വനവല്‍ക്കരണ പദ്ധതി പ്രദേശത്ത് സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം

Thursday 22 December 2016 8:48 pm IST

കാഞ്ഞാര്‍: കുടയത്തൂരില്‍ പ്രവര്‍ത്തിക്കുന്ന വനം വകുപ്പിന്റെ സാമൂഹ്യ വനവല്‍ക്കരണ പദ്ധതി പ്രദേശത്ത് സാമുഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം. പദ്ധതിക്കായി തൈകള്‍ വച്ചുപിടിപ്പിക്കുവാന്‍ ഉപയോഗിക്കുന്ന പ്രദേശവും ഷെഡും തീയിട്ട് നശിപ്പിച്ച നിലയില്‍. വനംവകുപ്പ് വാച്ചറുടെ മലങ്കര ജലാശയത്തിനരികെ കിടന്നിരുന്ന രണ്ട് ഫൈബര്‍ വള്ളങ്ങളും തീയിട്ട് നശിപ്പിച്ചിട്ടുണ്ട്. ഉദ്ദേശം 50000 രൂപ വില വരുന്നവയാണ് ഇവ. 2000 ത്തോളം തൈകളും കരിഞ്ഞ് പോയിട്ടുണ്ട്. പണിയായുധങ്ങളായ തൂമ്പ, കത്തി എന്നിവയും ഷെഡും പൂര്‍ണ്ണമായും കത്തിനശിച്ചു. ഈ പ്രദേശം കൈയ്യേറുവാനുള്ള ആസൂത്രിത നീക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് കരുതുന്നത്. മലങ്കര ജലാശയത്തിന്റെ വിസ്തൃതമായ ഭാഗത്താണ് തേക്ക് തൈ, മഹാഗണി തുടങ്ങിയ ഉള്‍പ്പെടെയുള്ള വൃക്ഷതൈകള്‍ നട്ടുപിടിപ്പിച്ച് മറ്റ് സ്ഥലങ്ങളിലേക്ക് എത്തിക്കുന്നത്. ഏകദേശം ഒരേക്കറോളം വരുന്ന പ്രദേശം വനം വകുപ്പിന്റെ കീഴിലാണ്. ഇതിന് സമീപത്തായി എംവിഐപി വക സ്ഥലവും ഉണ്ട്. ഇവിടെ ഫുട്‌ബോള്‍ ഗ്രൗണ്‍് നിര്‍മ്മാണത്തിന്റെ മറവിലാണ് അതിക്രമം എന്നാണ് വിവരം. വനംവകുപ്പ് വാച്ചറായ കുടയത്തൂര്‍ നാരമംഗലത്ത് സോമനാണ് സ്ഥലത്തിന്റെ മേല്‍നോട്ട ചുമതല. അടുത്തിടെ ഫുട്‌ബോള്‍ മാച്ചിനെന്ന വ്യാജേന സ്ഥലം തെളിക്കാന്‍ ശ്രമിച്ചത് സോമന്‍ തടഞ്ഞിരുന്നു. വനം വകുപ്പില്‍ വിവരമറിയിക്കുകയും ഇവര്‍ സ്ഥലത്തെത്തുകയും ചെയ്തിരുന്നു. അതേ സമയം പരാതി നല്‍കിയിട്ടും ഇത് വരെ പോലീസിന്റെ ഭാഗത്ത് നിന്നും കാര്യമായ പ്രതികരണങ്ങളൊന്നും ലഭിച്ചില്ലെന്ന് സോമന്‍ പറയുന്നു. വനം വകുപ്പും പ്രത്യേകം പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് വാച്ചറെ പുറത്താക്കി സ്ഥലം കയ്യേറാനുള്ള ശ്രമമാണ് നടക്കുന്നതെന്ന ആരോപണം ശക്തമാണ്. മേഖലയിലെ പ്രബലവിഭാഗക്കാരാണ് ഇതിന് പിന്നിലെന്നും വിവരമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.