നാട്ടകം പോളിയിലെ ദളിത് പീഡനം; ജുഡീഷ്യല്‍ അന്വേഷണം വേണം: കുമ്മനം

Friday 23 December 2016 4:09 am IST

ദളിത് വിദ്യാര്‍ത്ഥി പീഡിപ്പിക്കപ്പെട്ട നാട്ടകം പോളിടെക്‌നിക്ക് ഹോസ്റ്റലിലെ മുറി ബിജെപി
സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സന്ദര്‍ശിക്കുന്നു

കോട്ടയം: ദളിത് വിഭാഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ മനുഷ്യാകാശ കമ്മീഷന്‍, എസ്‌സി കമ്മീഷന്‍, വനിതാ കമ്മീഷന്‍ തുടങ്ങിയ ഭരണഘടനാസ്ഥാപനങ്ങളുടെ ഇടപെടല്‍ അനിവാര്യമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

നാട്ടകം പോളിടെക്‌നിക്കില്‍ ദളിത് വിദ്യാര്‍ത്ഥികളെ റാഗിങ്ങിന് വിധേയമാക്കി വിഷമദ്യം കുടിപ്പിച്ച സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ കോട്ടയം കളക്ടറേറ്റിലേക്ക് നടന്ന ബഹുജനമാര്‍ച്ചിന് നേരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെയും, റാഗിങ് നടന്ന നാട്ടകം പോളിടെക്‌നിക് ഹോസ്റ്റലും സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ദളിത് വിഭാഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കേന്ദ്രപട്ടികജാതിവിഭാഗ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്. റാഗിങ്ങിന് ഇരയായ അവിനാശിന് നാട്ടകത്തെ പോളി ഹോസ്റ്റല്‍ പേടി സ്വപ്‌നമാണ്. പഠനത്തിനായി ഇങ്ങോട്ടില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു.

കേരളത്തില്‍ മനുഷ്യാവകാശധ്വംസനങ്ങള്‍ വ്യാപകമായി. പ്രതിഷേധിക്കാനുള്ള ഭരണഘടനാ സ്വാതന്ത്ര്യമാണ് നിഷേധിക്കപ്പെടുന്നത്. അനീതിക്കെതിരായ പോരാട്ടങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള സര്‍ക്കാരിന്റെ നീക്കങ്ങള്‍ ജനാധിപത്യ ഭരണത്തില്‍ വിലപ്പോവില്ല. നാട്ടകത്ത് പോളിടെക്‌നിക് വിദ്യര്‍ത്ഥി അപമാനിക്കപ്പെട്ടപ്പോള്‍ ചീമേനിയില്‍ പട്ടകജാതിമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. സുധീര്‍ ആക്രമിക്കപ്പെട്ടു. പാറശാലയില്‍ സിപിഎമ്മുകാരാല്‍ കൊല്ലപ്പെട്ട അനില്‍കുമാറും ദളിത് വിഭാഗത്തില്‍പ്പെട്ടയാളാണ്.

അരി ലഭ്യമല്ല, കുടിവെള്ളമില്ല. ജനജീവതം ദുസ്സഹമായി. ജീവല്‍പ്രശ്‌നങ്ങളില്‍ നിന്ന് ജനശ്രദ്ധതിരിച്ചുവിടാനള്ള നീക്കങ്ങളുടെ ഭാഗംകൂടിയാണ് പോലീസിനെ ഉപയോഗിച്ച് നടത്തിവരുന്ന അരാജകത്വം.

നാട്ടകത്തെ പോളിടെക്‌നിക്കില്‍ എത്തിയ ബിജെപി അദ്ധ്യക്ഷന്‍ പ്രിന്‍സിപ്പലുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് അവിനാശ് ഉള്‍പ്പെടെയുള്ളവര്‍ പീഡനവിധേയമാക്കപ്പെട്ട ഹോസ്റ്റലും അദ്ദേഹം സന്ദര്‍ശിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് പ്രോത്സാഹനം നല്‍കുന്ന തരത്തിലുള്ള ഹോസ്റ്റലല്ല ഇവിടെയുള്ളതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബിജെപി ജില്ലാ സെക്രട്ടറി കെ.പി. ഭുവനേശ്, കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റ് ബിനു ആര്‍. വാര്യര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.