അയ്യപ്പന് ഇന്ന് തിരുവാഭരണം ചാര്‍ത്തല്‍; ശബരിമല ഭക്തസാഗരം

Saturday 24 December 2016 9:16 pm IST

ശബരിമല: മണ്ഡലമഹോത്സവത്തിന് സമാപനം കുറിക്കുന്ന മണ്ഡലപൂജയക്ക് ഇനി മണിക്കൂറുകള്‍. ജനലക്ഷങ്ങള്‍ കാത്തിരുന്ന തിരുവാഭരണം ചാര്‍ത്തല്‍ ഇന്ന് ദീപാരാധനക്ക് നടക്കും. ഇതിന് സാക്ഷിയാകാന്‍ ഭക്തജനങ്ങള്‍ ഒഴുകിയെത്തുകയാണ്. ഉച്ചയ്ക്ക് പമ്പയില്‍ എത്തിച്ചേരുന്ന തിരുവാഭരണ ഘോഷയാത്ര പമ്പയില്‍നിന്ന് മൂന്നുമണിക്ക് പുറപ്പെട്ട് അഞ്ചുമണിക്ക് ശരംകുത്തിയില്‍ എത്തും. സന്നിധാനത്ത് തന്ത്രി കണ്ഠര് രാജീവരുടെ കൈയ്യില്‍നിന്നും പൊട്ടുതൊട്ട് ദേവസ്വംബോര്‍ഡ് അധികൃതര്‍ അഞ്ചുമണിയോട് ശരംകുത്തിയിലെത്തിയാണ് സ്വീകരണം നല്‍കുക. ഇവിടെനിന്ന് സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കുന്ന ഘോഷയാത്ര നടപ്പന്തല്‍വഴി പതിനെട്ടാംപടികയറി ശ്രീകോവിലിന് മുന്നിലെത്തുമ്പോള്‍തന്ത്രി ആചാരപൂര്‍വം തിരുവാഭരണം ഏറ്റുവാങ്ങും. തുടര്‍ന്ന് തിരുവാഭരണം അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തും. ഇന്ന് രാവിലെ എട്ടിന് പെരുനാട് ക്ഷേത്രത്തില്‍ നിന്ന് തങ്കയങ്കി ഘോഷയാത്ര തുടരും. ഒന്‍പതിന് ളാഹ സത്രം, 10ന് പ്ലാപ്പള്ളി, 11ന് നിലയ്ക്കല്‍ ക്ഷേത്രം, ഉച്ചകഴിഞ്ഞ് ഒന്നിന് ചലക്കയം തുടര്‍ന്ന് ഒന്നരയ്ക്ക് പമ്പയിലെത്തി വിശ്രമം. വൈകിട്ട് മൂന്നിന് പമ്പയില്‍നിന്നും പുറപ്പെട്ട് അഞ്ചുമണിയോടെ ശരംകുത്തിയില്‍ എത്തിച്ചേരും. കഴിഞ്ഞ 22ന് ആറന്മുള ശ്രീ പാര്‍ത്ഥഷേത്രത്തില്‍നിന്നുമാണ് ഘോഷയാത്ര ആരംഭിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.