അണ്ടര്‍ 19 ഏഷ്യാകപ്പ് ക്രിക്കറ്റ്; ഹാട്രിക്ക് നിറവില്‍ ഇന്ത്യ

Saturday 24 December 2016 9:33 pm IST

അണ്ടര്‍ 19 ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ജേതാക്കളായ ടീം ഇന്ത്യ അംഗങ്ങള്‍ ട്രോഫിയുമായി

കൊളംബോ: അണ്ടര്‍ 19 ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് ഹാട്രിക്ക് കിരീടം. കൊളംബോയിലെ പ്രേമദാസ സ്‌റ്റേഡിയത്തില്‍ വെള്ളിയാഴ്ച രാത്രി അവസാനിച്ച ആവേശഫൈനലില്‍ 34 റണ്‍സിന് ആതിഥേയരായ ശ്രീലങ്കയെ തകര്‍ത്താണ് ഇന്ത്യ കിരീടം നിലനിറത്തിയത്. സ്‌കോര്‍ ചുരുക്കത്തില്‍: ഇന്ത്യ 50 ഓവറില്‍ എട്ട് വിക്കറ്റിന് 273. ശ്രീലങ്ക 48.4 ഓവറില്‍ 239ന് ഓള്‍ ഔട്ട്.

2012ല്‍ ടൂര്‍ണമെന്റ് ആരംഭിച്ച ശേഷം ഇന്ത്യ ഏഷ്യാകപ്പ് കിരീടം കൈവിട്ടിട്ടില്ല. ആദ്യ രണ്ടുതവണയും പാക്കിസ്ഥാനായിരുന്നു ഇന്ത്യയുടെ എതിരാളികള്‍. 2012ല്‍ മത്സരം ടൈ ആയതിനെ തുടര്‍ന്ന് ഇന്ത്യയും പാക്കിസ്ഥാനും കിരീടം പങ്കുവച്ചപ്പോള്‍ 2014-ല്‍ പാക്കിസ്ഥാനെ 40 റണ്‍സിന് തകര്‍ത്ത് ഇന്ത്യന്‍ യുവനിര ചാമ്പ്യന്മാരായി.

വെള്ളിയാഴ്ച നടന്ന ഫൈനലില്‍ ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഇന്ത്യ ഓപ്പണര്‍ ഹിമാന്‍ഷു റാണ (70)യുടെയും ശുഭ്മാന്‍ ഗില്ലി (70)ന്റെയും കരുത്തിലാണ് 273 റണ്‍സ് അടിച്ചുകൂട്ടിയത്. ഇവര്‍ക്കു പുറമെ പൃഥ്വി ഷാ (39), ക്യാപ്റ്റന്‍ അഭിഷേക് ശര്‍മ്മ (29), സല്‍മാന്‍ ഖാന്‍ (26) വാലറ്റത്ത് കമലേഷ് നഗര്‍കോതി (23) എന്നിവരും ഭേദപ്പെട്ട ബാറ്റിങ്ങ് കാഴ്ചവെച്ചു.
മികച്ച സ്‌കോര്‍ പിന്തുടര്‍ന്ന പാഡണിഞ്ഞ ലങ്കക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ചതുരംഗയെ (13) നഷ്ടമായെങ്കിലും രെവന്‍ കെല്ലിയും (62)ഹസിത ബോയഗോഡയും (37) ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 78 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അര്‍ദ്ധശതകത്തോടെ നായകന്‍ കമിന്ദു മെന്‍ഡിസും (53) തിളങ്ങിയതോടെ ലങ്ക വിജയത്തിലേക്ക് നീങ്ങുകയായിരുന്നു. 30 ഓവറുകള്‍ പിന്നിടുമ്പോള്‍ രണ്ടിന് 158 എന്ന ശക്തമായ നിലയിലായിരുന്ന ശ്രീലങ്കയ്ക്ക് പിന്നീട് താളം നഷ്ടപ്പെടുകയായിരുന്നു.

കളി അവസാന പത്ത് ഓവറിലേക്ക് നീങ്ങിയശേഷമാണ് ഇന്ത്യ കൈവിട്ട കളി തിരിച്ചുപിടിച്ചത്. അവസാന 8.4 ഓവറില്‍ ആറ് ലങ്കന്‍ വിക്കറ്റുകളാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ പിഴുതത്. ഇന്ത്യക്ക് വേണ്ടി അഭിഷേക് വര്‍മ്മ 10 ഓവറില്‍ 37 റണ്‍സ് വഴങ്ങി നാലും രാഹുല്‍ ചഹാര്‍ 22 റണ്‍സിന് മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. യാഷ് താക്കൂര്‍ ഒരു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രണ്ടു പേരെ റണ്ണൗട്ടാക്കി ഇന്ത്യ ഫീല്‍ഡിങ്ങിലും മികച്ചുനിന്നു.

അഭിഷേക് ശര്‍മ്മയാണ് മാന്‍ ഓഫ് ദി മാച്ച്. പരമ്പരയിലെ താരമായി ഇന്ത്യയുടെ ഹിമാന്‍ഷു റാണ തെരഞ്ഞെടുക്കപ്പെട്ടു. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡാണ് ഇന്ത്യ അണ്ടര്‍-19 ടീം കോച്ച്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.