കണ്ണൂര്‍: പിഎഫ് പെന്ഷന് കൈപ്പറ്റുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സാമൂഹ്യ സുരക്ഷാ പെന്ഷന് നിര്‍ത്താലാക്കാന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് പിഎഫ് പെന്‍ഷന്‍കാര്‍ പ്രക്ഷോഭത്തിലേക്ക്. പ്രക്ഷോഭത്തിന്റെ ഭാഗമായി 27 ന് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മുമ്പില്‍ പ്രോവിഡന്റ് ഫണ്ട് പെന്‍ഷനേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ധര്‍ണ്ണ നടത്തും. സ്വന്തം വേതനത്തില്‍ നിന്നും പിഎഫിലേക്ക് കോണ്ട്രിബ്യൂഷന് അടച്ചതിന് ആയിരം രൂപയില്‍ താഴെ മാത്രം പെന്ഷന് ലഭിക്കുന്ന പിഎഫ് പെന്‍ഷന്‍കാര്‍ക്ക് മറ്റ് യാതൊരു പെന്‍ഷനും അര്‍ഹതയില്ലെന്ന് പറയുന്നത് നീതിനിഷേധമാണെന്ന് പ്രോവിഡന്റ് ഫണ്ട് പെന്‍ഷനേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു. 1 ലക്ഷം രൂപയില്‍ താഴെ വരുമാനമുളള 60 വയസ്സ് തികഞ്ഞ മുഴുവന്‍ ആളുകള്‍ക്കും ഒന്നിലധികം ക്ഷേമപെന്ഷന് ലഭിക്കാനാവശ്യമായ തീരുമാനം സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നും അസോസിയേഷന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് സി.പി.ദാമോദരന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.നാരായണന്, എ.വി.മോഹനന്, കെ.ഇ.ഗംഗാധരന്, കെ.പത്മനാഭന്, പി.പി.ദാമോദരന്‍, എന്‍.രാമകൃഷ്ണന്, ടി.കെ.പവിത്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: