നാട്ടകം പോളിയിലെ ദളിത് പീഡനം: ബഹുജന മാര്‍ച്ചിന് നേരെ പോലീസ് അതിക്രമം

Wednesday 21 December 2016 8:46 pm IST

പോലീസ് മുഖം… കോട്ടയം നാട്ടകം ഗവ. പോളിയിലെ ദളിത് പീഡനത്തിനെതിരെ സംഘപരിവാര്‍ നേതൃത്വത്തില്‍ കളക്ട്രറ്റിലേക്ക് നടന്ന ബഹുജന മാര്‍ച്ചില്‍ പങ്കെടുത്ത പ്രവര്‍ത്തകനെ അകാരണമായി കസ്റ്റഡിയിലെടുത്ത് തല പോലീസ് വാഹനത്തില്‍ ഇടിപ്പിച്ച് പരിക്കേല്‍പ്പിക്കുന്ന പോലീസുകാരന് -വി.ബി. ശിവപ്രസാദ്‌

കോട്ടയം: നാട്ടകം പോളിടെക്‌നിക്ക് കോളേജിലെ ദളിത് പീഡനത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കോട്ടയം കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് അതിക്രമം. പോലീസിന്റെ ലാത്തിച്ചാര്‍ജ്ജിലും കണ്ണീര്‍വാതക പ്രയോഗത്തിലും ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി, ജില്ലാ ജനറല്‍ സെക്രട്ടറി ലിജിന്‍ലാല്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഖില്‍ രവീന്ദ്രന്‍, മഹിളാ ഐക്യവേദി ജില്ലാ സെക്രട്ടറി ആശ അജികുമാര്‍, ടീച്ചേഴ്‌സ് സെല്‍ ജില്ലാ കണ്‍വീനര്‍ ദേവകിടീച്ചര്‍, ഏറ്റുമാനൂര്‍ നഗരസഭാ കൗണ്‍സിലര്‍ പുഷ്പലത, മഹിളാമോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് രമ അടക്കം പതിന്നൊന്ന് പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ കോട്ടയത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ 11 മണിയോടെ തിരുനക്കരയില്‍ നിന്നാണ് പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചത്. കെ.കെ. റോഡു വഴി കളക്ടറേറ്റ് നടയില്‍ മാര്‍ച്ച് എത്തിയപ്പോള്‍ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് മാര്‍ച്ച് തടഞ്ഞു. ബാരിക്കേഡിനെ പ്രതിരോധിക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതിനിടെ കളക്ടറേറ്റിലെ രണ്ടാം ഗേറ്റിലും പ്രതിഷേധക്കാര്‍ എത്തി. ഇതോടെ കളക്‌ട്രേറ്റിനുള്ളില്‍ നിന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെയും പോലീസിനു നേരെയും ആദ്യം കല്ലേറുണ്ടായി. ഇതേത്തുടര്‍ന്ന് മാര്‍ച്ചില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് ലാത്തിവീശി.

ലാത്തിച്ചാര്‍ജ്ജില്‍ പ്രവര്‍ത്തകര്‍ ചിതറിയോടുന്നതിനിടെ പോലീസിന് നേരെ വഴിയോരത്തുനിന്ന് കല്ലേറ് വന്നു. ഇതോടെ നിയന്ത്രണംവിട്ട പോലീസ് കണ്ണില്‍കണ്ടവര്‍ക്കുനേരെ പാഞ്ഞുകയറി. ഇതിനിടെ ഒരു ഡസനിലേറെ കണ്ണീര്‍വാതക ഷെല്ലുകളും പ്രയോഗിച്ചു. പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിക്കുന്നതു കണ്ട് തടയാനെത്തിയ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിയേയും പോലീസ് വളഞ്ഞിട്ടുതല്ലി. പോലീസിന്റെ അടിയേറ്റ് വീണ ഹരിയെ എണീറ്റുനില്‍ക്കാന്‍ സഹായിക്കാനെത്തിയ പ്രവര്‍ത്തകരെയും പോലീസ് ക്രൂരമായി തല്ലിച്ചതച്ചു. ഇതിനിടെ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ലിജിന്‍ലാലിനെ പോലീസ് ഓടിച്ചിട്ട് അടിച്ചു. പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാനെത്തിയ ലിജിന്‍ലാലിനെ പിന്നില്‍നിന്നും പോലീസ് അടിച്ചു. പിന്നീട് കൂടുതല്‍ പോലീസെത്തി വളഞ്ഞിട്ട് തല്ലിച്ചതച്ചു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഖില്‍ രവീന്ദ്രന്‍ പോലീസിന്റെ അടിയേറ്റ് വീണിട്ടും മര്‍ദ്ദനം തുടര്‍ന്നു. പോലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ മിക്കവര്‍ക്കും തലയ്ക്ക് സാരമായി പരിക്കുണ്ട്.

നാട്ടകം ഗവ.പോളിടെക്‌നിക്കിലെ വിദ്യാര്‍ത്ഥികളെ എസ്എഫ്‌ഐക്കാര്‍ റാഗിങിന് വിധേയമാക്കിയതിലൂടെ ഒരു ദളിത് വിദ്യാര്‍ത്ഥിക്ക് വൃക്കകള്‍ക്ക് ക്ഷതം സംഭവിച്ചിരുന്നു. ദളിത് വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന ഹോസ്റ്റല്‍ മുറിയെ പുലയക്കുടില്‍ എന്ന് വിളിച്ചാക്ഷേപിക്കുകയും ചെയ്തിരുന്നു. പുറത്തുനിന്നുള്ളവരുടെയും ചില അദ്ധ്യാപകരുടെയും ഒത്താശയോടെ എസ്എഫ്‌ഐക്കാര്‍ നടത്തിയ ക്രൂരമായ റാഗിങിനും ദളിത് പീഡനത്തിനുമെതിരെ സംഘപരിവാര്‍ സംഘടനകള്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ത്തി വരുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ക്കുനേരെ എസ്എഫ്‌ഐക്കാര്‍ അക്രമം അഴിച്ചുവിട്ടിരുന്നു. ഇവര്‍ക്കെതിരെ കേസെടുക്കാന്‍ പോലും കൂട്ടാക്കാതിരുന്ന പോലീസ് ഇന്നലെ പ്രതിഷേധമാര്‍ച്ച് തല്ലിയൊതുക്കാനുള്ള നീക്കമാണ് നടത്തിയത്. പരമാവധി ആളുകളെ അടിച്ചുവീഴ്ത്താനുള്ള നിര്‍ദ്ദേശം ഉന്നത പോലീസ് ഓഫീസര്‍മാര്‍ തുടര്‍ച്ചയായി നല്‍കുന്നുണ്ടായിരുന്നു. പോലീസിന്റെ ഭീകരമര്‍ദ്ദനത്തെ തുടര്‍ന്ന് കളക്‌ട്രേറ്റ് കവാടത്തില്‍ മാര്‍ച്ച് ഉദ്ഘാടനം നിര്‍വ്വഹിക്കാനോ, നേതാക്കള്‍ക്ക് സംസാരിക്കാനോ സാധിച്ചില്ല.

ദളിത് പീഡന സംഭവങ്ങള്‍ പൊതുജനമധ്യത്തില്‍ എത്താതിരിക്കുവാനുള്ള സിപിഎം താല്‍പര്യപ്രകാരമാണ് പോലീസ് ഇന്നലെ പ്രവര്‍ത്തിച്ചതെന്ന് ബിജെപി വക്താവ് അഡ്വ. ജയസൂര്യന്‍ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ഇന്ന് ജില്ലയിലുടനീളം പന്തംകൊളുത്തി പ്രകടനങ്ങള്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.