നഗരത്തെ മുള്‍മുനയില്‍നിര്‍ത്തി പോലീസ് നരനായാട്ട്

Wednesday 21 December 2016 10:45 pm IST

കോട്ടയം: നാട്ടകം ഗവ.പോളിടെക്‌നിക്ക് കോളേജില്‍ എസ്എഫ്‌ഐക്കാര്‍ നടത്തിയ ദളിത് പീഡനത്തില്‍ പ്രതിഷേധിച്ച് കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് നരനായാട്ട്. പോലീസ് നടപടി നഗരത്തെ മണിക്കൂറുകളോളം ഭീതിയിലാഴ്ത്തി. ഇന്നലെ രാവിലെ 11മണിയോടെ തിരുനക്കരയില്‍ നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ചില്‍ സ്ത്രീകളടക്കം നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്. മാര്‍ച്ച് കളക്ടറേറ്റിലേക്ക് പ്രവേശിക്കാതിരിക്കാന്‍ ഒരുഗേറ്റില്‍ മാത്രം ബാരിക്കേഡുകള്‍വച്ച് ഉപരോധം തീര്‍ത്ത പോലീസ് മറ്റ് ഗേറ്റുകളില്‍ മതിയായ സുരക്ഷ ഒരുക്കിയിരുന്നില്ല. പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ സ്വാഭാവികമായും തുറന്ന്കിടന്ന മറ്റ് ഗേറ്റിലേക്ക് നീങ്ങി. ഇതിനിടെ കളക്ടറേറ്റ് വളപ്പില്‍ നിന്നും പ്രകടനക്കാര്‍ക്ക് നേരെ കല്ലേറുണ്ടായി. ഗേറ്റിലെത്തി പ്രതിഷേധം പ്രകടിപ്പിക്കുന്നതിനിടെ പോലീസും പ്രകടനക്കാര്‍ക്ക് നേരെ തിരിഞ്ഞു. ഇതിനിടയില്‍ പോലീസിനു നേരെയും പ്രകടനക്കാര്‍ക്ക് നേരെയും കല്ലേറുണ്ടായി. ഇതോടെ പോലീസുകാര്‍ ബഹുജനമാര്‍ച്ചില്‍ പങ്കെടുത്ത സ്ത്രീകളടക്കമുള്ളവര്‍ക്ക് നേരെ തിരിഞ്ഞു. പോലീസ് ലാത്തിച്ചാര്‍ജ്ജില്‍ പിന്തിരിഞ്ഞ് ഓടുന്നതിനിടെ റോഡില്‍വീണവരെപ്പോലും പോലീസ് വെറുതെ വിട്ടില്ല. പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് അതിക്രമം ഉണ്ടാകുന്നത് കണ്ട് പിന്തിരിപ്പിക്കാനെത്തിയ ബിജെപി ജില്ലാ നേതാക്കളെയും പോലീസ് വളഞ്ഞിട്ട് തല്ലി. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി, ജില്ലാ ജറല്‍ സെക്രട്ടറി ലിജിന്‍ലാല്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഖില്‍ രവീന്ദ്രന്‍, കര്‍ഷമോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.വി.നാരായണന്‍, ബിജെപി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി വി.പി.മുകേഷ്, മഹിളാ ഐക്യവേദി ജില്ലാ സെക്രട്ടറി ആശ അജികുമാര്‍, ടീച്ചേഴ്‌സ് സെല്‍ ജില്ലാ കണ്‍വീനര്‍ ദേവകിടീച്ചര്‍, ഏറ്റുമാനൂര്‍ നഗരസഭാ കൗണ്‍സിലര്‍ പുഷ്പലത, മഹിളാമോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് രമ അടക്കം പതിനൊന്നോളം പേര്‍ക്കാണ് പോലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റത്. പോലീസിന്റെ ടിയര്‍ഗ്യാസ് പ്രയോഗത്തില്‍ ജനംടിവി റിപ്പോര്‍ട്ടര്‍ ശ്രീജിത്തിന് ശ്വാസതടസ്സം ഉണ്ടായി. ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ജില്ലാ നേതാക്കളായ എന്‍.ഹരി, ലിജിന്‍ലാല്‍, അഖില്‍ രവീന്ദ്രന്‍, ആശാ അജികുമാര്‍ തുടങ്ങിയവര്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി. വനിതാനേതാക്കളായ ദേവകി ടീച്ചര്‍ പരിപ്പ് മെഡികെയര്‍ ആശുപത്രിയിലും, പുഷ്പലത കാരിത്താസ് ആശുപത്രിയിലുമാണ് ചികിത്സതേടിയത്. പ്രവര്‍ത്തകര്‍ പിരിഞ്ഞ്‌പോയിട്ടും പോലീസ് കളക്ടറേറ്റിന് മുന്നിലെ റോഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നിലകൊണ്ടു. പിന്നീട് അതുവഴി കടന്നുപോയ സംഘപരിവാര്‍ പ്രവര്‍ത്തകരെയും മര്‍ദ്ദിക്കുകയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. മനു, ശ്രീനിവാസന്‍, സുമേഷ്, ജിഷ്ണു, അരുണ്‍ജിത്ത്, ഷൈജു തുടങ്ങിയ ആറോളം പേരെ കയ്യില്‍ കെട്ടിയിരുന്ന രാഖി നോക്കി പലയിടങ്ങളില്‍നിന്നായി പോലീസ് കസ്റ്റഡിയിലെടുത്തു. സംസ്ഥാനത്തൊട്ടാകെ പരിധിയില്ലാതെ ദളിത് പീഡനങ്ങള്‍ വര്‍ദ്ധിക്കുമ്പോഴും ഭരണകൂടം ലാഘവബുദ്ധിയോടെ ഇതിനെക്കാണുകയും പീഡനങ്ങളെ പ്രതിരോധിക്കാതെ പ്രോത്സാഹിപ്പിക്കുകയും ദളിത് പീഡനങ്ങളെ എതിര്‍ക്കുന്നവരെ അടിച്ചമര്‍ത്തുകയും ചെയ്യുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇന്നലെ കളക്ടറേറ്റിന് മുന്നില്‍ നടന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ബഹുജനമാര്‍ച്ചിന് നേരെ അക്രമം അഴിച്ചുവിടുന്നതിനിടെ ഡിവൈഎസ്പി അജിത്തിനടക്കം നാലുപോലീസുമാര്‍ക്കും പരിക്കേറ്റു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.