ആര്‍എസ്എസ് നേതാവിനെ തട്ടിയെടുത്ത് കൊല്ലാന്‍ ശ്രമം

Saturday 24 December 2016 10:13 pm IST

സിപിഎം അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബാബു

തിരൂര്‍: ആര്‍എസ്എസ് താലൂക്ക് ശാരീരിക് ശിക്ഷണ്‍ പ്രമുഖിനെ തട്ടിക്കൊണ്ടുപോയി കൊന്ന് പുഴയില്‍ തള്ളാന്‍ സിപിഎം ശ്രമം. മലപ്പുറം തിരൂരില്‍ തിരുന്നാവായ താലൂക്ക് പ്രമുഖ് കറുത്താപുറത്ത് ബാബു(25)വിനെയാണ് അതിക്രൂരമായി മര്‍ദ്ദിച്ച് കൊല്ലാന്‍ ശ്രമിച്ചത്. അജ്ഞാതകേന്ദ്രത്തിലെത്തിച്ച് സിപിഎം സംഘം യുവാവിനെ ആറ് മണിക്കൂര്‍ നിര്‍ത്താതെ മര്‍ദ്ദിച്ചു.

കഴിഞ്ഞ രാത്രി ഒന്‍പതോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് മങ്ങലംകടവ് പാലത്തിന് സമീപത്ത് വെച്ച് ആക്രമണം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഇളയാട്ടില്‍ സതീഷ്‌കുമാറും വാര്‍ഡ് മെമ്പര്‍ സുധീഷും അടങ്ങിയ സംഘമാണ് ബൈക്ക് തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചത്. കണ്ണും കൈയും കെട്ടി ഓട്ടോറിക്ഷയില്‍ കയറ്റി. അരമണിക്കൂറോളം ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചു. അപ്പോഴും മര്‍ദ്ദനം തുടര്‍ന്നു. തുടര്‍ന്ന് തോണിയില്‍ കയറ്റി ആള്‍താമസമില്ലാത്ത ദ്വീപിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് വീണ്ടും മര്‍ദ്ദിച്ചു.

രാത്രി 10.20 ഓടെ ബാബു സിപിഎമ്മിന്റെ കസ്റ്റഡിയിലുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു. തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ഡിവൈഎസ്പി അടക്കമുള്ള പോലീസ് സംഘം, സിപിഎം നേതാക്കളോട് ആവശ്യപ്പെട്ടെങ്കിലും ബാബുവിനെ വിട്ടുനല്‍കാന്‍ തയ്യാറായില്ല.
അവശനായ ബാബുവിനെ പുഴയില്‍ കെട്ടിതാഴ്ത്തുകയായിരുന്നു ലക്ഷ്യം. ഇതിനായി കയറും മറ്റും സംഘടിപ്പിക്കാന്‍ പോയ സമയത്ത് ബാബു അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു.

ചെന്നെത്തിയത് തനിക്കായി തെരച്ചില്‍ നടത്തുന്ന പോലീസ് സംഘത്തിന് മുന്നില്‍ തന്നെയാണ്. അവശനായ ബാബുവിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത് തിരൂര്‍ എസ്‌ഐയാണ്.
ഇരുമ്പുവടിയും, ആണിയടിച്ച പലകയും ഉപയോഗിച്ച് അതിക്രൂരമായാണ് മര്‍ദ്ദിച്ചത്. തലക്കും കവിളിനും നെഞ്ചിലും പരിക്കേറ്റിട്ടുണ്ട്. ഇരുകൈകാലുകള്‍ക്കും പൊട്ടലുണ്ട്. ശരീരത്തിന്റെ എല്ലാ ഭാഗവും ചതഞ്ഞ നിലയിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.