വ്യത്യസ്തനായ പ്രേംനാഥ്

Saturday 24 December 2016 4:44 pm IST

വര്‍ഷം മുമ്പ് ജന്മഭൂമിയുടെ മാനേജരായിരുന്ന പ്രേംനാഥിന്റെ നിര്യാണവാര്‍ത്ത അക്കാലത്ത് പത്രാധിപത്യം വഹിച്ച കെ.വി.എസ്. ഹരിദാസ് അറിയിച്ചപ്പോള്‍, അദ്ദേഹവുമായി കുറേക്കാലത്തേക്കു ബന്ധമുണ്ടായിരുന്നില്ലല്ലൊ എന്നാലോചിച്ചുപോയി. പ്രേംനാഥിന്റെ വിദ്യാര്‍ത്ഥിക്കാലത്തുതന്നെ എനിക്കു സുപരിചിതനായിരുന്നു. പത്തുവര്‍ഷം മുന്‍പ് എന്റെ സപ്തതിയോടനുബന്ധിച്ച് എറണാകുളം കലൂര്‍ വിശ്വഹിന്ദുപരിഷത്ത് വക പാവക്കുളം മഹാദേവ ക്ഷേത്രത്തിന്റെ ഹാളില്‍ ജന്മഭൂമിയും കുരുക്ഷേത്ര പ്രകാശനും ചേര്‍ന്ന് നടത്തിയ പരിപാടിക്ക് പ്രേംനാഥാണ് മുന്‍കൈയെടുത്തത്. അങ്ങനെ ഒരു ചടങ്ങ് സംഘടിപ്പിക്കാന്‍ അവരെ പ്രേരിപ്പിച്ച ചേതോവികാരം എനിക്കിന്നും അജ്ഞാതമാണ്. അവിടെ പ്രേംനാഥ് പ്രത്യേക താല്‍പര്യമെടുത്ത് ഒരു നവരത്‌ന മോതിരം എന്നെ അണിയിച്ചത് ഇന്നും കൊണ്ടുനടക്കുന്നു. അന്ന് പ്രാന്തപ്രചാരകനായിരുന്ന എ. ഗോപാലകൃഷ്ണന്‍ മന്ത്രപൂരിതമായ രുദ്രാക്ഷമാലയും കഴുത്തിലിട്ടുതന്നു. അത് അണിയിച്ചുകൊണ്ട് ഹരിയേട്ടന്‍ ഇത് ഇടാതിരിക്കേണ്ട എന്നു പറഞ്ഞു. വിവാഹമോതിരംപോലും ഇടാതെയാണ് ഞാന്‍ വര്‍ഷങ്ങളായി നടക്കുന്നത്. എന്നാല്‍ പ്രേംനാഥ് ജന്മഭൂമിക്കുവേണ്ടി ഇട്ടുതന്ന നവരത്‌ന മോതിരം വിരലിലുണ്ട്. അതുപോലെ ഓര്‍മയില്‍ നില്‍ക്കുന്ന ഒരു കാര്യവുമുണ്ട്. ജന്മഭൂമിയുടെ ആദ്യത്തെ പത്രാധിപര്‍ പി.വി.കെ. നെടുങ്ങാടിയുടെ അവസാനകാലം ഷൊര്‍ണൂരിനടുത്തുള്ള അദ്ദേഹത്തിന്റെ ഒരു ബന്ധുഭവനത്തിലായിരുന്നു. നെടുങ്ങനാട് എന്ന പ്രാചീന ദേശവഴിയിലെ സ്ഥാനികളായിരുന്നു നെടുങ്ങാടിമാര്‍. അവിടെനിന്ന് പത്രപ്രവര്‍ത്തനവുമായി കണ്ണൂരിലെത്തിയ കുട്ടന്‍ നെടുങ്ങാടി കണ്ണൂര്‍ക്കാരുടെ പത്രാധിപരായി. ദേശമിത്രം വാരിക, സാരഗ്രാഹിമാസിക, സുദര്‍ശനം സായാഹ്ന പത്രം എന്നിവ നൂറ്റാണ്ടിനു മുമ്പ് കണ്ണൂരിന്റെ സാമൂഹ്യ സാംസ്‌കാരികാന്തരീക്ഷത്തിലെ നിര്‍ണായക സ്ഥാപനങ്ങളായിരുന്നു. അദ്ദേഹത്തിന്റെ നാട്ടുകാര്‍ വെള്ളിനെഴിയില്‍ ഒരു അനുസ്മരണ സമ്മേളനം ഏര്‍പ്പാടുചെയ്ത്, അതില്‍ ജന്മഭൂമിയുടെ പ്രതിനിധിയായി ആരെങ്കിലും വേണമെന്ന് താല്‍പര്യപ്പെട്ടു. പ്രേംനാഥ് എന്നെ ബന്ധപ്പെട്ടു. ആ പരിപാടിയില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ടു. അങ്ങനെ കഥകളിയുടേയും കേരളത്തിന്റെ തനതു കലാരൂപങ്ങളുടേയും കേളീരംഗമായ വെള്ളിനെഴിയില്‍ പോകാനും ആ ചടങ്ങില്‍ പങ്കെടുക്കാനും അവസരമുണ്ടായി. ഒറ്റപ്പാലത്തെ സംഘകാര്യകര്‍ത്താക്കളാണ് അവിടേക്കു കൊണ്ടുപോയത്. നെടുങ്ങാടിയുടെ പഴയ സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി പല മാന്യവ്യക്തികളേയും പരിചയപ്പെട്ടു. അവരേക്കാള്‍ അദ്ദേഹവുമായി അടുപ്പവും പരിചയവും ആത്മീയതയും പുലര്‍ത്തിവന്ന ഒരാളെ കണ്ടതും, അവര്‍ക്കറിവില്ല. ആ അനുഭവങ്ങള്‍ നല്‍കുകയും ചെയ്തത് വിസ്മയമായി. എനിക്ക് വിസ്മയം നല്‍കിയ മറ്റൊരു സംഭവവും അവിടെയുണ്ടായി. ഒറ്റപ്പാലത്തിനടുത്ത് കുനിശ്ശേരിയില്‍ നടന്ന നാലുദിവസത്തെ ചിന്തന്‍ബൈഠക്കില്‍ ആദ്യാവസാനം സര്‍കാര്യവാഹ് മോഹന്‍ജി ഭാഗവത് പങ്കെടുത്തിരുന്നു. അദ്ദേഹത്തിന് താമസിക്കാന്‍ നിശ്ചയിച്ചിരുന്ന ചങ്ങനാശ്ശേരിക്കാരന്‍ മുരളിസാറിന്റെ വീട്ടിലാണ് ഞാനും താമസിച്ചത്. അവിടെ പ്രബന്ധകനായിരുന്ന വെള്ളിനെഴിക്കാരന്‍ കോളേജ് വിദ്യാര്‍ത്ഥി (പേരു മറന്നു) നെടുങ്ങാടി അനുസ്മരണത്തിനിടെ വന്നുപരിചയം പുതുക്കി. പ്രേംനാഥ് ജന്മഭൂമിയില്‍ വരുന്നതിനു മുമ്പ് ഫാക്ടില്‍ ഉയര്‍ന്ന പദവിയുള്ള ജോലിയിലായിരുന്നു. ഇടപ്പള്ളി മേനോന്‍പറമ്പ് റോഡില്‍ നല്ല വീട് നിര്‍മ്മിച്ച് കുടുംബസഹിതം താമസിക്കുമ്പോള്‍ അവിടെ ചെന്ന് കുറേസമയം പഴയ ഓര്‍മകള്‍ പുതുക്കി ചെലവഴിച്ചു. അദ്ദേഹത്തിന്റെ മൃതദേഹം കോട്ടയത്ത് കാരാപ്പുഴയിലെ തറവാട്ടു ശ്മശാനത്തിലാണ് സംസ്‌കരിച്ചത്. പഴയ എന്നുവച്ചാല്‍ നൂറ്റാണ്ടുകള്‍ക്കപ്പുറത്തു തെക്കുംകൂര്‍ രാജാവിന്റെ സ്ഥാനികളില്‍പ്പെട്ട മുഞ്ഞനാട്ട് (പണിക്കര്‍) തറവാട്ടിലെ അംഗമായിരുന്നു പ്രേംനാഥ്. അതിന്റെ തറവാടിത്തം അദ്ദേഹത്തിന്റെ വാക്കിലും പ്രവൃത്തിയിലും കാണാമായിരുന്നു. ആജ്ഞാശക്തിയുള്ള വാക്കുകളായിരുന്നു പുറത്തുവരിക. ആ നിര്‍ദ്ദേശങ്ങള്‍ അവസരോചിതമാണോ, പ്രായോഗികമാണോ യഥാര്‍ത്ഥ വസ്തുസ്ഥിതികളെ ശരിക്കും വിലയിരുത്തിയെടുത്തതാണോ എന്നും മറ്റും പലപ്പോഴും ചിന്തിക്കുമായിരുന്നില്ല. അതുകൊണ്ട് ചിലപ്പോള്‍ നിരാശയും വന്നിട്ടുണ്ട്. മുഞ്ഞനാട്ട് കൃഷ്ണപ്പണിക്കര്‍ എന്ന അധ്യാപകന്‍ 1946-48 വര്‍ഷങ്ങളില്‍ എന്റെ ക്ലാസ്ടീച്ചറായി തൊടുപുഴ ഹൈസ്‌കൂളിലുണ്ടായിരുന്നു. ആറടിയിലേറെ പൊക്കമുള്ള അദ്ദേഹം കോട്ടിട്ടാണ് വന്നിരുന്നത്. ചന്ദനക്കുറിയും ഹൈനസ് മീശയും സദാ പുഞ്ചിരിയും പണിക്കര്‍സാറിന്റെ മുഖമുദ്രയായിരുന്നു. കാരാപ്പുഴ നായര്‍ സമാജം സ്‌കൂളില്‍ പ്രഥമാധ്യാപകനായി 15 വര്‍ഷം കഴിഞ്ഞപ്പോള്‍ സര്‍ക്കാര്‍ സര്‍വീസില്‍ സെലക്ഷന്‍ കിട്ടി. ബിഎഎല്‍ടിക്കാരനായ അദ്ദേഹം തൊടുപുഴ ഏറ്റവും ജൂനിയറായി ഞങ്ങളുടെ ക്ലാസ് അധ്യാപകനായിട്ടാണ് പ്രവേശിച്ചത്. അതിന്റെ വിഷണ്ണത ഞങ്ങള്‍ കുട്ടികളോടു മറച്ചുവച്ചുമില്ല. ഞങ്ങളുടെ പ്രിയങ്കരനായിരുന്ന കുഞ്ഞികൃഷ്ണന്‍ സാറിനു പകരം വന്ന പണിക്കര്‍സാറിനെ ആര്‍ക്കും ഇഷ്ടമായില്ല. ഇംഗ്ലീഷ് പഠിപ്പിക്കുമ്പോള്‍ മലയാള വാക്ക് സംസാരിക്കാന്‍ പാടില്ല. 'ബ്യൂട്ടി ആന്‍ഡ് ദ ബീസ്റ്റ്' എന്ന പാഠം കുഞ്ഞികൃഷ്ണന്‍സാര്‍ പഠിപ്പിച്ചതുതന്നെ പണിക്കര്‍സാര്‍ പഠിപ്പിച്ചപ്പോള്‍ കുട്ടികള്‍ക്ക് വ്യത്യാസം വിഷമകരമായി. ക്രമേണ വര്‍ഷാവസാനമായപ്പോഴേക്കും അദ്ദേഹം കുട്ടികളുടെ ഇഷ്ടസാറായി. 1964-67 കാലത്ത് ഞാന്‍ കോട്ടയം ജില്ലാ പ്രചാരകനായിരിക്കെ ധാരാളം പുതിയ സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളെ ടൗണില്‍ പ്രചാരകനായിരുന്ന മാധവനുണ്ണി ശാഖയില്‍ കൊണ്ടുവന്നു. അവരില്‍ കുമ്മനം രാജശേഖരന്‍, ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, പരേതനായ പ്രാന്തീയ സേവാപ്രമുഖ് കെ.എന്‍. മേനോന്‍, കനകരാജന്‍, പ്രേംനാഥ്, വിജയനാഥ്, പനയക്കഴപ്പ് രാമചന്ദ്രന്‍, വിശ്വന്‍ പാപ്പ തുടങ്ങി അനേകംപേര്‍ ഓര്‍മ്മയില്‍ വരുന്നു. ഇനിയും ധാരാളംപേരുണ്ട്. അവരെ മറന്നുവെന്ന് ആരും വിചാരിക്കണ്ട. ശാഖ കഴിഞ്ഞ് തിരുനക്കര ക്ഷേത്രത്തിനു മുന്‍വശത്തുള്ള പടികളിലിരുന്ന് നടത്തിയ സല്ലാപം, അവിടത്തെ നിരന്തര കാഴ്ചയായിരുന്നു. 1965 ല്‍ കാലടി സംഘശിക്ഷാവര്‍ഗില്‍ രണ്ടു പ്രമുഖരായ കോട്ടയത്തുകാര്‍ എന്റെ ഗണയിലുണ്ടായിരുന്നു. പിന്നീട് കോളേജധ്യാപകനും സംസ്‌കൃതപണ്ഡിതനും ആത്മീയ വിഭൂതിയുമൊക്കെയായിത്തീര്‍ന്ന മാ. ദക്ഷിണാമൂര്‍ത്തിയെന്ന പേര്‍ സ്വീകരിച്ച വേലപ്പന്‍, എല്‍ഐസി ജീവനക്കാരന്‍ വിജയകുമാരന്‍ കര്‍ത്ത എന്നിവര്‍ക്കു പുറമെ വിദ്യാഭാരതിയുടെ ചുമതല വഹിച്ചിരുന്ന എല്‍. വിജയന്‍, പ്രത്യേക മുഖവുര ആവശ്യമില്ലാത്ത പി.പി. മുകുന്ദന്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍. ഒരുപക്ഷേ പില്‍ക്കാലത്തു ഇത്രയേറെ പ്രമുഖ ചുമതലകള്‍ വഹിച്ചവര്‍ ഒരുമിച്ചുവന്ന മറ്റൊരു ഗണ ഒരു ശിക്ഷാവര്‍ഗിലും ഉണ്ടായിക്കാണില്ല. അതിന്റെ ശിക്ഷകനായിരുന്ന എനിക്ക് ചിലപ്പോഴെങ്കിലും 'അമ്പട ഞാനേ' എന്നു തോന്നിയിട്ടുണ്ട്. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം വിജയകുമാരന്‍ കര്‍ത്താവിനെയും പ്രേംനാഥിനെയും ഒരുമിച്ച് കോട്ടയം കാര്യാലയത്തില്‍ കണ്ടു. അദ്ദേഹം വീട്ടിലേക്കു ക്ഷണിച്ചു. കാരാപ്പുഴയിലെ വീട്ടിലെത്തിയപ്പോള്‍ ചാരുകസേരയില്‍ കിടന്ന വൃദ്ധന്‍ ആരാ വന്നത് എന്ന മട്ടില്‍ കണ്ണടയ്ക്കു മുകളിലൂടെ ദൃഷ്ടി പായിച്ചു. ഒറ്റനോട്ടത്തില്‍ത്തന്നെ ഞങ്ങളുടെ ഫസ്റ്റ്‌ഫോമിലെ ക്ലാസ്ടീച്ചര്‍. എം.എ. കൃഷ്ണപ്പണിക്കര്‍ ബിഎഎല്‍ടിയെ തിരിച്ചറിഞ്ഞു. പ്രേംനാഥും വിജയകുമാരന്‍ കര്‍ത്താവും പിന്നെ എനിക്കു പ്രസക്തരായില്ല. അവര്‍ക്ക് എന്നെ പരിചയപ്പെടുത്തേണ്ട ബുദ്ധിമുട്ടുമുണ്ടായില്ല. അധ്യാപകനായ കാലവും സര്‍ സിപിയുടെ വിദ്യാഭ്യാസ പരിഷ്‌കരണങ്ങളും വിദ്യാഭ്യാസരംഗത്ത് വന്നുപിണഞ്ഞുകൊണ്ടിരുന്ന അനുക്രമമായ അപചയവുമെല്ലാം പണിക്കര്‍സാറിന്റെ വീക്ഷണത്തില്‍ കേള്‍ക്കാന്‍ കഴിഞ്ഞു. പ്രേംനാഥിനെപ്പറ്റി പറഞ്ഞുപറഞ്ഞ് എവിടെയൊക്കെയോ ശാഖാചംക്രമണം ചെയ്തു. അതിബുദ്ധിമാനും, ഉറച്ച വിശ്വാസവും സ്വതന്ത്ര മനോഭാവക്കാരനുമായിരുന്നു. രാമന്‍പിള്ളയെയാണ് അദ്ദേഹം രാഷ്ട്രീയഗുരുവായി സ്വീകരിച്ചത്. ജനപക്ഷത്തിന്റെ സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയും ചെയ്തു. ഹൈലി ഇന്‍ഡിപെന്‍ഡന്റ്, പ്രാഗ്മാറ്റിക് പ്രോഗ്രസീവ്, ഇന്റലിജന്റ് എലൈറ്റ് എന്നതിലെ പ്രാഗ്മാറ്റിക് എന്നതൊഴികെ ബാക്കിയൊക്കെ അദ്ദേഹത്തിന് ചേരുമായിരുന്നു. ആ പ്രയോഗത്തിന്റെ മൊത്തംതാല്‍പര്യമെടുത്താല്‍ (ഒകജജകഋ) ഒട്ടും യോജിക്കുകയില്ല, കടകവിരുദ്ധവുമായിരുന്നു. വളരെ പ്രിയപ്പെട്ട, വിലയേറിയ ഓര്‍മകളും അനുഭവങ്ങളും സമ്മാനിച്ചു കടന്നുപോയ പ്രേംനാഥിന് നമസ്‌കാരം.