എംജി സര്‍വകലാശാല അത്‌ലറ്റിക് മീറ്റിന് തുടക്കം

Wednesday 21 December 2016 10:18 pm IST

കൊച്ചി: പുതിയ രണ്ട് മീറ്റ് റെക്കോഡിന്റെ തിളക്കത്തില്‍ എംജി സര്‍വകലാശാല അത്‌ലറ്റിക് മീറ്റിന് തുടക്കം. എറണാകുളം മഹാരാജാസ് സിന്തറ്റിക് ട്രാക്കില്‍ നടന്ന 3,000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസ് പുരുഷ വിഭാഗത്തില്‍ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജിലെ ബിനു പീറ്ററും വനിത വിഭാഗത്തില്‍ പാല അല്‍ഫോന്‍സ കോളേജിലെ ഏയഞ്ചല്‍ ജെയിംസുമാണ് ആദ്യ ദിനത്തിലെ താരങ്ങളായത്. ബിനു 9:38.60 മിനിറ്റില്‍ റെക്കോഡിട്ടപ്പോള്‍ ഏയ്ഞ്ചല്‍11:15.8 മിനിറ്റിനാണ് വിജയവര കടന്നത്. സ്റ്റീപ്പിള്‍ ചേസില്‍ ചങ്ങനാശേരി എസ്ബി കോളേജിലെ താരങ്ങളായ ക്രിസ്റ്റിയന്‍ വില്‍സണ്‍(9:43.90), അഭിജിത് ആന്റണി(10:24) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്തെത്തിയത്. കഴിഞ്ഞ വര്‍ഷം ക്രിസ്റ്റിയന്‍ വില്‍സണ്‍ സ്ഥാപിച്ച 9:48.19ന്റെ റെക്കോഡാണ് ബിനു പീറ്റര്‍ തിരുത്തിയത്. വനിതാ വിഭാഗത്തില്‍ പാല അല്‍ഫോണ്‍സ കോളേജിലെ എം.എസ്. ശ്രുതി(11:28), ചങ്ങനാശേരി അസംപ്ഷന്‍ കോളേജിലെ കെ.എല്‍. കൊച്ചുത്രേസ്യ(12:1.90) എന്നിവരും രണ്ടും മൂന്നും സ്ഥാനത്തെത്തി. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന വനിത ഹാഫ് മാരത്തണില്‍ അസംപ്ഷന്‍ കോളേജിലെ ജോസിയ ജോര്‍ജ് 1:25.38ന് ഫിനിഷ് ചെയ്തു. പാല അല്‍ഫോന്‍സ കോളേജിലെ താരങ്ങളായ ഗോപിക ആര്‍ നായര്‍(1:25.56),അനശ്വര വി കൃഷ്ണ(1:29.5) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനക്കാരായി. പുരുഷ വിഭാഗത്തില്‍ ചങ്ങനാശേരി എസ്ബി കേളേജിലെ റ്റിബിന്‍ ജോസഫ് 1:15.28ല്‍ വിജയിയായി. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജിലെ സാജന്‍ പി കുര്യാക്കോസ്(1:17.38), കോതമംഗലം എംഎ കോളേജിലെ ജിബിന്‍ തോമസ്(1:20.28) എന്നിവരും രണ്ടും മൂന്നും സ്ഥാനത്തെത്തി. മീറ്റ് വ്യാഴം, വെള്ളി ദിവസങ്ങളില്‍ കോതമംഗലം എംഎ കോളേജില്‍ തുടരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.