ഉറക്കമില്ലാതെ കുമളി; അയ്യപ്പന്മാരുടെ തിരക്കേറി ഒപ്പം വിനോദ സഞ്ചാരികളും

Thursday 22 December 2016 8:46 pm IST

കുമളി: കേരളത്തിന്റെ വിനോദ സഞ്ചാര ഭൂപടത്തില്‍ തന്റേതായ സ്ഥാനം വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഉറപ്പിച്ച ഒരു ചെറുഗ്രാമമാണ് കുമളി. ഇടുക്കിയുടെ അതിര്‍ത്ഥി പ്രദേശമായ ഇവിടം എക്കാലവും നാനാജാതി-മത-ഭാഷ സംസാരിക്കുന്നവരുടെ സംഗമസ്ഥാനവുമാണ്. താല്‍ക്കാലികമായി എത്തുന്നവരും ടൂറിസം മേഖലയായതിനാല്‍ ജോലിക്കെത്തുന്നവരും ഇതില്‍പെടും. രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നും വിദേശത്ത് നിന്നും തേക്കടിയില്‍ എത്തുന്ന സഞ്ചാരികള്‍ വൈകുന്നേരം കവാടമായ കുമളിയില്‍ ഒത്തുകൂടുന്നത് നിത്യകാഴ്ച്ചയാണ്. മണ്ഡലകാലമായാല്‍ ഈ സംഗമത്തിന് ഭക്തിയുടെ അന്തരീക്ഷവും പ്രാര്‍ത്ഥനകളുടെ അലയടികളിവും വന്നു ചേരുമെന്ന് മാത്രം. ഒരു മണ്ഡലകാലം കൂടി അവസാനിക്കാന്‍ അടുത്തെത്തി നില്‍ക്കെ ശരണ മന്ത്രങ്ങള്‍ ഈ അതിര്‍ത്തി ടൗണിനെ ശബ്ദ മുഖരിതമാക്കുകയാണ്. ജില്ലയില്‍ ഉറക്കമില്ലാത്ത ഒരു ടൗണായി കുമളിയെ മാറ്റുന്നതും ഇത് തന്നെയാണ്. പുലരുവോളം  തുറന്നിരിക്കുന്ന സുഗന്ധ വ്യഞ്ജന വ്യാപാര ശാലകള്‍, അപ്പപ്പോള്‍ തയ്യാര്‍ ചെയ്യുന്ന ഭക്ഷ്യവിഭവങ്ങളുമായി തട്ടുകടകള്‍, കമ്പിളി പുതപ്പും ഉടുപ്പുകളും വില്പന നടത്തുന്നവര്‍, ആരെയും ആകര്‍ഷിക്കുന്ന കരകൗശല ശാലകള്‍, പുരാതന വസ്തുക്കളുടെ വിപുല ശേഖരവുമായി കാശ്മീരി വില്പ്പനശാലകള്‍, കളിക്കോപ്പുകള്‍ കച്ചവടം ചെയ്യുന്നവര്‍ ഇവയെല്ലാം കുമളിയുടെ മാത്രം പ്രത്യേകതയാണ്. പൂരപ്പറമ്പില്‍ എത്തുന്ന പ്രതീതിയാണ് വൈകുന്നേരം ഇവിടെയെത്തിയാല്‍. രാപകലില്ലാതെ സന്നിധാനത്തേയ്് ക്കും, തിരിച്ചും പോകുന്ന ആയിരകണക്കിന് സ്വാമി ഭക്തര്‍ ഇവരുടെ കച്ചവടം ലക്ഷ്യം വച്ച് ആരംഭിച്ചിരിക്കുന്ന താത്കാലിക സ്‌പൈസസ് വ്യാപാരത്തിന്റെ നിരവധി വില്പ്പന ശാലകളും ഉണ്ട്. കോടിക്കണക്കിന് രൂപയുടെ വ്യാപാരമാണ് മണ്ഡല മകരവിളക്ക് കാലത്ത് മാത്രം കുമളിയില്‍ നടക്കുന്നത്. തദ്ദേശീയരെക്കാള്‍ കൂടുതല്‍ മറ്റ് നാട്ടുകാര്‍ ലക്ഷങ്ങള്‍ തറ വാടക നല്‍കി ചുരുക്കം ദിവസങ്ങളിലേക്ക് മാത്രം കച്ചവടത്തിനെത്തുമ്പോള്‍ തന്നെ തിരിച്ചറിയാം വ്യാപാരത്തിന്റെ അളവ്. മണ്ഡലകാലത്ത് രാത്രി മുഴുവന്‍ കുമളിയില്‍ കച്ചവട സ്ഥാപനങ്ങള്‍ തുറന്നിരിക്കും. അന്തര്‍സംസ്ഥാന ബസ് സര്‍വീസുകളും,  ആയിരകണക്കിന് സ്വാമിമാരുടെ വാഹനങ്ങളും മുഴുവന്‍ രാത്രിയിലും ഓടിക്കൊണ്ടിരിക്കും. പമ്പയിലേതുപോലെ  അര്‍ദ്ധരാത്രിയിലും ഗതാഗതം നിയന്ത്രിക്കാന്‍ സന്നദ്ധരായി  പോലീസ് ഉദ്യോഗസ്ഥരും സജീവമാണ്..

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.