പൈതലാം യേശുവേ

Saturday 24 December 2016 5:30 pm IST

ഇന്ന് ഒരു ക്രിസ്തുമസ് ഞായര്‍ ആയിരുന്നു. നഗരത്തില്‍ വിവിധ ക്രിസ്തീയ സഭകളും സംഘടനകളും സംഘടിപ്പിച്ച ക്രിസ്തുമസ് കാരള്‍ സര്‍വീസില്‍ മുഖ്യസന്ദേശം നല്‍കുവാന്‍ പോവുകയായിരുന്നു ഞാന്‍. തീവണ്ടിയിലായിരുന്നു യാത്ര. നട്ടുച്ച നേരം വെയിലിന്റെ അസഹ്യമായ ചൂടും യാത്രയുടെ ക്ഷീണവും മൂലം ഉറങ്ങിപ്പോയതറിഞ്ഞില്ല. കര്‍ണാനന്ദകരമായ ഒരു ക്രിസ്തുമസ് ഗാനമാണ് ഉറക്കത്തില്‍ നിന്ന് ഉണര്‍ത്തിയത്. തീവണ്ടി ഒരു സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. പൈതലാം യേശുവേ ഉമ്മവച്ചുമ്മവച്ചുണര്‍ത്തിയ ആട്ടിടയര്‍...ഉന്നതരേ നിങ്ങള്‍ തന്‍ ഹൃത്തില്‍ യേശുനാഥന്‍ പിറന്നു പിന്നണി ഗായിക കെ.എസ്. ചിത്ര പാടിയ ഗാനം. ഏതോ മാലാഖ ഭൂമിയില്‍ വന്നു പാടുന്നതുപോലെ. അത്ര മധുരമായ സ്വരം. ആകാക്ഷയോടെ മുന്നിലേക്ക് നോക്കി. അത്ഭുതം കൊണ്ട് കണ്ണുകള്‍ വിടര്‍ന്നു. പത്തോ പന്ത്രണ്ടോ മാത്രം വയസ് വരുന്ന പെണ്‍കുട്ടി. വലതുകാലിന് അല്‍പം മുടന്തുണ്ട്. കീറിപ്പറിഞ്ഞ പാവാടയും ബ്ലൗസുമാണ് വേഷം. തലമുടി എണ്ണമയം കണ്ടിട്ട് മാസങ്ങളായി എന്നുതോന്നും. ചെമ്പിച്ച നിറത്തില്‍ അത് അലസമായി പിന്നിയിട്ടിരിക്കുന്നു. തോളില്‍ തൂക്കിയിട്ടിരിക്കുന്ന ഹാര്‍മോണിയം താളത്തില്‍ ഉപയോഗിച്ചാണ് അവള്‍ പാടുന്നത്. കറുത്ത് തിളങ്ങുന്ന കണ്ണുകളും പ്രസന്നമായ മുഖഭാവവും മൂലം അവള്‍ ആരുടേയും സ്‌നേഹം പിടിച്ചുപറ്റും. ഞാന്‍ മറ്റുയാത്രക്കാരുടെ മുഖത്തേക്ക് നോക്കി. സ്‌നേഹവും സഹതാപവുമാണ് എല്ലാ മുഖങ്ങളിലും. ഒരു ഇളയ സഹോദരിയോട്, അല്ലെങ്കില്‍ കൊച്ചുമകളോടുള്ളതുപോലെ നിഷ്‌കളങ്കമായ സ്‌നേഹം. അവള്‍ പിന്നെയും പാടുകയാണ്. തമിഴ് ഛായ കലര്‍ന്ന പ്രത്യേകമായ മലയാളത്തില്‍. എല്ലാവരും അത്ഭുതപ്പെട്ടു. ഈ പെണ്‍കുട്ടിക്ക് എങ്ങനെ ഇത്ര സ്വരമാധുരി? പാട്ടുകഴിഞ്ഞപ്പോള്‍ പുഞ്ചിരിക്കുന്ന മുഖഭാവത്തോടുകൂടി അവള്‍ ഓരോരുത്തരേയും സമീപിച്ചു. നാണയത്തുട്ടുകള്‍ കൊണ്ട് ആ ഇളം കൈകള്‍ നിറഞ്ഞുകവിഞ്ഞു. എല്ലാവര്‍ക്കും നന്ദി പറഞ്ഞവള്‍ പോകാന്‍ ഒരുങ്ങുമ്പോള്‍ മധ്യവയസ്‌കനായ ഒരാളും ഭാര്യയും ആ കുട്ടിയെ വിളിച്ച് പേരു ചോദിച്ചു. 'മുത്തുലക്ഷ്മി'- അവള്‍ പറഞ്ഞു. ആ സ്ത്രീ ചോദിച്ചു. മോള്‍ ഞങ്ങളുടെ കൂടെ പോരുന്നോ? മോളെ ഞങ്ങള്‍ പഠിപ്പിക്കാം. ഞങ്ങളുടെ മക്കളുടെ കൂടെ നിനക്കും വളരാം. ആ മുഖം പെട്ടന്നു മ്ലാനമായി. പെയ്യാറായ മേഘം പോലെ കറുത്തു. കണ്ണുകള്‍ സജലങ്ങളായി. യാത്രക്കാരെല്ലാം ശ്രദ്ധിച്ചിരിക്കെ അവള്‍ പറഞ്ഞു. 'ഞാന്‍ വരുന്നില്ലമ്മേ. എനിക്കു രോഗിയായ അച്ഛനും അമ്മയും അനുജന്മാരുമുണ്ട്. ഞാന്‍ പാട്ടുപാടിയാണ് ഞങ്ങള്‍ കഴിയുന്നത്. ഞാന്‍ വന്നാല്‍ അവരെല്ലാം പട്ടിണിയാകും'. ആ പിഞ്ചുമുഖത്തെ ദൈന്യത കണ്ട യാത്രക്കാരുടെ മനസ്സ് നീറി. വേദനാജനകമായ ഒരവസ്ഥ എല്ലാവര്‍ക്കും അനുഭവപ്പെട്ടു. അല്‍പ നേരത്തിനുള്ളില്‍ മറ്റൊരു തീവണ്ടി സ്റ്റേഷനില്‍ വന്നു നിന്നു. വേഗം തന്നെ അവള്‍ ആ തീവണ്ടിയില്‍ കയറി. എത്ര പിഞ്ചുകുട്ടികള്‍ നമ്മുടെ ചുറ്റിലും വേദനയനുഭവിച്ചും കഷ്ടപ്പെട്ടും ജീവിക്കുന്നു. ആരേയും കുറിച്ചും പരാതിയും പരിഭവവും അവര്‍ക്കില്ല. എത്രയോ കുഞ്ഞുങ്ങള്‍ അടിമകളെപ്പോലെ ഫാക്ടറികളിലും ഹോട്ടലുകളിലും സമ്പന്ന ഗൃഹങ്ങളിലും കഠിനാധ്വാനം ചെയ്തുകഴിയുന്നു. അവരോട് പലപ്പോഴും ദയാദാക്ഷിണ്യം കൂടാതെ മൃഗങ്ങളോടെന്ന വണ്ണം നാം പെരുമാറുന്നില്ലെ?. പതിനാല് വയസ്സില്‍ കുറഞ്ഞ പ്രായമുള്ളവരെക്കൊണ്ട് നിര്‍ബന്ധമായി ജോലി ചെയ്യിക്കരുത് എന്ന നിയമം 'ഏട്ടിലെ പശു പുല്ലു തിന്നുമോ' എന്നതുപോലെയല്ലെ?. പൈതങ്ങളെ എന്റെ അടുക്കല്‍ വരുവാന്‍ വിടുവിന്‍. അവരെ തടയരുത്. സ്വര്‍ഗരാജ്യം അവരുടെയത്രെ എന്ന യേശുനാഥന്റെ ആഹ്വാനം ഈ ക്രിസ്മസ് വേളയില്‍ നാം കാറ്റില്‍ പറത്തുകയല്ലേ? തീവണ്ടി പുറപ്പെടാന്‍ തുടങ്ങി. അപ്പോള്‍ മറ്റേ തീവണ്ടിയില്‍ നിന്ന് മുത്തുലക്ഷ്മിയുടെ പാട്ട് ശബ്ദത്തെ ഭേദിച്ച് കാതിലെത്തുന്നുണ്ടായിരുന്നു.