യു ടൂ ബെഹ്‌റ!

Saturday 24 December 2016 6:50 pm IST

പോലീസിനെ പോലീസിന്റെ വഴിക്ക് വിട്ടാല്‍ പോലീസ് കേറി സംഘപരിവാറായി കളയും എന്നതാണ് മാധ്യമകേരളത്തിന്റെ ഇപ്പോഴത്തെ വിശകലനവും വിലയിരുത്തലും. ഇരട്ടച്ചങ്കന്‍ പിണറായി കേരളത്തെ മൊത്തത്തില്‍ ശരിയാക്കാന്‍ കരാറെടുത്ത് കസേരയില്‍ ഇരിപ്പുറപ്പിച്ചതിന് പിന്നാലെ പോലീസില്‍ നടത്തിയ അഴിച്ചുപണി കണ്ട് അന്ന് മനം കുളിര്‍ത്തത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സഖാക്കള്‍ക്കാണ്. ഡിജിപി സെന്‍കുമാറിനെ ഹൗസിങ് ബോര്‍ഡിലേക്ക് പറഞ്ഞുവിട്ടായിരുന്നു ഒഡീഷക്കാരനായ ലോക്‌നാഥ് ബെഹ്‌റയെ പിണറായി കളത്തിലിറക്കിയത്. ആഭ്യന്തരവും വിജിലന്‍സുമടക്കം തന്റെ നിയന്ത്രണത്തില്‍ വച്ച മുഖ്യമന്ത്രി പോലീസിനെ നയത്തിലും നിയമത്തിലും സഖാക്കള്‍ക്ക് അനുകൂലമാക്കാനുള്ള പോക്കാണ് എന്നാണ് പാര്‍ട്ടിക്കാര്‍ പറഞ്ഞുനടന്നത്. ആ പോലീസാണ് ഇപ്പോള്‍ സംഘപരിവാറായി മാറിയിരിക്കുന്നത്. സഹിക്കുമോ സഖാക്കള്‍... പി. ജയരാജന്റെയും പിണറായി വിജയന്റെയും മാനസപുത്രന്‍ എ.എന്‍. ഷംസീറൊക്കെ ഇപ്പോള്‍ പറയുന്നത് പോലീസില്‍ ആര്‍എസ്എസുകാരുണ്ടെങ്കില്‍ പരിശോധിക്കും, നടപടിയെടുക്കും, പോലീസിനെ വഴിക്കു കൊണ്ടുവരും എന്നൊക്കെയാണ്. എന്നുവെച്ചാല്‍ സഖാക്കളുടെ വഴിക്കാക്കുമെന്ന് സാരം. രമേശ് ചെന്നിത്തല പെരുമ്പാവൂരില്‍ തെളിവെടുപ്പിന് കെട്ടിത്തൂക്കിയിട്ട ചെരുപ്പ് മണത്താണ് പതിനഞ്ച് നാള്‍കൊണ്ട് ബെഹ്‌റയുടെ പോലീസ് ജിഷയുടെ കൊലയാളിയെന്നുംപറഞ്ഞ് അമീനുള്‍ ഇസ്ലാമിനെ പിടിച്ചത്. അന്ന് ഇരട്ടച്ചങ്കന്റയും ബെഹ്‌റയുടെയും തലപ്പടം ഫ്‌ളക്‌സാക്കി നൂറ് ചുവപ്പന്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച സഖാക്കളാണ് ഇപ്പോള്‍ പോലീസിലെ ആര്‍എസ്എസുകാരെ നിയന്ത്രിക്കണമെന്ന് മുറവിളി കൂട്ടുന്നത്. ബെഹ്‌റയുടെ പോലീസ് ആര്‍എസ്എസ് ആകാന്‍ തുടങ്ങിയത് നിലമ്പൂരിലെ കാട്ടില്‍ പശുവിന് പുല്ലുപറിക്കാന്‍ പോയ രണ്ട് പാവം മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്നപ്പോഴാണ്. കുപ്പുദേവരാജനും അജിതയുമാണ് കൊല്ലപ്പെട്ട മാടപ്പിറാവുകള്‍. സിആര്‍പിഎഫ് സൈനികരെ കുഴിബോംബ് വെച്ച് കൊല്ലുന്ന ടീംസാണ് ഇരുവരുമെന്ന് ബെഹ്‌റയും പോലീസും ആണയിട്ടിട്ടും കാനത്തിനും കൂട്ടര്‍ക്കും വിശ്വാസമായില്ല. ലോലമാണ് കേരളത്തിലെ വിപ്ലവകാരികളുടെ മനസ്. പൈങ്കിളി സാഹിത്യവും ഒളിക്യാമറയുമാണ് പ്രിയം. തോക്ക്, വെടി, മാവോയിസ്റ്റ് എന്നൊക്കെ പറഞ്ഞ് ഒഡീഷക്കാരന്‍ തങ്ങളെ പറ്റിക്കുകയാണെന്നായിരുന്നു കാനത്തിന്റെയും പിന്നാലെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗങ്ങളുടെയും പ്രഖ്യാപനം. കേരളപോലീസിന് അഭിമാനത്തിന്റെ മുഹൂര്‍ത്തമാണിതെന്ന് നെഞ്ചുവിരിച്ച പാവം ബെഹ്‌റയ്ക്കും കൂട്ടുകാര്‍ക്കും കേരളത്തിലെ മാര്‍ക്‌സിസ്റ്റ് സഖാക്കള്‍ അന്നിട്ടുകൊടുത്തതാണ് സംഘപരിവാറിന്റെ കുപ്പായം. പോലീസിന്റെ മനോവീര്യം തകര്‍ക്കുന്ന നടപടികള്‍ക്ക് സര്‍ക്കാരില്ലെന്ന് പിണറായി വിജയന്‍ പ്രസംഗിച്ചുനടന്നെങ്കിലും പോലീസ് പിന്നെയും പിന്നെയും സംഘപരിവാറാകുന്നുവെന്ന ആരോപണമാണ് പാര്‍ട്ടി സഖാക്കള്‍ തലങ്ങും വിലങ്ങും ഉന്നയിച്ചു നടന്നത്. അതിന്റെ കൂടെയാണ് യാക്കൂബ് മേമനും അജ്മല്‍ കസബും അഫ്‌സല്‍ ഗുരുവും സക്കീര്‍നായിക്കും അബ്ദുള്‍ നാസര്‍ മദനിയുമൊക്കെയാണ് ന്യൂനപക്ഷസംരക്ഷകരെന്ന് വ്യാഖ്യാനിക്കുന്ന യെച്ചൂരിമാരുടെ ഇടപെടലുണ്ടാവുന്നത്. കൊടുങ്ങല്ലൂര്‍ക്കാരന്‍ കമാലുദ്ദീന്‍ കങ്കാണിയായി നടത്തപ്പെട്ട ചലച്ചിത്രമേളയില്‍ നിന്ന് നാലഞ്ച് അലമ്പുകളെ പോലീസ് പിടിച്ചതായിരുന്നു അടുത്ത പരാതി. തീയറ്ററുകളില്‍ പടം തുടങ്ങും മുമ്പേ ദേശീയഗാനമുണ്ടായിരിക്കണമെന്ന സുപ്രീംകോടതി വിധി വന്നതുമുതല്‍ ചൊരുക്കും ചൊറിച്ചിലും കയറിയ ചില ചാനലുകളുടെ റിപ്പോര്‍ട്ടര്‍മാരാണ് ദേശീയഗാനാലാപന സമയത്ത് കാലിന്‍മേല്‍ കാലും കയറ്റിവെച്ച് ഇരുന്നതിന് പിടിയിലായത്. വിധി വന്ന അന്നുമുതല്‍ ചര്‍ച്ച സുപ്രീംകോടതി വിധിയിലെ സംഘപരിവാര്‍ സാന്നിധ്യമായിരുന്നു. പോലീസിന്റെ ഇടപെടല്‍ കൂടിയായപ്പോള്‍ സംഗതി മൊത്തം കാവിയായി. കേരളത്തിലെ പോലീസിനെ നിയന്ത്രിക്കുന്നത് സംഘപരിവാറാണെന്നുവരെ ആക്ഷേപമുണ്ടായി. ഒറ്റ എംഎല്‍എ മാത്രമുള്ളപ്പോള്‍ പരിവാര്‍പാര്‍ട്ടിയുടെ സ്വാധീനം ഇത്ര കനത്തതാണെങ്കില്‍ അധികാരത്തിലേക്കെത്തുമ്പോഴേക്ക് പോലീസിന്റെ കാക്കിയഴിച്ച് കാവിയുടുപ്പിക്കുമെന്നൊക്കെയായി ആശങ്കകളും ആശകളും കുന്നിന്‍പൊക്കത്തേറ്റുകയാണ് ചാനല്‍പുമാന്മാരുടെ അന്തിച്ചര്‍ച്ചകളില്‍. എല്ലാമൊന്നൊതുങ്ങി പോലീസിനെ ചോപ്പുകോണകം ചുറ്റിക്കാന്‍ പാര്‍ട്ടി മെനക്കെടുന്നതിനിടയിലാണ് കരുനാഗപ്പള്ളി പോലീസും കോഴിക്കോട് നടക്കാവ് പോലീസും ചേര്‍ന്ന് ഒരുത്തനെ പൊക്കിയത്. ആള് എഴുത്തുകാരനാണെന്നും പുരോഗമനവിപ്ലവം തലയ്ക്ക് പിടിച്ച് കാടുകയറിയതാണെന്നും കസേരയിട്ട് മാനിക്കേണ്ടയാളാണെന്നുമാണ് പാര്‍ട്ടി സാംസ്‌കാരിക നായകന്മാരുടെ നിലപാട്. ചവറ പയ്യലക്കാവിലെ കൊടിമൂത്ത മാര്‍ക്‌സിസ്റ്റുകളില്‍ ഒരാളുടെ മോനാണ് ഇപ്പറഞ്ഞ മുന്തിയ സാഹിത്യകാരന്‍. എല്ലാ തീവ്ര ഇടതന്മാര്‍ക്കുമുള്ളതുപോലെ സ്വാതന്ത്ര്യദിനത്തിന് കരിങ്കൊടിപ്രകടനം നടത്തുക, ദേശീയഗാനം, ദേശീയപതാക എന്നൊക്കെ കേള്‍ക്കുമ്പോള്‍ പരമാവധി പുച്ഛിക്കുക തുടങ്ങിയവയാണ് ശീലം. വളര്‍ത്തിയ രക്ഷകര്‍ത്താക്കളെ പുലഭ്യം പറഞ്ഞ് വീട് വീട്ടിറങ്ങിയതാണ് പുള്ളിക്കാരന്റെ പുരോഗമനം. കോഴിക്കോട്ട് താവളമാക്കി വനവാസികളെ സംരക്ഷിക്കുകയാണത്രെ ഇപ്പോഴത്തെ പണി. ദേശീയഗാനത്തിനെതിരെ ഫേസ് ബുക്കില്‍ പോസ്റ്റിയും നോവലെന്നെ മറ്റോ ഇക്കൂട്ടര്‍ പേരിട്ടുവിളിക്കുന്ന സ്വന്തം കൃതി ചമച്ചും സഖാക്കളുടെയും ചാനല്‍രാമന്മാരുടെയും പുത്തന്‍ പശുപാലനാവാന്‍ യോഗം സിദ്ധിച്ച ഈ പ്രതിഭാസത്തെയാണ് ബെഹ്‌റയുടെ പോലീസ് പൊക്കിയത്. കക്ഷിയുടെ മൊത്തം ചരിത്രം പരിശോധിച്ചാണ് പോലീസ് രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കാന്‍ തീരുമാനിച്ചത്. രണ്ട് കൊല്ലം മുമ്പ് പാലക്കാട് നഗരത്തില്‍ സ്വാതന്ത്ര്യദിനപ്പരേഡ് നടക്കുമ്പോള്‍ കരിങ്കൊടി പ്രകടനം നടത്തിയതാണ് ഇയാളുടെ പുരോഗമനവിപ്ലവം. മുസ്ലിംലീഗുകാരും എസ്ഡിപിഐക്കാരും കോണ്‍ഗ്രസുകാരും പൊളിറ്റ് ബ്യൂറോകളുമെല്ലാം കൂടി കോലാഹലം ഉണ്ടാക്കിയപ്പോഴാണത്രെ അയാള്‍ക്ക് തന്നെ അയാളോട് ഒരു മതിപ്പ് തോന്നിയത്. കേരളത്തില്‍ മാന്യനാകണമെങ്കില്‍ മിനിമം രാഹുല്‍ പശുപാലനെങ്കിലുമാകണമെന്ന പാഠം മുന്നിലുള്ളപ്പോള്‍ ഇമ്മാതിരി ഉരുപ്പടികള്‍ ഇനിയും പുറത്തുവരാനാണ് സാധ്യത. വിപ്ലവനായകന്‍, നവോത്ഥാന നായകന്‍, കലാകാരന്‍, സാഹിത്യപ്രവര്‍ത്തകന്‍ തുടങ്ങി വിശേഷണങ്ങള്‍ ധാരാളം. മുന്‍നിര മാധ്യമങ്ങള്‍ മുതല്‍ ഏത് ഏഭ്യനെയും സാംസ്‌കാരികനായകനാക്കുന്ന ആര്‍ട്ട് ഇന്‍സ്റ്റലേഷന്‍ ബേബി വരെയുള്ള പാണന്മാര്‍ പാടിപ്പുകഴ്ത്താനുള്ളപ്പോള്‍ പിന്നെന്ത് പോലീസ്... പണ്ടൊരിക്കല്‍ ഒരു അശ്ലീല സാഹിത്യകാരന്റെ ദര്‍ശനം എന്ന പേരില്‍ തെറിക്കഥ എഴുതുന്ന ഒരുത്തന്റെ സുദീര്‍ഘമായ അഭിമുഖം പ്രസിദ്ധീകരിച്ച് സാംസ്‌കാരികകേരളത്തിന്റെ മുഖത്ത് മലം വാരിയെറിഞ്ഞ മാതൃഭൂമി ആഴ്ചപ്പതിപ്പിന് ഒരു ലക്കം കവര്‍‌സ്റ്റോറിക്കുള്ള വകയാണ് വിദ്വാന്‍. വിട്ടുകളയരുത്. ഇത്തരക്കാരെയൊന്നും തൊട്ടുകളിക്കരുതെന്നാണ് പിണറായി വിജയന്റെ ഒടുക്കത്തെ നിര്‍ദ്ദേശം. ദേശീയഗാനത്തെ അപമാനിക്കുന്നതൊന്നും ദേശദ്രോഹമല്ലെന്നും മുഖ്യന്‍ ബെഹ്‌റയെ ധരിപ്പിച്ചിട്ടുണ്ടത്രെ. മറ്റേത് സംസ്ഥാനത്തായാലും ഇമ്മാതിരി നടപടികള്‍ക്ക് പോലീസ് സേന അഭിനന്ദിക്കപ്പെടുമ്പോഴാണ് ഇവിടെ ബെഹ്‌റയ്ക്കും പോലീസിനും അപമാനം നേരിടുന്നത്. അല്ലെങ്കിലും ബെഹ്‌റയ്ക്ക് എന്‍ഐഎക്കാരന്റെ മനസ്സാണെന്നാണ് ഒടുവില്‍ പാര്‍ട്ടിയിലെ ചാരന്മാര്‍ ഗവേഷണം നടത്തി തിരിച്ചറിഞ്ഞത്. എന്‍ഐഎയുടെ ആദ്യ അന്വേഷണസംഘത്തിലെ അംഗമായിരുന്നു ഈ ഒറീസ്സക്കാരന്‍. അതിനുമുമ്പ് സിബിഐ ആയിരുന്നു ലാവണം. ഗ്രഹാം സ്റ്റെയിന്‍ വധവും പുരുളിയ ആയുധ ഇടപാടും മുംബൈയിലെ ബോംബ് സ്‌ഫോടനപരമ്പരയുമൊക്കെ അന്വേഷിച്ച് പാരമ്പര്യമുള്ള ഒരു പോലീസ് ഓഫീസറാണ് ലക്ഷങ്ങള്‍ തലയ്ക്ക് വിലയിട്ടിരുന്ന കുപ്പുദേവരാജനെ വധിച്ചത് അഭിമാനമുഹൂര്‍ത്തമാണെന്ന് പറഞ്ഞത്. പറഞ്ഞിട്ടെന്തുകാര്യം? നടക്കാവ് പോലീസ് പിടികൂടിയ പ്രതിഭാസത്തിന്റെ പുതിയ പുസ്തകത്തിന്റെ പേര് 'ഞാനും ശശിയും' എന്നാണുപോലും. ഇപ്പോള്‍ ആരാണ് ശശിയെന്ന് അന്തം വിട്ടിരിപ്പാണ് ബെഹ്‌റയും സംഘവും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.