ഗാന്ധിവധം അവഗണിക്കപ്പെട്ട നാൾവഴികൾ

Saturday 24 December 2016 5:26 pm IST

ഇരുപതാം നൂറ്റാണ്ടു ദര്‍ശിച്ച ഏറ്റവും ദാരുണമായ ദുരന്തങ്ങളില്‍ ഒന്ന് ഗാന്ധിവധമാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ഒരശനിപാതം പോലെയാണ് ലോകം ആ വാര്‍ത്ത ശ്രവിച്ചത്. നിമിഷങ്ങള്‍ക്കകം ഗദ്ഗദകണ്ഠനായി ഇന്ത്യന്‍ പ്രധാനമന്ത്രി പ്രതിയെയും അയാളുടെ രാഷ്ട്രീയത്തേയും തിരിച്ചറിഞ്ഞ് പ്രഖ്യാപിച്ചു. 'നാഥുറാം ഗോഡ്‌സെ ആര്‍.എസ്.എസുകാരനായ ഹിന്ദു തീവ്രവാദിയാണ്.' ജവഹര്‍ലാല്‍ നെഹ്‌റു എന്ന രാഷ്ട്രീയനേതാവിന്റെ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ നിറഞ്ഞാടുകയായിരുന്നു. സംഘത്തെ നിരോധിച്ചു. ഗുരുജി ഗോള്‍വള്‍ക്കരടക്കം ആയിരങ്ങള്‍ തുടര്‍ന്നങ്ങോട്ട് ഇരുമ്പഴികള്‍ക്കകത്തായി. ഗാന്ധിഘാതകര്‍ എന്ന ആരും വെറുക്കുന്ന, അറയ്ക്കുന്ന മേലങ്കി ദേശാഭിമാനികളായ ഒരു വിഭാഗത്തിനുമേല്‍ ചാര്‍ത്തിക്കൊടുക്കുകയായിരുന്നു. ഇതിന്റെ പിന്നാമ്പുറക്കഥയുടെ ചുരുളഴിക്കുകയാണ് 'ഗാന്ധിവധം അവഗണിക്കപ്പെട്ട നാള്‍വഴികള്‍' എന്ന പുസ്തകത്തിലൂടെ ഷാബു പ്രസാദ്. നിഷ്പക്ഷനായ വായനക്കാരനെ മാത്രമല്ല, ചിന്തകനെയും ഉണര്‍ത്താന്‍ പര്യാപ്തമായ ചോദ്യങ്ങള്‍. 1948 ജനുവരി 30 നു നാഥുറാം ഗോഡ്‌സെയുടെ നിറതോക്കിനു വിധേയനായി. എന്നാല്‍ ജനുവരി 20 നു ഗോഡ്‌സെയും മദന്‍ലാലും ആപ്‌തെയും ഗാന്ധിജിയെ വധിക്കാന്‍ ശ്രമിച്ചിരുന്നില്ലേ? മഹാത്മാവിന്റെ നേര്‍ക്കുള്ള നാലാമത്തെ വധശ്രമമായിരുന്നു ജനുവരി 30 ന് നടന്നത്. എന്തുകൊണ്ടാണ് സര്‍ക്കാരും പോലീസും ഘാതകരെ നിര്‍ബാധം സഞ്ചരിക്കാന്‍ അനുവദിച്ചത്? ഗാന്ധിവധത്തിന്റെ അന്വേഷണോദ്യോഗസ്ഥനായ ഡി.ഐ.ജി. മെഹ്‌റയെ പ്രതിയായ മദന്‍ലാലിനെ ചോദ്യം ചെയ്യുന്നതില്‍ വിലക്കേര്‍പ്പെടുത്തിയത് ആര്‍ക്കുവേണ്ടി? നാഥുറാം ഗോഡ്‌സെയും മറ്റു പ്രതികളും അംഗങ്ങളായ ഹിന്ദുമഹാസഭയെ നിരോധിക്കാതെ എന്തുകൊണ്ടാണ് ആര്‍.എസ്.എസിനെ നിരോധിച്ചത്? ഗുരുജി ഗോള്‍വള്‍ക്കര്‍ക്കു ജയിലറയും അന്നത്തെ ഹിന്ദു മഹാസഭാ അധ്യക്ഷന്‍ നിര്‍മല്‍ ചന്ദ്ര ചാറ്റര്‍ജിക്ക് ജഡ്ജി സ്ഥാനവും നല്‍കിയതാര്? എന്തിന്റെ പാരിതോഷികമായാണ് ചാറ്റര്‍ജിയെ കോണ്‍ഗ്രസ്-കമ്യുണിസ്റ്റ് പാര്‍ട്ടികള്‍ മാറിമാറി എം.പി.ആക്കിയത്? (ഇദ്ദേഹത്തിന്റെ മകനാണ് ഇടതുപക്ഷത്തെ ചതിച്ച് യുപിഎയെ പിന്തുണച്ച സിപിഎം നേതാവായ മുന്‍ സ്പീക്കര്‍ സോമനാഥ ചാറ്റര്‍ജി.) മഹാത്മാഗാന്ധി, നേതാജി സുഭാഷ്ചന്ദ്രബോസ്, ശ്യാമപ്രസാദ് മുഖര്‍ജി തുടങ്ങിയവരുടെ തിരോധാനത്തിന്റെ ഗുണഭോക്താക്കളാര്? ഗാന്ധിവധത്തിന്റെ പേരില്‍ മുതലക്കണ്ണീരൊഴുക്കിയവരെ തുറന്നുകാട്ടുകയാണ് ഈ ഗ്രന്ഥത്തിലൂടെ. കോണ്‍ഗ്രസിനെ തന്നെ പിരിച്ചുവിടാന്‍ ആവശ്യപ്പെട്ട ഗാന്ധിജി അവര്‍ക്കൊരു മാര്‍ഗ തടസ്സമായിരുന്നു. മഹാത്മാ ഗാന്ധിയേയും കുടുംബത്തെത്തന്നെയും ഇല്ലാതാക്കി, ഗാന്ധിപ്പെരുമ സ്വയം എടുത്തണിഞ്ഞ കുടുംബം, പതിറ്റാണ്ടുകള്‍ കുടുംബഭരണം തുടര്‍ന്ന് നാടിന്റെ ചരിത്രം മാറ്റിയെഴുതിയവര്‍, ബ്രിട്ടീഷ് ഭരണത്തിന്റെ നേരവകാശികള്‍. അവര്‍ക്കുകൂട്ടായി ക്വിറ്റിന്ത്യാ സമരത്തെ ഒറ്റുകൊടുത്തവരും കൂടി. ഗാന്ധിഘാതകന്റെ പ്രസ്ഥാനമായ ഹിന്ദുമഹാസഭയുടെ അഖിലേന്ത്യാ അധ്യക്ഷനെ തന്നെ ഇന്ത്യന്‍ പാര്‍ലിമെന്റില്‍ അംഗമാക്കി. മഹാത്മാഗാന്ധിയും ദേശീയപ്രസ്ഥാനങ്ങളും എക്കാലത്തും ഇവര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. എതിരെന്നു തോന്നിയ നേതാക്കളെ ഒന്നൊന്നായി ഇല്ലായ്മ ചെയ്തും ദേശീയപ്രസ്ഥാനങ്ങളെ പ്രതിക്കൂട്ടില്‍നിര്‍ത്തി അപകീര്‍ത്തിപ്പെടുത്തിയും കോണ്‍ഗ്രസ്-കമ്യുണിസ്റ്റ് കൂട്ടുകെട്ട് ഏഴുപതിറ്റാണ്ടു പിന്നിട്ടു. ഭരണം നിലനിര്‍ത്താന്‍ ഒരു കുടുംബം നടത്തിയ ചെയ്തികളും, അതിനെ കൈയും മെയ്യും മറന്നു സഹായിക്കാന്‍ വിദേശ പിന്തുണയോടെ വിധ്വംസക പ്രസ്ഥാനങ്ങളും നടത്തിയ പ്രവര്‍ത്തനങ്ങളുടെ നേര്‍ചിത്രമാണ് 'ഗാന്ധിവധം അവഗണിക്കപ്പെട്ട നാള്‍വഴികള്‍'

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.