സിപിഎം വേട്ടക്കാര്‍ക്ക് ഒപ്പമെന്ന് ബിജെപി

Friday 23 December 2016 10:22 pm IST

കോട്ടയം: കേരളത്തില്‍ ദളിതര്‍ക്കും സ്ത്രീകള്‍ക്കും നേരെ അതിക്രമങ്ങളും പീഡനങ്ങളും വര്‍ധിച്ചിരിക്കെ വേട്ടക്കാര്‍ക്കൊപ്പമാണ് സിപിഎമ്മും പോലീസുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് . ദളിത് ജനവിഭാഗങ്ങളുടെ സംരക്ഷകരെന്ന് അവകാശവാദം ഉയര്‍ത്തുന്ന സിപിഎമ്മാണ് ഇന്ന് ഏറ്റവും വലിയ ദളിത് പീഡകര്‍. രമേശ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ദളിത് വിരുദ്ധമനോഭാവങ്ങള്‍ പുറത്തുകൊണ്ടുവരുന്നതില്‍ ബിജെപി ശ്രദ്ധപതിപ്പിക്കുന്നത് സിപിഎമ്മില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. ഇതോടെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ വ്യാപക അക്രമങ്ങളാണ് ആരംഭിച്ചിരിക്കുന്നത്. ദളിത് പീഡനം ജന മദ്ധ്യത്തില്‍ ചൂണ്ടിക്കാട്ടിയതാണ് കോട്ടയത്ത് പോലീസ് ലാത്തിച്ചാര്‍ജ്ജിന് കാരണം. പോലീസിനെ ഉപയോഗപ്പെടുത്തി പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താനുള്ള നീക്കങ്ങള്‍ വിജയിക്കില്ല. പോലീസിനെതിരെ സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ അഭിപ്രായപ്രകടനം മുഖ്യമന്ത്രി പിണറായി വിജയനെതിരായ കുറ്റപത്രമാണ്. ആഭ്യന്തരം കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ട പിണറായി വിജയന്‍ വകുപ്പ് ഒഴിയണമെന്ന് ബിജെപി നേരത്തെ ആവശ്യപ്പെട്ടതാണ്. ഈ നിലപാട് ശരിയാണെന്ന് തെളിഞ്ഞു. പാര്‍ട്ടി നയം പോലീസിലൂടെ നടപ്പാക്കാനാണ് കോടിയേരി ശ്രമിക്കുന്നത്. ഇത് ആപല്‍ക്കരമാണ്. പിണറായി വിജയനെ അവഗണിച്ച് സൂപ്പര്‍ മുഖ്യമന്ത്രിയാകാനുള്ള ശ്രമമാണ് കോടിയേരി നടത്തുന്നത്. മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള പോലീസ് നടപടികളെ മുഖ്യമന്ത്രി ന്യായീകരിച്ചതാണ്. ദേശീയഗാനത്തോട് അനാദരവ് പ്രകടിപ്പിച്ചവര്‍ക്കെതിരെ നടപടികള്‍ കൈക്കൊണ്ടത് കേരള പോലീസാണ്. ഇവയെ സിപിഎം തള്ളിപ്പറയുകയാണെങ്കില്‍ അത് പിണറായിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ള യുദ്ധപ്രഖ്യാപനമാണ്. പത്രസമ്മേളനത്തില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി. സുരേഷ്, മണ്ഡലം പ്രസിഡന്റ് ബിനു ആര്‍. വാര്യര്‍, ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന സെക്രട്ടറി ജിജോ ജോസഫ് എന്നിവരും സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.