41 ലക്ഷത്തിന്റെ കള്ളപ്പണം: അന്വേഷണം ബാങ്കുകളിലേയ്ക്ക്

Friday 23 December 2016 10:34 pm IST

കൊച്ചി: നഗരത്തില്‍ നിന്ന് 41 ലക്ഷം രൂപയുടെ നോട്ടുകള്‍ ആദായനികുതി വകുപ്പ് പിടികൂടിയ സംഭവത്തില്‍ അന്വേഷണം ബാങ്കുകളിലേക്ക്. ഇടപ്പള്ളിയില്‍ നിന്നാണ് അഞ്ചു പേരില്‍ നിന്നായി പുതിയ 2,000 രൂപയുടെ നോട്ടുകള്‍ പിടിച്ചെടുത്തത്. സംഭവത്തില്‍ കോയമ്പത്തൂര്‍ സ്വദേശികളായ രാജ് തിലക്, സഹായികളായ അബ്ദുള്‍ സലാം, സതീഷ്, ഫൈസല്‍, റിയാസ് എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബാങ്കുകളുടെ സഹായമില്ലാതെ ഈ സംഘങ്ങള്‍ക്ക് ഇത്രയും പണം ലഭിക്കില്ലെന്നാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍, ഇതിനുള്ള തെളിവുകള്‍ ഇതുവരെ ലഭ്യമായിട്ടില്ല. നോട്ട് പിന്‍വലിച്ചതിനു പിന്നാലെ ബാങ്കുകള്‍ നിരീക്ഷണത്തിലാണ്. കൊച്ചി ഒരു ബിസിനസ് ഹബ് ആയതിനാലാണ് പണം വെളുപ്പിക്കല്‍ സംഘം ഇവിടെ സജീവമാകുന്നത്. പണം വെളുപ്പിക്കാമെന്ന വാഗ്ദാനവുമായി നിരവധി ഏജന്റുമാര്‍ നഗരത്തില്‍ സജീവമാണ്. ഇവരില്‍ പലരും ഇടപാടുകാരെ കബളിപ്പിച്ച് പണം തട്ടുന്നതിനായാണ് ഇത്തരം വാഗ്ദനങ്ങളുമായി എത്തുന്നതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. പഴയ നോട്ടുകള്‍ മാറി പുതിയ രണ്ടായിരത്തിന്റെ നോട്ടുകള്‍ നല്‍കാമെന്ന് പറഞ്ഞാണ് ഇവര്‍ ഇടപാടുകരെ സമീപിക്കുന്നത്. ഇത്തരത്തിലുള്ള രണ്ടു സംഘങ്ങളാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ആദായനികുതി വകുപ്പിന്റെ പിടിയിലായത്. സാധാരണയായി ഏജന്റുമാര്‍ ആദ്യം സ്ഥലത്തെത്തും. സാഹചര്യം അനുകൂലമാണെങ്കില്‍ മാത്രം പണമടങ്ങിയ വാഹനം വിളിച്ചുവരുത്തുകയാണ് പതിവ്. വ്യാഴാഴ്ച കള്ളപ്പണം വെളുപ്പിക്കുന്ന ഏജന്റുമാരെന്ന സംശയത്തെ തുടര്‍ന്ന് ആദായനികുതി വകുപ്പ് നാലുപേരെ ചോദ്യം ചെയ്തിരുന്നു. മനുഷ്യക്കടത്ത് കേസ് പ്രതി ലിസി സോജന്‍, സഹായികളായ ഡെന്നീസ്, ബിനോയ്, ജിജോ എന്നിവരെയാണ് കലൂര്‍ അന്താരാഷ്ര്ട സ്‌റ്റേഡിയത്തിനു സമീപത്തുനിന്ന് പിടികൂടിയത്. നോട്ടുകള്‍ മാറ്റി പുതിയവ നല്‍കുന്ന ഏജന്റുമാരായാണ് ലിസിയും സോജനും പ്രവര്‍ത്തിച്ചിരുന്നത്. ഒരു കോടി രൂപയുടെ ചെക്കും ഇവരുടെ കൈയില്‍ നിന്നു പിടികൂടിയതായി വിവരമുണ്ട്. 500, 1,000 നോട്ടുകള്‍ക്കു പകരം കമ്മീഷന്‍ വാങ്ങി രണ്ടായിരത്തിന്റെ പുതിയ നോട്ട് നല്‍കാനായിരുന്നു ഇവര്‍ പദ്ധതിയിട്ടിരുന്നത്. ഇവരുടെ പക്കല്‍ നിന്ന് കറന്‍സി നോട്ടുകള്‍ കണ്ടെത്താന്‍ കഴിയാതിരുന്ന സാഹചര്യത്തില്‍ ചോദ്യം ചെയ്തശേഷം വിട്ടയക്കുകയായിരുന്നു. യഥാര്‍ഥത്തില്‍ ഇവര്‍ കള്ളപ്പണ റാക്കറ്റിന്റെ ഏജന്റുമാരാണോ അതോ ഇടപാടുകാരെ കബളിപ്പിച്ച് പണം തട്ടാന്‍ എത്തിയതാണോ എന്ന് സംശയിക്കുന്നതായും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവരുടെ പക്കല്‍ ഒരു കോടി രൂപയുടെ ചെക്ക് ഉണ്ടായിരുന്നെങ്കിലും അക്കൗണ്ടില്‍ പണമുണ്ടായിരുന്നില്ല. ഇതാണ് കബളിപ്പിക്കലാണോ ലക്ഷ്യമെന്നു സംശയിക്കാന്‍ കാരണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.