ഉയരാനുള്ള പ്രവണത

Friday 23 December 2016 6:27 pm IST

'താനൊറ്റയായ് ബ്രഹ്മപദം കൊതിക്കും തപോനിധിക്കെന്തൊരു ചാരിതാര്‍ത്ഥ്യം?' എന്ന് കവി നിരീക്ഷിച്ചിട്ടുണ്ട്. തനിക്കുമാത്രമായി ഏറ്റവും ഉയര്‍ന്ന നില ആഗ്രഹിക്കുന്നതില്‍ എങ്ങനെയാണ് ഒരാള്‍ക്ക് തൃപ്തി കണ്ടെത്താനാവുക എന്നാണോ കവി അര്‍ത്ഥമാക്കിയത്? അതോ മറ്റൊരാളെക്കുറിച്ച് ചിന്തയില്ലാത്ത തപോനിധിയുടെ ചാരിതാര്‍ത്ഥ്യം അത്ര അഭികാമ്യമല്ല എന്നാണോ? തപസ്സു ചെയ്ത ഒരുപാടു കഥാപാത്രങ്ങളെ പുരാണേതിഹാസങ്ങളില്‍ കാണാം. കാളിദാസന്‍ ജഗത്തിന്റെ ജനയിതാക്കള്‍ (അത്രയും പൗരാണികരാണ് അവര്‍ രണ്ടുപേരും) എന്നുവിളിച്ച പാര്‍വതീപരമേശ്വരന്മാരുടെ കാര്യമെടുക്കാം. തന്റെ ഭാര്യ സതി ജീവനൊടുക്കിയതിലുള്ള ദുഃഖത്തില്‍ സതിയുടെ മൃതദേഹം മറവുചെയ്യാതെ അതിനെ തോളില്‍ ചുമന്ന ശിവന്റെ പുറകേ നടന്ന് സുദര്‍ശനചക്രം കൊണ്ട് വിഷ്ണു തുണ്ടുതുണ്ടാക്കി വീഴ്ത്തി. (ആ ഖണ്ഡങ്ങള്‍ ഒമ്പതായിരുന്നു എന്നും അവ വീണ സ്ഥലങ്ങള്‍ ആരാധനാസ്ഥാനങ്ങള്‍ ആയി എന്നും വിശ്വസിക്കപ്പെടുന്നു.) അതുപോലും ശിവന്‍ തുടക്കത്തില്‍ അറിഞ്ഞില്ല. തന്റെ ഭാര്യയുടെ ശരീരം പോലും നഷ്ടമായി എന്ന് മനസ്സിലായപ്പോള്‍ ദുഃഖ നിവൃത്തിക്കായി ശിവന്‍ എല്ലാം ഉപേക്ഷിച്ച് ധ്യാനിക്കാന്‍ തുടങ്ങി. അത് ഗാഢവും ദീര്‍ഘവുമായ തപസ്സായി മാറി. ഇതിനിടെ സതി ഹിമവാന്റെ പുത്രി പാര്‍വതിയായി ജനിച്ചു. തപസ്സിലാണ്ട മഹായോഗിയെ ഭര്‍ത്താവായി കിട്ടണമെന്ന സങ്കല്‍പത്തില്‍ പാര്‍വതിയും തപസ്സുതന്നെ ഉപാധിയായി സ്വീകരിച്ചു. ആദ്യമാദ്യം ധ്യാനത്തില്‍ നിന്നുണരുന്ന വേളകളില്‍ പാര്‍വതി പച്ചിലകള്‍ ഭക്ഷിച്ചു. പിന്നീട് ഉണക്കിലകള്‍ ഭക്ഷിച്ചു. നാളുകള്‍ കടന്നപ്പോള്‍ ഭക്ഷണം ഉണക്കിലകളായി. ഒടുവില്‍ അതിനു വേണ്ടിയും ഉണരാതായി. അങ്ങനെ അപര്‍ണ്ണ അഥവാ ഇലകളില്ലാത്തവള്‍ എന്ന പേരും കിട്ടി. പാര്‍വതിയുടെ മറ്റൊരു തപസ്സിന്റെ കഥകൂടി വായിച്ച ഓര്‍മ്മ വരുന്നു. അവരുടെ വിവാഹം കഴിഞ്ഞ ശേഷമുള്ള ഒരു തപസ്സാണ്. ഒരിക്കല്‍ മഹാദേവന്‍ കറുത്തവളായ പാര്‍വതിയെ കാളി എന്ന് (കറുമ്പി എന്ന്) വിളിച്ച് കളിയാക്കി. പെട്ടെന്ന് പിണക്കം വന്ന ഉമ ശിവനില്‍ നിന്ന് മാറി ധ്യാനത്തിലാണ്ടു. അത് ആയിരം കൊല്ലം നീണ്ട തപസ്സായി. അതില്‍ നിന്നുണര്‍ന്നത് ഗൗരിയായിട്ടാണ്, വെളുത്തവളായിട്ടാണ് എന്നാണാ കഥ. ഏതോ ഗതകാലത്ത് ജീവിച്ചിരുന്ന ആത്മബലം കൊണ്ട് സ്വജീവനെ ഉയര്‍ത്തിയ ഒരു വിശിഷ്ടവ്യക്തിത്വമായും പാര്‍വതിയെ കാണാം. ശിവനോളം ഉയര്‍ന്ന ശിവപത്‌നി. തപസ്സിലാണ് രണ്ടുപേരും ഐക്യത്തിലായത്. ഏതെങ്കിലും ഒരു മേന്മയ്ക്കായി നടത്തുന്ന ആധ്യാത്മികപ്രയത്‌നമാണ് തപസ്സ്. ആത്മസംയമനവും ധ്യാനവും തപസ്സിന്റെ പ്രധാനഘടകങ്ങളാണ്. ജീവന്റെ വാസനയും അവസ്ഥയുമനുസരിച്ച് ദേവപ്രീതി, അഭീഷ്ടസിദ്ധി, അതിനൊക്കെ ഉപരിയായ സത്യാന്വേഷണം, ആത്മസാക്ഷാല്‍ക്കാരം അങ്ങനെ എന്തുമാവാം ലക്ഷ്യം. ശരീരത്തിനെയും മനസ്സിനെയും തപിപ്പിക്കുന്നു എന്നതുകൊണ്ടാണ് തപസ്സെന്നു പറയുന്നത്. കര്‍മ്മങ്ങളില്‍ വ്യാപൃതരായി അവയെ മികവിലെത്തിക്കാന്‍ ശ്രമിക്കുന്നതും പലപ്പോഴും ധ്യാനം പോലെ ആയിത്തീരുന്നു. ഇത്തരത്തില്‍ സമകാലികര്‍മ്മങ്ങളെ ധ്യാനമാക്കുന്നതിന്റെ ചില ഉദാഹരണങ്ങള്‍ സെന്‍ ബുദ്ധിസത്തിന്റെ വഴിത്താരയില്‍ കാണാം. സെന്‍ എന്ന പദം ഭാരതത്തിലെ ധ്യാനത്തില്‍നിന്ന് രൂപപ്പെട്ടതാണ്. ഇവിടെ നിന്ന് 'ധ്യാനം' ചൈനയിലേക്ക് പോയി ചെന്‍ ആയി, അവിടെ നിന്ന് ജപ്പാനിലെത്തി സെന്‍ ആയി എന്നാണ് കേട്ടിട്ടുള്ളത്. മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്നതോ, പുഷ്പാലങ്കാരങ്ങള്‍ ചെയ്യുന്നതോ ഒക്കെ പോലും ധ്യാനത്തിലേക്കു നയിക്കാം എന്നാണ് അവര്‍ അവകാശപ്പെടുന്നത്. ചിത്രകലയും കവിതയുമൊക്കെ അവര്‍ ധ്യാനത്തിന്റെ ഉപാധികളാക്കിയിരുന്നു. സര്‍ഗ്ഗപ്രവര്‍ത്തനങ്ങളില്‍ ധ്യാനത്തിന്റെ അംശമുണ്ടല്ലോ.ഉയര്‍ച്ച തേടാനുള്ള പ്രവണത പ്രകൃതിയിലെ പരിണാമചക്രത്തില്‍ എല്ലാ ജീവികള്‍ക്കും നൈസര്‍ഗ്ഗികമായി കിട്ടിയിട്ടുണ്ട്. ഏകാഗ്രതയും ധ്യാനവും നമ്മുടെ 'പ്രോഗ്രാമിങ്ങില്‍' ഉള്ളതാണ്. അറിയാതെ നാം ഇതില്‍ ഏര്‍പ്പെടാറുമുണ്ട്. ബോധപൂര്‍വം ഇതിനെ ഓരോ മാര്‍ഗ്ഗങ്ങളായി ഗുരുക്കന്മാര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നു എന്നല്ലേ കരുതേണ്ടത്? തന്നില്‍ അന്തര്‍ലീനമായ ധ്യാനത്തിന്റെ ആഴങ്ങളിലേക്കും ആന്തരികമായ ഔന്നത്യത്തിന്റെ പല തലങ്ങളിലേക്കും മനുഷ്യനെ നയിക്കാന്‍ ഗുരുക്കന്മാര്‍ക്ക് കഴിയുന്നു. തപസ്സിന്റെ അടിസ്ഥാനം ധ്യാനമാണ്. ഏറിയും കുറഞ്ഞും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ധ്യാനത്തിന്റെ അംശം നമ്മുടെ ജീവിതത്തില്‍ കടന്നുവരുന്നുണ്ട്. മനുഷ്യനില്‍ മാത്രമായി ഇത് ഒതുങ്ങി നില്‍ക്കുന്നില്ല എന്നുകൂടി എനിക്കു തോന്നുന്നു. പ്രകൃതിയെ നിരീക്ഷിച്ചാല്‍ തന്നെ ഒരു കാര്യം തെളിഞ്ഞുവരുന്നതുപോലെ തോന്നും. തപസ്സിന്റെ ഭാഗമായ ധ്യാനത്തിന്റെ അംശം ജീവജാലങ്ങളിലെല്ലാമുണ്ട്. ശ്രദ്ധയുടെ കേന്ദ്രീകരണമെന്ന നിലയില്‍ അത് ജീവിതത്തിന്റെ അടിസ്ഥാനസ്വഭാവങ്ങളില്‍ ഒന്നാണെന്ന് കണക്കാക്കാം. മനുഷ്യന്റെ കാര്യത്തിലാകട്ടെ തപോനിധികളായ ആത്മീയനായകന്മാര്‍ മാര്‍ഗ്ഗദര്‍ശികളായിത്തീരുന്നു എന്ന് വ്യക്തമാണ്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.