യുഡിഎഫ് ബന്ധു നിയമനത്തില്‍ വിജിലന്‍സ് അന്വേഷണം

Friday 23 December 2016 10:10 pm IST

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു നടന്ന ബന്ധുനിയമനം സംബന്ധിച്ച് വിജിലന്‍സ് അന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ മുന്‍ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ബന്ധുക്കളെ വിവിധ വകുപ്പുകളില്‍ നിയമിച്ചത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എ. എച്ച്. ഹഫീസ് നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് ഉത്തരവ്. ഫെബ്രുവരി ആറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. മുന്‍മന്ത്രിമാരായ കെ.എം.മാണി, രമേശ്‌ചെന്നിത്തല, വി.എസ്. ശിവകുമാര്‍, അനൂപ് ജേക്കബ്, പി.കെ. ജയലക്ഷ്മി, കെ.സി. ജോസഫ്, ഷിബുബേബി ജോണ്‍, മുന്‍ എംഎല്‍എമാരായ ശെല്‍വരാജ്, ഉമ്മര്‍ മാസ്റ്റര്‍ എന്നിവരും അന്വേഷണ പരിധിയില്‍ വരും. മാണിയുടെ മരുമകന്‍ എം.ഡി. ജോസഫ്, അനൂപ് ജേക്കബ്ബിന്റെ ഭാര്യ അനില മേരി, സഹോദരി അമ്പിളി ജേക്കബ്ബ്, മുന്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ ഭാര്യ എം.ടി.സുലേഖ, ഉമ്മന്‍ചാണ്ടിയുടെ ബന്ധു കുഞ്ഞ് ഇല്ലമ്പള്ളി, വി.എസ്. ശിവകുമാറിന്റെ സഹോദരന്‍ വി.എസ്. ജയകുമാര്‍, വിന്‍സെന്റ് എംഎല്‍എ യുടെ ഭാര്യ ശുഭ, പി.കെ. ജയലക്ഷ്മിയുടെ ഗണ്‍മാന്‍ ഡേവിഡിന്റെ ഭാര്യ സുജ, മുന്‍എംഎല്‍എ ശെല്‍വരാജിന്റെ മകള്‍ ദിവ്യ, മുന്‍എംഎല്‍എ ഉമ്മര്‍ മാസ്റ്ററുടെ മരുമകന്‍ കെ.പി. അബ്ദുള്‍ജലീല്‍ എന്നിവരെ അനധികൃതമായി നിയമിച്ചെന്ന് കാട്ടിയാണ് പരാതി നല്‍കിയത്. മുന്‍ മന്ത്രിമാരായ ഷിബു ബേബി ജോണും കെ.സി. ജോസഫും തങ്ങളുടെ വകുപ്പുകളില്‍ മറ്റ് മന്ത്രിമാരുടെ ബന്ധുക്കള്‍ക്ക് നിയമനം നല്‍കിയതിനാലാണ് അവര്‍ക്കെതിരെയും അന്വേഷണം. കോടതി കേസ് പരിഗണിച്ചപ്പോള്‍ രമേശ് ചെന്നിത്തലയെക്കുറിച്ചും ആരോപണം ഉയര്‍ന്നിരുന്നു. ഇതുകൂടി അന്വേഷിക്കാമെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചതോടെയാണ് രമേശ് ചെന്നിത്തലയും അന്വേഷണപരിധിയില്‍ വന്നത്. അനധികൃതമായി ബന്ധുക്കളെ നിയമിച്ചതില്‍ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്നും നിയമനം നടത്തിയത് ആരൊക്കയാണെന്നും വിജിലന്‍സ് അന്വേഷിക്കും. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണോ എന്ന കാര്യം തീരുമാനിക്കുക.ബന്ധുനിയമനവുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി ഇ.പി. ജയരാജന് മന്ത്രിസ്ഥാനം നഷ്ടമായതൊടെയാണ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന ബന്ധുനിയമനവും പുറത്ത് വന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.