കൊച്ചി യോഗ്യര്‍: സെപ്പി

Wednesday 21 December 2016 9:40 pm IST

മുംബൈ: ഒടുവില്‍ ജാവിയര്‍ സെപ്പി നിലപാട് മാറ്റി. അണ്ടര്‍ 17 ഫിഫ ലോകകപ്പിലെ ഏതു മത്സരങ്ങള്‍ക്ക് വേദിയൊരുക്കാനും കൊച്ചി യോഗ്യരെന്ന് ടൂര്‍ണമെന്റ് ഡയറക്ടര്‍ ജാവിയര്‍ സെപ്പി. ഐഎസ്എല്‍ ഫൈനലില്‍ തോറ്റിട്ടും സംയമനം പാലിച്ച കൊച്ചിയിലെ കാണികളാണ് തന്റെ അഭിപ്രായം തിരുത്തിച്ചതെന്നും സെപ്പി പറഞ്ഞു. ഐഎസ്എല്‍ പ്രാഥമിക റൗണ്ടില്‍ ബ്ലാസ്റ്റേഴ്‌സ്-നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡ് മത്സരത്തിനിടയുണ്ടായ അക്രമസംഭവങ്ങളാണ് കൊച്ചിയെ സംശയനിഴലില്‍ നിര്‍ത്തിയത്. ഫിഫയുടെ കണക്കില്‍ ഇത്തരം സംഭവങ്ങള്‍ കളിക്കളത്തിലെ കലാപങ്ങളുടെ ഗണത്തില്‍ പെടുത്തുമെന്നും ലോകകപ്പില്‍ കൊച്ചിക്ക് തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഫൈനലില്‍ ഇത്രയേറെ കാണികളുണ്ടായിട്ടും ടീം തോറ്റിട്ടും അവര്‍ സമാധാനപരമായി പിരിഞ്ഞുപോയി. അതിനാല്‍ സംശയങ്ങളെല്ലാം നീങ്ങി, സെപ്പി പറഞ്ഞു. ലോകകപ്പിലെ ഏതു മത്സരവും കൊച്ചിയില്‍ നടത്താം. എന്നാല്‍, ഏതൊക്കെയെന്ന് പറയാറായിട്ടില്ല. സെമി, ഫൈനല്‍ മത്സരങ്ങള്‍ മാത്രമല്ല, പ്രാഥമിക റൗണ്ടിലെ പ്രധാന മത്സരങ്ങള്‍ക്കും കൊച്ചിയെ പരിഗണിക്കുമെന്നും സെപ്പി പറഞ്ഞു. 2017 ഒക്ടോബര്‍ ആറു മുതല്‍ 28 വരെയാണ് അണ്ടര്‍ 17 ലോകകപ്പ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.