക്കെതിരെ തന്റെ കൈവശം വ്യക്തമായ തെളവുകളുണ്ടെന്നും അതു പുറത്തുവിടുമെന്നും രാഹുല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഒരു തെളിവു പോലും പുറത്തുവിടാന്‍ രാഹുലിന് കഴിഞ്ഞില്ല. മോദിക്കെതിരെ അത്രയും ശക്തമായാണ് രാഹുല്‍ രംഗത്തുവന്നത്. അതിനാല്‍ രാഹുല്‍ തെളിവും ഹാജരാക്കണം. അല്ലെങ്കില്‍ അത് രാഹുലിന്റെയും കോണ്‍ഗ്രസിന്റെയും പ്രതിഛായ തകര്‍ക്കും. ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ഇത്തരമൊരു ആരോപണം ഉന്നയിച്ചതിനു പിന്നാലെ രാഹുല്‍ മോദിയെ സന്ദര്‍ശിക്കുകയും ചെയ്തു, പ്രതിപക്ഷത്തെ വളരെ കഷ്ടപ്പെടാണ് ഒന്നിപ്പിച്ചത്. ആ സമയത്തായിരുന്നു രാഹുലിന്റെ മോദി സന്ദര്‍ശനം. അതോടെ പ്രതിപക്ഷ ഐക്യം തകര്‍ന്നു. കരസേനാ മേധാവിയുടെ നിയമനം സംബന്ധിച്ചും കോണ്‍ഗ്രസില്‍ രണ്ടഭിപ്രായമായി. മനീഷ് തിവാരിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം കരസേനാ മേധാവിയുടെ നിയമനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു. അതേ സമയം രാഹുലിന്റെ വലം കൈയായ സത്യവ്രത് ചതുര്‍വേദി സര്‍ക്കാര്‍ നടപടിയെ പിന്തുണച്ചു. മുതിര്‍ന്ന നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. പാര്‍ട്ടിയില്‍ കൃത്യമായ ആശയവിനിമയം പോലും ഇന്ന് സാധ്യമല്ലാതായി. പ്രധാന വിഷയങ്ങളില്‍ എന്തു നിലപാട് എടുക്കണമെന്നുപോലും നിശ്ചയമില്ലാതായി, അത് ചര്‍ച്ച ചെയ്യാതെയുമായി. രാഹുലിന്റെ നേതൃത്വത്തിലും കഴിവിലും അവിശ്വാസം രേഖപ്പെടുത്തി നേതാക്കള്‍ പറയുന്നു. യുപിയില്‍ രാഹുല്‍ സ്വന്തം തീരുമാനപ്രകാരം റാലികള്‍ നടത്തിയതോടെ റീത്ത ബഹുഗുണയടക്കം നിരവധി പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.