ബീഫുകറിയല്ല ബിരിയാണി

Friday 23 December 2016 9:03 pm IST

കഴിഞ്ഞദിവസം, അതായത് ഡിസംബര്‍ പത്തൊമ്പതാം തീയ്യതി തിങ്കളാഴ്ച, കേരള സാഹിത്യ അക്കാദമിയുടെ പ്രധാനഹാളില്‍ ഒരു സാഹിത്യവേദിയുടെ വാര്‍ഷികാഘോഷവേളയില്‍ മലയാളത്തിലെ പ്രമുഖരായ സാഹിത്യകാരന്മാരൊക്കെ ഒത്തുചേരുകയുണ്ടായി. സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖന്‍, സേതു, അംബികാസുതന്‍ മാങ്ങാട്, ഡോ. എസ്.കെ. വസന്തന്‍ തുടങ്ങിയ മുതിര്‍ന്ന തലമുറയും, പുതിയ തലമുറയിലെ പ്രധാനികളായ സന്തോഷ് ഏച്ചിക്കാനം, എസ്. ഹരീഷ്, ടി.കെ.ശങ്കരനാരായണന്‍, ലിസി, കെ.പി. രാമനുണ്ണി തുടങ്ങിയവരുമൊക്കെ അക്കൂട്ടത്തിലുണ്ടായിരുന്നു. സാഹിത്യം നേരിടുന്ന പ്രതിസന്ധികളും, ഭാഷ നേരിടുന്ന പ്രതിസന്ധികളും, എഴുത്തുകാര്‍ നേരിടുന്ന പ്രതിസന്ധികളുമൊക്കെ കൂലങ്കഷമായി അവിടെ ചര്‍ച്ചചെയ്യപ്പെട്ടു. ഇതിനിടയിലാണ് ഈയിടെ ഏറെ വിവാദങ്ങള്‍ സൃഷ്ടിക്കുകയും, ആക്രമണങ്ങള്‍ക്ക് വിധേയമാവുകയും ചെയ്ത ബിരിയാണി എന്ന കഥയുടെ രചയിതാവ് പ്രശസ്ത കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം പ്രസംഗിക്കാനായി എഴുന്നേറ്റത്. മലയാള സാഹിത്യത്തില്‍ ഇതേവരെ ഒരു സാഹിത്യകാരനും നടത്തേണ്ടിവന്നിട്ടില്ലാത്തതരത്തിലുള്ള വിലാപമായിരുന്നു സന്തോഷിന് വേദിയില്‍ നടത്തേണ്ടിവന്നത്. തന്റെ പിന്നാലെ റൂബിന്‍ ഡിക്രൂസ് എന്ന വേട്ടക്കാരന്‍ ഇപ്പോഴും തോക്കുമായി നടക്കുകയാണെന്നും, താനൊരു വേട്ടയാടപ്പെടുന്ന മുയലാണ് എന്നുമൊക്കെ ഏച്ചിക്കാനം വിലപിച്ചു. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ബിരിയാണി എന്ന കഥയില്‍ കലന്തന്‍ഹാജി എന്നൊരു നാട്ടുപ്രമാണിയുടെ വീട്ടിലെ ആഘോഷത്തിന് ബിരിയാണിവച്ചതിനെക്കുറിച്ചും, ആഘോഷങ്ങളുടെ ധാരാളിത്തത്തെക്കുറിച്ചും, ബാക്കിവന്ന ദം പൊട്ടിക്കാതെയുള്ള ബിരിയാണിമുഴുവന്‍ വലിയ കുഴിയെടുത്ത് കുഴിച്ചുമൂടിയതിനെക്കുറിച്ചും, ഈ കുഴി കുഴിക്കാനും, കുഴിച്ചുമൂടാനും നിയോഗിക്കപ്പെട്ട ഇതരസംസ്ഥാനത്തൊഴിലാളിയായ ഗോപാല്‍ യാദവ് എന്ന ബീഹാറുകാരന്റെ ദാരിദ്ര്യവും, വിശപ്പും, അദ്ദേഹത്തിന്റെ ഭാര്യ ഒരുപിടിയെങ്കിലും വസുമതി അരി കിട്ടാന്‍ കൊതിച്ചതിനെക്കുറിച്ചും, മകള്‍ വിശപ്പുമൂലം മരണമടഞ്ഞതിനെക്കുറിച്ചുമൊക്കെയായി ഒരു വശത്ത് വിശപ്പിന്റെ ദൈന്യതയും, മറുവശത്ത് ബിരിയാണിയുടെ ധാരാളിത്തവുമാണ് കഥയില്‍ സന്തോഷ് ഏച്ചിക്കാനം വരച്ചുകാട്ടാന്‍ ശ്രമിച്ചത്. പക്ഷെ, കഥ വായിച്ച ഇടതുപക്ഷചിന്തകനായ റൂബിന്‍ ഡിക്രൂസ് ഉന്നയിച്ച ആരോപണം ഗുരുതരമായിരുന്നു. സന്തോഷ് ഏച്ചിക്കാനം ഹൈന്ദവ ഫാസിസ്റ്റ് മനസ്സോടെ മുസ്ലിം സമുദായത്ത അപമാനിച്ചുവെന്നും, അധിക്ഷേപിച്ചുവെന്നും, കഥയില്‍ വെള്ളപൂശപ്പെട്ട ഗോപാല്‍ യാദവ് എന്ന കഥാപാത്രത്തിലൂടെ യാദവകുലജാതനായ ശ്രീകൃഷ്ണനെയാണ് ഉദ്ദേശിച്ചതെന്നും, പെട്ടിക്കടനടത്തുന്ന രാമചന്ദ്രന്‍ എന്ന കഥാപാത്രത്തിലൂടെ ശ്രീരാമചന്ദ്രനേയുമാണ് ഉദ്ദേശിച്ചതെന്നും, നല്ല കഥാപാത്രങ്ങളായി ശ്രീരാമനേയും, ശ്രീകൃഷ്ണനേയും അവതരിപ്പിച്ചുവെന്നും, മോശം കഥാപാത്രമായി കലന്തന്‍ ഹാജിയെന്ന മുസ്ലിം പ്രതീകത്തെ ഉപയോഗിച്ചുവെന്നുമൊക്കെയായിരുന്നു വിമര്‍ശനവും ആക്ഷേപവും. ആക്ഷേപം കേട്ടു ഞെട്ടിപ്പോയ പ്രമുഖ സാഹിത്യകാരന്‍മാരില്‍ പ്രതികരിക്കാന്‍ തയ്യാറായ ബെന്ന്യാമിനെപ്പോലെയുള്ള പ്രശസ്തരായ എഴുത്തുകാരെ പൈങ്കിളി എഴുത്തുകാര്‍ എന്നുവിളിച്ച് അധിക്ഷേപിക്കുകയും, എഴുത്തുകാരുടെ വാട്‌സ് ആപ് ഗ്രൂപ്പില്‍നിന്നും പുറത്താക്കുകയും, ഫേസ്ബുക്കില്‍ അധിക്ഷേപിച്ചുമൊക്കെ അടിച്ചിരുത്താനുമാണ് ശ്രമിച്ചത്. അധിക്ഷേപം ഭയന്ന് പിന്നീട് അധികമാരും മിണ്ടിയില്ല. ബി.ആര്‍.പി. ഭാസ്‌കര്‍ പോലെയുള്ളവര്‍ ലേഖനമെഴുതി പ്രതികരിച്ചെങ്കിലും അദ്ദേഹത്തിനും കിട്ടി വേണ്ടുവോളം അധിക്ഷേപങ്ങള്‍. ഇപ്പോള്‍ വിവാദം ചെറുതായൊന്ന് കെട്ടടങ്ങിയെങ്കിലും, സന്തോഷ് ഏച്ചിക്കാനത്തിന്റെ മുറിവേറ്റ മനസ്സ് ഇപ്പോഴും പിടയുന്ന അവസ്ഥയാണ് സാഹിത്യ അക്കാദമിയില്‍വച്ച് കാണാന്‍ കഴിഞ്ഞത്. ഇങ്ങനെയാണ് കാര്യങ്ങളെങ്കില്‍ ഒരു മുസ്ലിം പേര് ഒരു കഥാപാത്രത്തിനിടാന്‍ പറ്റുമോയെന്ന് സന്തോഷ് വിലപിച്ചു. ഭാവിയിലൊരിക്കലും മുസ്ലിം പേരുകള്‍ കഥാപാത്രങ്ങള്‍ക്കു നല്‍കാന്‍ സാധിക്കാത്ത അവസ്ഥാവിശേഷം മലയാളസാഹിത്യത്തില്‍ സംജാതമായിരിക്കുന്നുവെന്നും സന്തോഷ് പറഞ്ഞു. ഏച്ചിക്കാനത്തിന്റെ സങ്കടംപറച്ചില്‍ കരളലിയിപ്പിക്കുന്നതായിരുന്നു. തുടര്‍ന്നു സംസാരിച്ച സാഹിത്യ അക്കാദമി പ്രസിഡണ്ടും, പു.കാ.സ. പ്രസിഡണ്ടുമായ വൈശാഖനും സന്തോഷിനു നേരിട്ട അത്യാഹിതത്തില്‍ വേദന പ്രകടിപ്പിക്കുകയുണ്ടായി. പണ്ട് തൊടുപുഴയില്‍ ജോസഫ് മാഷുടെ കൈവെട്ടിയപ്പോള്‍ ഇത്രയുംവലിയ ആപത്തായി ഈ ഭീകരത വളരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും വൈശാഖന്‍ പറഞ്ഞു. ബിരിയാണി കഥയെ അധിക്ഷേപിച്ചവരും തീവ്ര ഇടതുപക്ഷ ബുദ്ധിജീവികളാണെന്നതും, അതിനെതിരെ ഇപ്പോള്‍ വിലപിക്കുന്നവരും സ്വയം ഇടതുപക്ഷക്കാരാണെന്ന് പ്രഖ്യാപിക്കുന്നവരുമാണെന്നതുമാണ് വൈരുദ്ധ്യാത്മക ഭൗതികാന്തരീക്ഷമായി അനുഭവപ്പെടുന്നത്. ബിരിയാണി വിവാദസമയത്തും എന്നെ കല്ലെറിയരുതേ, ഞാനൊരു ഇടതുപക്ഷക്കാരനാണേയെന്നൊക്കെ സന്തോഷ് ഏച്ചിക്കാനം ഏറ്റുപറഞ്ഞിട്ടും ആക്രമണം നിര്‍ത്തിയിരുന്നില്ലെന്നത് വേറെ കാര്യം. ഈ വിലാപങ്ങള്‍ കേട്ടപ്പോള്‍ ഓര്‍ത്തുപോയത്, കഴിഞ്ഞവര്‍ഷം ഒരു ഉത്തരേന്ത്യന്‍ ഉള്‍ഗ്രാമത്തിലെവിടെയോ ഉണ്ടായൊരു ദുരന്തത്തെ ഈ വിലാപകാവ്യം പാടുന്നവര്‍ കേരളത്തില്‍ ആഘോഷിച്ച കാര്യമാണ്. അന്ന് കേരളത്തിലങ്ങോളമിങ്ങോളം ഈ വിലാപക്കാര്‍ കവലകള്‍തോറും, പശുക്കളെക്കൊന്ന് ബീഫ് ഫെസ്റ്റിവല്‍ നടത്തുകയുണ്ടായി. എംപിമാരും, എംഎല്‍എമാരുമുള്‍പ്പെടുന്ന ഇടതുപക്ഷ രാഷ്ട്രീയ നേതാക്കളും, ഇടതുപക്ഷ സഹയാത്രികരായ സാഹിത്യ സാംസ്‌കാരികനായകരും പരസ്യമായി പശുവിറച്ചികഴിച്ച്, ബീഫുകറി വിളമ്പിയാഘോഷിച്ചു. തൃശൂര്‍ കേരളവര്‍മ്മ കോളേജിലെ ക്ഷേത്രത്തിനുമുന്നില്‍ ബീഫുകറി വിളമ്പിയതിനെ ചോദ്യംചെയ്ത വിദ്യാര്‍ത്ഥികളെ വളഞ്ഞിട്ടുമര്‍ദ്ദിച്ചു. ആവിഷ്‌കാരസ്വാതന്ത്ര്യത്തിനുവേണ്ടിയായിരുന്നു ആ മര്‍ദ്ദനമെന്നത്രേ ഇടതുപക്ഷക്കാരിയായ അതേ കോളജിലെ അദ്ധ്യാപികയുടെ അഭിപ്രായം. കേരളത്തെ മുഴുവന്‍ പശുവിന്‍ ചോരയില്‍ മുക്കിയ ആ കാട്ടാളത്തത്തിനെതിരെയുയര്‍ന്ന ചെറുശബ്ദങ്ങളെപ്പോലും ഫാസിസമെന്നുവിളിച്ച് അന്നിവര്‍ ആക്രമിച്ചു. സരസ്വതീക്ഷേത്രങ്ങളിലും, ആരാധനാലയങ്ങള്‍ക്കുമുന്നിലും ബീഫുകറിവെച്ചുവിളമ്പിയവര്‍ പശുവിനെ അമ്മദൈവമായിക്കണ്ട് ആരാധിക്കുന്നവരുടെ വേദനിക്കുന്ന മനസ്സിനെ കാണാന്‍ കൂട്ടാക്കിയില്ല. ഇപ്പോള്‍ വിലപിക്കുന്ന ഈ എഴുത്തുകാരുമന്ന്, വേദനിക്കുന്നവരുടെ മനസ്സുകാണാതെ ബീഫുകറി വിളമ്പുകയും, കുടിക്കുകയുമായിരുന്നു. കാലത്തിന്റെ കാവ്യനീതി പലപ്പോഴും അത്രത്തോളം സുഖകരമാവില്ലെന്നാണ് ബിരിയാണി കഥയെഴുതിയതിന് ആക്രമിക്കപ്പെട്ട സന്തോഷ് ഏച്ചിക്കാനത്തിന്റെയും, പടച്ചോന്റെ ചിത്രപ്രദര്‍ശനം എന്ന് കഥയ്ക്ക് പേരിട്ടതിന്റെപേരില്‍ മര്‍ദ്ദനമേല്‍ക്കേണ്ടിവന്ന ജിംഷാര്‍ എന്ന കഥാകൃത്തിന്റെയും അവസ്ഥ വ്യക്തമാക്കുന്നത്. സ്വന്തം പുരയിടം റോഡുവികസനഫലമായി നഷ്ടപ്പെട്ട, സ്വന്തം മകള്‍ മാനഭംഗത്തിനിരയായി കൊലചെയ്യപ്പെട്ട ഒരു പിതാവിന്റെ വേദന പറയുന്ന കഥയുടെ അവസാന വാചകത്തില്‍ പടച്ചോന്‍ ഓരോ ജീവിതചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്ന് പറഞ്ഞതാണ് പടച്ചോന്റെ ചിത്രം എന്ന് വ്യാഖ്യാനിച്ച് കഥാകൃത്തിനെ മര്‍ദ്ദിച്ച് മൃതപ്രായനാക്കിയത്. ജിംഷാറും, സന്തോഷ് ഏച്ചിക്കാനത്തെപ്പോലെതന്നെ ഇടതുപക്ഷസഹയാത്രികനാണ് താനെന്ന് സ്വയം പ്രഖ്യാപിക്കുന്നുമുണ്ട്. ഈ രണ്ടു സാമൂഹ്യസാഹചര്യത്തില്‍നിന്നും മനസ്സിലാക്കേണ്ട ക്രൂരമായ യാഥാര്‍ത്ഥ്യം നമ്മുടെ എഴുത്തുകാരും, സാംസ്‌കാരികനായകരും മനസ്സിലാക്കുമോയെന്നത് കണ്ടറിയേണ്ട കാര്യമാണ്. ജോസഫ് മാസ്റ്ററുടെ കൈവെട്ടിയപ്പോള്‍ ബിരിയാണിയെ ആക്രമിക്കുന്നേടത്തോളം വര്‍ഗ്ഗീയതയും ഭീകരതയും വളരുമെന്ന് കരുതിയില്ലെന്നു പറയുന്നവര്‍, ബീഫുകറി വച്ചുവിളമ്പുന്നതുപോലെ അത്ര എളുപ്പമുള്ളതും, രുചികരവുമായ അവസ്ഥയല്ല, ബിരിയാണിവച്ചുവിളമ്പുമ്പോളുണ്ടാകുന്നതെന്ന് ഇനിയെങ്കിലും മനസ്സിലാക്കിയാല്‍ നന്നായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.