സര്‍ക്കാര്‍ കബളിപ്പിച്ചു കര്‍ഷകര്‍ വലയുന്നു

Saturday 24 December 2016 6:38 pm IST

കുട്ടനാട്: മടവീഴ്ചയുണ്ടായ പുളിങ്കുന്ന് കൃഷിഭവന്‍ പരിധിയിലെ ഡി ബ്ലോക്ക് പുത്തനാറായിരം കായല്‍പാടശേഖരത്തെ മടകുത്തുന്നതിനു പത്തു ദിവസത്തിനകം നടപടി സ്വീകരിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം പതിരായി, കര്‍ഷകര്‍ പ്രതിസന്ധിയില്‍. മടകുത്തുന്നതിനു വേണ്ടി ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ തയാറാക്കിയ 2.8 കോടി രൂപയുടെ എസ്റ്റിമേറ്റ് കലക്ടര്‍ക്കു സമര്‍പ്പിച്ച് ഒരു മാസം കഴിഞ്ഞിട്ടും തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല. മടവീഴ്ചയുണ്ടായ പ്രദേശത്ത് 120 മീറ്റര്‍ നീളത്തില്‍ പൈല്‍ ആന്‍ഡ് സ്ലാബ് സ്ഥാപിച്ച് ഇതിനു പുറമേ അകത്തും പുറത്തും പരമ്പരാഗത രീതിയില്‍ പിള്ളച്ചിറ സ്ഥാപിക്കുന്നതിനുമാണ് എസ്റ്റിമേറ്റില്‍ പറഞ്ഞിരുന്നത്. കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍ പാടശേഖരത്തു സന്ദര്‍ശനം നടത്തിയാണ് കൃഷിയിറക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നു പ്രഖ്യാപിച്ചത്. മടകുത്തുന്നതു വൈകുന്നതിനാല്‍ പുഞ്ചക്കൃഷിയിറക്കാന്‍ സാധിക്കുമോയെന്ന ആശങ്കയിലാണുഇവിടുത്തെ കര്‍ഷകര്‍. മടകുത്തുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികളില്‍ കാലതാമസം ഉണ്ടായാല്‍ കൃഷിയിറക്കാന്‍ സാധിക്കാതെ വരും. മടകുത്തി കൃഷിയിറക്കുന്നതിന് ഒന്നര മാസത്തിലധികം കാലതാമസം വേണ്ടിവരുമെന്നു കര്‍ഷകര്‍ പറഞ്ഞു. 600 ഏക്കര്‍ വരുന്ന ഡി ബ്ലോക്ക് പുത്തനാറായിരം കായല്‍ നിലത്തില്‍ തുടര്‍ച്ചയായ രണ്ടാം തവണയാണു മടവീണു കൃഷി നശിക്കുന്നത്. കഴിഞ്ഞ സീസണില്‍ വിതയുടെ മുന്നൊരുക്കം നടക്കുന്ന വേളയിലാണു മടവീണത്. കൊച്ചാറിന്റെ മധ്യഭാഗത്തായി പത്തു മീറ്റര്‍ നീളത്തിലാണു അന്നു മടവീഴ്ച ഉണ്ടായത്. നിര്‍മ്മാണത്തിലെ തകരാറായിരുന്നു പ്രശ്‌നം.കഴിഞ്ഞ സീസണില്‍ മടവീണ അതേ ഭാഗത്തുതന്നെയാണ് ഇക്കുറിയും മടവീഴ്ച ഉണ്ടായത്. കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തിയുള്ള പുറം ബണ്ട് നിര്‍മാണത്തിലെ അപാകതയാണു മടവീഴ്ചയ്ക്കു കാരണമെന്നാണു കര്‍ഷകര്‍ പറയുന്നത്. കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മാണം ആരംഭിച്ച ആദ്യത്തെ പാടശേഖരം കൂടിയാണു പുത്തനാറായിരം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.