ശബരിമലയില്‍ അതീവ ജാഗ്രത വേണം: കടകംപള്ളി

Monday 26 December 2016 12:01 pm IST

പത്തനംതിട്ട: മകരവിളക്കിനു മുന്നോടിയായുള്ള ദിവസങ്ങളില്‍ ശബരിമലയില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന പോലീസിനു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിര്‍ദേശം. എന്നാല്‍ ശബരിമലയില്‍ ഞായറാഴ്ചയുണ്ടായ അപകടവുമായി ബന്ധപ്പെട്ട് പോലീസിനു വീഴ്ചയുണ്ടായതായി കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞു. സന്നിധാനത്ത് ബാരിക്കേഡ് തകര്‍ന്ന് അപകടത്തില്‍പ്പെട്ടവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും ഇത്തരം അപകടങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കുന്നതിനുള്ള ശാസ്ത്രീയ ക്രമീകരണങ്ങളെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോര്‍ഡ് സമുച്ചയത്തില്‍ നടത്തിയ പത്രസമ്മേളനത്തിനിടയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കൂടുതലും ആന്ധ്ര, തെലങ്കാന, തമിഴ്‌നാട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. സന്നിധാനത്ത് അപകടമുണ്ടാകുമ്പോള്‍ ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളും പോലീസുകാരും ഉള്‍പ്പെടെ 71 പേര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. അപകട സ്ഥലത്ത് മാത്രം ഒമ്പതു പേരുണ്ടായിരുന്നു. ദീപാരാധനയ്ക്കു ശേഷം നടതുറന്നപ്പോഴുണ്ടായ തിക്കും തിരക്കും കാരണമാണ് ബാരിക്കേഡ് ചരിഞ്ഞത്. ചിലര്‍ വീണപ്പോള്‍ അവരെ ചവിട്ടി മറ്റുള്ളവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതാണ് പരിക്കേറ്റവരുടെ എണ്ണം കൂടാന്‍ കാരണം. എന്തായാലും സംഭവം എത്രയും വേഗം നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞതായി മന്ത്രി പറഞ്ഞു. കഴിഞ്ഞ 40 ദിവസമായി വന്‍തിരക്കാണ് അനുഭവപ്പെട്ടത്. ഇതുവരെ കാര്യങ്ങള്‍ നല്ലനിലയില്‍ കൈകാര്യം ചെയ്യാന്‍ ദേവസ്വം ബോര്‍ഡിനും വിവിധ വകുപ്പുകള്‍ക്കും കഴിഞ്ഞുവെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ശബരിമലയില്‍ ഞായറാഴ്ചയുണ്ടായ അപടത്തില്‍ പോലീസിനു വീഴ്ചയുണ്ടായതായി സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് പോലീസിനെ ന്യായീകരിച്ച് ദേവസ്വം മന്ത്രി രംഗത്തെത്തിയത്. ഇതിനിടെ, അപകടത്തിനു കാരണം പോലീസിന്റെ ഭാഗത്തുണ്ടായ വീഴ്ചയാണ് എന്ന് കരുതാനാവില്ലെന്ന ഡിജിപി ലോക്‌നാഥ് ബെഹ്‌റയും പറഞ്ഞു. ഐജിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകൂ എന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.