ദേശീയ സീനിയര്‍ വോളി ചാമ്പ്യന്‍ഷിപ്പ് ഇന്ന് മുതല്‍

Friday 23 December 2016 9:46 pm IST

ചെന്നൈ: 65-ാമത് ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം. 30 വരെ നീണ്ടുനില്‍ക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ വിവിധ സംസ്ഥാനങ്ങളും സര്‍വ്വീസസ്, റെയില്‍വേസ് അടക്കം 26 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. വനിതാ വിഭാഗത്തില്‍ 25 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. തമിഴ്‌നാട്, സര്‍വ്വീസസ്, ആന്ധ്രാപ്രദേശ് ടീമുകള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ബിയിലാണ് കേരള പുരുഷന്മാര്‍ കളിക്കുക. പുരുഷ വിഭാഗത്തില്‍ കേരളത്തിന്റെ ആദ്യ മത്സരം ആന്ധ്രാപ്രദേശിനോട്. നാളെ സര്‍വ്വീസസുമായും 26ന് തമിഴ്‌നാടുമായും കേരളം കളിക്കും. വനിതാ വനിതാ വിഭാഗത്തില്‍ തമിഴ്‌നാട്, തെലങ്കാന, പഞ്ചാബ് എന്നിവരാണ് കേരളത്തിന്റെ എതിരാളികള്‍. വനിതകള്‍ക്ക് പഞ്ചാബാണ് ആദ്യ എതിരാളികള്‍. നാളെ തെലങ്കാനയുമായും 26ന് തമിഴ്‌നാടുമായും കേരള വനിതകള്‍ കളിക്കും. കഴിഞ്ഞ തവണ കൈവിട്ട കിരീടം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ പുരുഷ വനിതാ ടീമുകള്‍. കേരള പുരുഷ ടീമിനെ പോലീസ് താരം സി.എന്‍. രതീഷും വനിതാ ടീമിനെ കെഎസ്ഇബിയുടെ ടിജി രാജുവും കേരളത്തെ നയിക്കും. കഴിഞ്ഞ വര്‍ഷം റെയില്‍വേസിനോടായിരുന്നു കേരളത്തിന്റെ പുരുഷ-വനിതാ താരങ്ങള്‍ ഫൈനലില്‍ പരാജയപ്പെട്ടത്. 2008 മുതല്‍ വനിതാ വിഭാഗത്തില്‍ കേരളം റണ്ണേഴ്‌സപ്പാണ്. കെഎസ്ഇബി താരങ്ങളാണ് കേരളത്തിന്റെ കരുത്ത്. ഏഴുവര്‍ഷത്തിനുശേഷം ടീമില്‍ കളിക്കാനെത്തുന്ന മുന്‍ ഇന്ത്യന്‍ നായകന്‍ ഇ.കെ. കിഷോര്‍ കുമാറും രാജ്യാന്തര താരങ്ങളായ ബിബിന്‍ എം. ജോര്‍ജും ജെറോം വീനിതുമാണ് ആണ് പുരുഷ വിഭാഗത്തില്‍ കേരളത്തിന്റെ സൂപ്പര്‍ താരങ്ങള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.