ആന്റണിയുടെ ജില്ലയില്‍ എ ഗ്രൂപ്പ് നാമാവശേഷം

Friday 23 December 2016 6:19 pm IST

ആലപ്പുഴ: ഒരുകാലത്ത് ആധിപത്യം ഉണ്ടായിരുന്ന ആലപ്പുഴ ജില്ലയില്‍ ഇന്ന് നിലനില്‍പ്പിനായി ഐ ഗ്രൂപ്പിന്റെ കാരുണ്യം തേടുകയാണ് ആന്റണി പക്ഷക്കാര്‍. ഇന്ന് ഗ്രൂപ്പ് ക്ഷയിച്ച് അണികളും നേതാക്കളും ഐ പക്ഷത്തേക്ക് ചേക്കേറുകയാണ്. ഡിസിസി നേതൃസ്ഥാനം ഐ ഗ്രൂപ്പ് കുത്തകയാക്കിയതോടെ എ ഗ്രൂപ്പ് ജില്ലയില്‍ ഛിന്നഭിന്നമായി കഴിഞ്ഞു. ഗ്രൂപ്പിനെ നയിക്കാന്‍ വേണ്ടത്ര ശക്തിയോ പിന്തുണയോ ഉള്ള നേതാക്കള്‍ ഇന്ന് ഇല്ലാത്തതാണ് പ്രധാന പ്രശ്‌നമെന്നാണ് എ ഗ്രൂപ്പ് അണികള്‍ വിലപിക്കുന്നത്. നഗരസഭകളിലോ പഞ്ചായത്തുതലങ്ങളിലോ വേണ്ടത്ര സ്വാധീനം ഇല്ലാത്ത സാഹചര്യത്തില്‍ ഡിസിസി നേതൃത്വംകൂടി വീണ്ടും നഷ്ടപ്പെട്ടതോടെ ഗ്രൂപ്പിന്റെ പ്രസക്തി തന്നെ നഷ്ടപ്പെട്ടു. എ.കെ. ആന്റണി, വയലാര്‍ രവി എന്നിവരുടെ നേതൃത്വത്തില്‍ രൂപീകരിക്കുകയും പില്‍ക്കാലത്ത് തച്ചടി പ്രഭാകരന്റെ പ്രവര്‍ത്തനത്തില്‍ ശക്തമാകുകയും ചെയ്ത എ ഗ്രൂപ്പ് ആലപ്പുഴ ജില്ലയിലെ കോണ്‍ഗ്രസില്‍ സമഗ്രാധിപത്യം ചെലുത്തിയിരുന്നു. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനെന്ന് അറിയപ്പെടുന്ന ഡിസിസി പ്രസിഡന്റായിരുന്ന കെ.എസ്. വാസുദേവ ശര്‍മ്മയായിരുന്നു ഒരുകാലത്ത് നയിച്ചിരുന്നത്. എം. മുരളി, മാന്നാര്‍ അബ്ദുള്‍ ലത്തീഫ്, ജോണ്‍സണ്‍ എബ്രഹാം, എന്‍. രവി, ടി.ജി. പദ്മനാഭന്‍ നായര്‍, സി.ആര്‍. ജയപ്രകാശ് എന്നിവരെല്ലാം ഗ്രൂപ്പിന്റെ പ്രധാന വക്താക്കളായിരുന്നു. ഇവരില്‍ പലരും ഐ പക്ഷത്തേക്ക് കുറുമാറി കഴിഞ്ഞു. ചിലര്‍ക്ക് കൂറ് വി. എം. സുധീരന്‍ പക്ഷത്തോടാണ്. കഴിഞ്ഞ 10 വര്‍ഷമായി ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഐ ഗ്രൂപ്പാണ്. കെ. സി. വേണുഗോപാല്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അവസാന വാക്കാകുകയും, രമേശ് ചെന്നിത്തല വീണ്ടും ഹരിപ്പാട് മത്സരിച്ച് ജയിക്കുകയും മന്ത്രിയാവുകയും ചെയ്തതോടെയാണ് ഐ ഗ്രൂപ്പ് ജില്ലയില്‍ വളരുകയും എ ഗ്രൂപ്പ് ക്ഷയിക്കാന്‍ തുടങ്ങുകയും ചെയ്തത്. എ ഗ്രൂപ്പിന്റെ അവസാനത്തെ ഡിസിസി പ്രസിഡന്റ് സി.ആര്‍. ജയപ്രകാശായിരുന്നു. പിന്നീട് ചെന്നിത്തല പക്ഷക്കാരനായ എ.എ. ഷുക്കൂറിന് ആ സ്ഥാനം ലഭിച്ചു. പത്തുവര്‍ഷത്തിനുശേഷം നടന്ന പുനസംഘടനയില്‍ വീണ്ടും ഐ ഗ്രൂപ്പുകാരനായ അഡ്വ. എം. ലിജു എത്തിയതോടെ എ ഗ്രൂപ്പ് കടലാസില്‍ ഒതുങ്ങുന്ന സ്ഥിതിവിശേഷമാണ്. പല എ ഗ്രൂപ്പുകാരും ഇപ്പോള്‍ എം. ലിജുവിന്റെ പ്രീതി നേടുന്നതിനായി മത്സരത്തിലാണ്. അതിനിടെ ഐ ഗ്രൂപ്പിന്റെ അക്കൗണ്ടില്‍ ഡിസിസി പ്രസിഡന്റായ ലിജു ഇപ്പോള്‍ വി. എം. സുധീരന്‍ ക്യാമ്പിലാണെന്നും പറയപ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.