ലവകുശന്മാരുടെ ഗാനാലാപനം

Thursday 22 December 2016 9:56 pm IST

ശ്രേഷ്ഠമായ ശ്രീരാമന്റെ ജീവിതത്തിന്റെ നന്മകളെ ജനങ്ങള്‍ ഉള്‍ക്കൊണ്ട് നല്ലവരായി നല്ല മൂല്യങ്ങളെ സമുദായത്തില്‍ പരിപോഷിപ്പിച്ചെടുത്ത് സമുദായം ശ്രേയസ്സിലേക്ക് നയിക്കപ്പെടട്ടെ എന്നായിരിക്കണം മഹര്‍ഷിയുടെ ആഗ്രഹം. ആ ആഗ്രഹത്തിനെ സഫലീകരിക്കാനോ എന്നു തോന്നുമാറ് നാരദ മഹര്‍ഷി വാല്മീകിയുടെ ആശ്രമത്തില്‍ ആ സമയത്ത് വന്നുകയറി. താന്‍ രചിക്കുവാനുദ്ദേശിക്കുന്ന മഹാകാവ്യത്തിലെ നായകനാകുമാറ് യോഗ്യതകളെല്ലാം തികഞ്ഞിട്ടുള്ളവനായി അവിടുത്തെ അറിവില്‍ ഈ ലോകത്തില്‍ ആരെങ്കിലും ഉണ്ടെങ്കില്‍ പറഞ്ഞുകേട്ടാല്‍ കൊള്ളാം എന്ന വാല്മീകിയുടെ ചോദ്യത്തിന് ഉത്തരമായി ഭക്തശിരോമണിയായ നാരദന്‍, മഹര്‍ഷിയുടെ ഉദ്ദേശ്യത്തെ പൂര്‍ണമായി മനസ്സിലാക്കി, അക്കാലത്ത് രാജ്യം ഭരിച്ചുകൊണ്ടിരുന്ന ശ്രീരാമചന്ദ്രനെപ്പറ്റി വിശദമായി പറഞ്ഞുകൊടുത്തു. ആ മഹത്തായ ജീവിതചരിത്രത്തിന്റെ രത്‌നച്ചുരുക്കത്തെയും തൊണ്ണൂറ്റി മൂന്ന് മനോഹരങ്ങളായ ശ്ലോകങ്ങള്‍കൂടി വാല്മീകിയെ പാടി കേള്‍പ്പിച്ചു എന്നു മാത്രമല്ല, ശ്രീരാമകഥ കേട്ടാല്‍ ഒരുവനുണ്ടാകുന്ന മാനസിക-ആധ്യാത്മിക-സമുന്നതികളുടെ വിവരണംകൂടി മുനി രാമായണ കഥ പഠിക്കാന്‍ ആരംഭിക്കുന്ന നമ്മളെയെല്ലാവരേയും ഉത്സാഹിപ്പിച്ചും ഉത്തേജിപ്പിച്ചും ഇപ്രകാരം അതില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു. നാരദമുനിയുടെ പ്രവചനത്തിന്റെ ഫലം രാമായണ പാരായണത്തില്‍ കൂടി നമുക്കേവര്‍ക്കും ലഭ്യമാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ ഈ ആശ്രമത്തിലേക്ക് ശ്രദ്ധാ ഭക്തി പുരസ്സരം നമുക്ക് കടന്നു ചെല്ലാം. സവിശേഷ സന്ദര്‍ഭം രാമായണ കഥയുടെ ഉത്ഭവമുണ്ടായ ആ ദിവ്യമുഹൂര്‍ത്തത്തിന്റെ പുളകമണിയിക്കുന്ന ആ ഓര്‍മകളെ മനസ്സില്‍ ഒന്നുകൂടി ധ്യാനിച്ച് ഉറപ്പിക്കാം. ''മാ നിഷാദ പ്രതിഷ്ഠാത്വമഗമഃ ശാശ്വതീ സമാഃ യത് ക്രൗഞ്ച മിഥുനാദേകമവധീഃ കാമമോഹിതം'' സത്യസാക്ഷാത്കാരം സിദ്ധിച്ചുകഴിഞ്ഞ മനസ്സില്‍ നിന്നുള്ള വാക്കുകള്‍ സത്യമായി പരിണമിക്കാതിരിക്കില്ല. മാത്രമല്ല ലോകാനുഗ്രഹത്തിന് വഴികാട്ടിയായിത്തീരുകയും ചെയ്യും. രാമായണത്തിന്റെ പ്രാരംഭം കുറിക്കുന്ന ഈ വാക്കുകള്‍ അത് എടുത്തുകാട്ടുന്നുണ്ട്. ഹേ, വട, ക്രൗഞ്ചമിഥുനത്തില്‍ നിന്ന് കാമത്താല്‍ മതിമയങ്ങിയ ഒന്നിനെ നീ കൊന്നുവല്ലോ. അതിനാല്‍ നീ ഏറിയകാലം ജീവിച്ചിരിക്കുകയില്ല. ക്രൗഞ്ചപക്ഷികളില്‍ ഒന്നിനെ അമ്പയച്ചു കൊന്ന വേടനെതിരേയുള്ള മഹര്‍ഷിയുടെ ശാപവചനങ്ങളാണിത്. ഈ വാക്കുകളില്‍ തന്നെ രാമായണകഥയുടെ സാരമായ മംഗളപരമായ അര്‍ത്ഥവും അടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെയാണ് രാമായണകഥയുടെ തുടക്കം കുറിക്കാനിടയായത്. അപൂര്‍വത ഇങ്ങനെ പ്രത്യേക ഛന്ദസ്സില്‍ ഒരു ശ്ലോകരചന അതിന് മുന്‍പുണ്ടായിട്ടില്ല. ശോകവും കരുണയും നിറഞ്ഞ ഈ വാക്കുകള്‍ ഉച്ചരിച്ച ഉടനെ വാല്മീകി ഏറെ ദുഃഖിതനായി. ആശ്രമത്തില്‍ തിരിച്ചെത്തിയ മഹര്‍ഷിയുടെ മുന്‍പില്‍ ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ട്, ആ ശ്ലോകത്തില്‍ ലീനമായിരിക്കുന്ന ശ്രീരാമകഥയെ ചൂണ്ടിക്കാട്ടിക്കൊടുത്തു. ആ വാക്കുകള്‍ അങ്ങനെ രാമായണ മഹാകാവ്യത്തിന്റെ നാന്ദിയായി. തുടര്‍ന്നദ്ദേഹം തന്റെ കഥാനായകനായ ശ്രീരാമനില്‍ ധ്യാനത്തില്‍ ലീനനായി കഴിയവേ, വാല്മീകിയുടെ മനസ്സില്‍ ശ്രീരാമചരിതത്തിലെ ഓരോ രംഗവും സൂക്ഷ്മമായും സ്പഷ്ടമായും പ്രതിഫലിച്ചു. തുടര്‍ന്ന് ഇരുപത്തിനാലായിരം ശ്ലോകങ്ങളുള്ളതും ആറു കാണ്ഡങ്ങളായി വിഭജിക്കപ്പെട്ടതും, ഉത്തരകാണ്ഡത്തോട് ചേര്‍ന്നതുമായ രാമായണകാവ്യം ഉടലെടുത്തു. മഹര്‍ഷി അതിനെ ശ്രീരാമപുത്രന്മാരായ ലവകുശന്മാരെ പഠിപ്പിച്ചു. സംഗീത നിപുണന്മാരായിരുന്ന ലവകുശന്മാര്‍ ചേതോഹരമായ രീതിയില്‍ രാമായണം ചൊല്ലാന്‍ പഠിച്ചു. രാമായണം പാടിപ്പാടി ലവകുശന്മാര്‍ ഒരുനാള്‍ അയോദ്ധ്യാ നഗരത്തില്‍ പ്രവേശിച്ചു. അവിടെ അശ്വമേധയജ്ഞം നടന്നുകൊണ്ടിരുന്ന സുദിനങ്ങളായിരുന്നു. അശ്വമേധയാഗമധ്യേ ശ്രീരാമസ്വാമിയുടെ മുന്‍പിലും പാടിക്കേള്‍പ്പിക്കാന്‍ അവര്‍ക്ക് അവസരം ലഭിച്ചു. തുടര്‍ച്ചയായി മുപ്പത്തിരണ്ടു ദിവസംകൊണ്ട് ശ്രീരാമന്റെ യാഗശാലയില്‍, സജ്ജനങ്ങള്‍ തിങ്ങിനിറഞ്ഞിരുന്ന സദസ്സില്‍ ലവകുശന്മാര്‍ പാടിപ്പൂര്‍ത്തിയാക്കി ലോകശ്രദ്ധയെ പിടിച്ചുപറ്റിയ മഹാകാവ്യമാണ് വാല്മീകി രാമായണം. അധികൃതന്മാരും അധഃകൃതനും വാനരന്മാരും, മനുഷ്യനും രാക്ഷസന്മാരും വംശവര്‍ണമാര്‍ഗ വ്യത്യാസം കൂടാതെ ഒത്തൊരുമിക്കുന്ന ചിത്രങ്ങളാണ് രാമായണത്തില്‍ ഉടനീളമുള്ളത്. മനുഷ്യ, രാക്ഷസ, പക്ഷി, വാനര സഹോദര ദ്വന്ദങ്ങളുടെ വിവിധഭാവങ്ങള്‍ രാമായണത്തിലൂടെ മാനവജീവിതത്തെ സമ്പുഷ്ടമാക്കി ദൈവികതയിലേക്ക് ഉയര്‍ത്താന്‍ പ്രചോദനം നല്‍കുന്ന വളരെ വളരെ ഉപദേശങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും രാമായണത്തില്‍ ഉടനീളം കാണാം. സാത്വിക ശുദ്ധിയില്‍ വാല്മീകി രാമായണത്തിന്റെ അടുത്തുചെല്ലുവാന്‍ കൂടി അര്‍ഹതയുള്ള കാവ്യശില്‍പം ലോകത്തിലെ മറ്റൊരു ഭാഷയിലും കാണാന്‍ സാധിക്കുകയില്ല. ഇരുപത്തിനാലായിരം ദിവ്യമായ മണിമുത്തുകള്‍ കോര്‍ത്തിണക്കിയ അഭൗമമായ ഈ കാവ്യഹാരത്തില്‍ നിന്ന് ചില മുത്തുകളെങ്കിലും കയ്യിലെടുത്ത് ആ ഭംഗി നുകരാന്‍ സാധിച്ചെങ്കില്‍, ശ്രീരാമന്‍ ഉയര്‍ത്തിക്കാട്ടിയ സത്യധര്‍മാദികള്‍ പതുക്കെ പതുക്കെ നമ്മുടെ ജീവിതത്തിലും സ്വാധീനം ചെലുത്തും. നാമും അയോധ്യാവാസികളെപ്പോലെ ധന്യരാവും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.