ഗുണ്ടാ ആക്രമണം; ആര്‍എസ്എസ് മണ്ഡല്‍ കാര്യവാഹിന് വെട്ടേറ്റു

Saturday 24 December 2016 10:57 pm IST

വിളപ്പില്‍: കൊല്ലംകോണത്ത് വീടുകയറി ഗുണ്ടാ ആക്രമണം. അഞ്ചംഗ ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തില്‍ ആര്‍എസ്എസ് പുളിയറക്കോണം മണ്ഡല്‍ കാര്യവാഹിന് വെട്ടേറ്റു. വിളപ്പില്‍ശാല കൊല്ലംകോണം പണയില്‍ വീട്ടില്‍ പ്രസാദ്(31) നാണ് ആക്രമണത്തില്‍ പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി 9.15 നാണ് സംഭവം. പ്രസാദും അമ്മ ജയയും വീട്ടില്‍ റ്റിവി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ഈ സമയം രണ്ട് ബൈക്കുകളിലായി എത്തിയ നൂലിയോട് സ്വദേശികളും സ്ഥലത്തെ മണ്ണ് മാഫിയയുമായി അടുത്ത ബന്ധമുള്ളവരുമായ കുട്ടന്‍ എന്നുവിളിക്കുന്ന വിനീത്, പ്രവീണ്‍, അച്ചു, അജിത്, സന്തു എന്നിവര്‍ വീട്ടിനുള്ളില്‍ അതിക്രമിച്ച് കടന്ന് പ്രസാദിനെ വടിവാള്‍ കൊണ്ട് വെട്ടുകയായിരുന്നു. തലയ്ക്ക്

ഗുണ്ടാ ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന പ്രസാദ്‌

നേരെയാണ് വെട്ടിയതെങ്കിലും പ്രസാദ് കൈകൊണ്ട് തടഞ്ഞതിനാല്‍ കൈക്ക് വെട്ടേറ്റു. തുടര്‍ന്ന് കമ്പിപ്പാരയും തടിക്കമ്പും ഉപയോഗിച്ച് സംഘം പ്രസാദിനെ തലങ്ങും വിലങ്ങും മര്‍ദിച്ചു. തടയാന്‍ ശ്രമിച്ച പ്രസാദിന്റെ അമ്മ ജയയെയും സംഘം ക്രൂരമായി മര്‍ദിച്ചു. വീട്ടുപകരണങ്ങള്‍ തല്ലിത്തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് പ്രതികള്‍ തിരിച്ചുപോയത്.
പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ മണ്ണിടിച്ച് നിലം നികത്തല്‍ വ്യാപകമാണ്. പ്രസാദിന്റെ നേതൃത്വത്തില്‍ സ്ഥലത്തെ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ മണ്ണ് മാഫിയയ്‌ക്കെതിരെ ശക്തമായ നിലപാടെടുത്തിരുന്നു. മണ്ണ് മാഫിയക്ക് തടസം നില്‍ക്കുന്നതില്‍ ക്ഷുഭിതരായ കുട്ടനും കൂട്ടാളികളും പ്രസാദിന്റെ മൊബൈല്‍ വാട്‌സ് ആപിലേക്ക് ഭീഷണി മെസേജുകള്‍ അയച്ചിരുന്നു. നിരന്തരം വാട്‌സ് ആപിലൂടെ ഭീഷണി മുഴക്കിയ പ്രതികള്‍ വെള്ളിയാഴ്ച രാത്രി പ്രസാദിന്റെ വീട്ടില്‍ അതിക്രമിച്ചെത്തി ആക്രമിക്കുകയായിരുന്നു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വിളപ്പില്‍ശാല എസ്‌ഐ ബൈജുവിന്റെ നേതൃത്വത്തിലുള്ള പോലീസും നാട്ടുകാരും ചേര്‍ന്ന് പ്രസാദിനെ വെള്ളനാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ പ്രസാദ് വിളപ്പില്‍ സിഎച്ച്‌സിയില്‍ ചികിത്സയിലാണ്. പ്രതികള്‍ക്കെതിരെ വീടുകയറി ആക്രമണം, വധ ശ്രമം, സ്ത്രീകളെ ഉപദ്രവിക്കല്‍, മാരകായുധങ്ങളുമായി സംഘം ചേര്‍ന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പ്രതികളെ ഉടന്‍ പിടികൂടുമെന്നും വിളപ്പില്‍ശാല എസ്‌ഐ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.