കുട്ടിക്കുരങ്ങന്‍മാരെകൊണ്ട് ചൂട്‌ചോറ് വാരിക്കുന്ന സിപിഎം തന്ത്രം ഇനി വിലപ്പോവില്ല: എ.വേലായുധന്‍

Friday 23 December 2016 2:04 pm IST

നീലേശ്വരം: സ്വന്തം അണികളെ കയറൂരി വിട്ട് ബിജെപിക്കും, എന്‍ഡിഎ സഖ്യത്തിനും നേരെ കലാപം സൃഷ്ടിച്ച് നാട്ടില്‍ അരാജകത്വമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന സിപിഎം നേതൃത്വത്തിന്റെ കാടന്‍ ശൈലി തുടരാന്‍ കേരളത്തില്‍ ഇനി അനുവദിക്കില്ലെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍ മുന്നറിയിപ്പ് നല്‍കി. ചീമേനിയില്‍ കഴിഞ്ഞ ദിവസം നടന്ന എന്‍ഡിഎ രാഷ്ട്രീയ വിശദീകരണ യോഗം സിപിഎം ഗുണ്ടകള്‍ അലങ്കോലമാക്കി ബിജെപി നേതാക്കളെ ക്രൂരമായി ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് നീലേശ്വരത്ത് നടന്ന മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍വെന്റ് ജംഗ്ഷനില്‍ നിന്നാരംഭിച്ച പ്രകടനത്തിന് ബിജെപി മണ്ഡലം സെക്രട്ടറി വെങ്ങാട്ട് കുഞ്ഞിരാമന്‍, ട്രഷറര്‍ യു.രാജന്‍, പി.വി.സുകുമാരന്‍, വി.കൃഷ്ണകുമാര്‍, കെ.വി.ഉണ്ണികൃഷ്ണന്‍, കൃഷ്ണന്‍ ഏച്ചിക്കാനം, പി.യു.വിജയകുമാര്‍, കെ.രഞ്ജിത്ത്, ടി.രാധാകൃഷ്ണന്‍, പി.മോഹനന്‍ എന്നിവര്‍ നേതൃത്വം നല്‍കി. മാര്‍ക്കറ്റ് ജംഗ്ഷനില്‍ പ്രതിഷേധ യോഗം നടന്നു.