പ്രതിരോധംപാളി; എലിപ്പനിക്കും ഡെങ്കിപ്പനിക്കും ശമനമില്ല

Monday 26 December 2016 4:44 pm IST

ആലപ്പുഴ: ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജീവമാണെന്ന് അവകാശപ്പെടുമ്പോഴും എലിപ്പനി, ഡെങ്കിപ്പനി എന്നിവ ഓരോ വര്‍ഷവും വര്‍ദ്ധിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഓരോ വര്‍ഷവും ജില്ലയില്‍ കൂടുതല്‍ പേരാണ് ഡെങ്കിപ്പനിയും എലിപ്പനിയും വൈറല്‍പനിയും ബാധിച്ചു ചികിത്സതേടുന്നത്. ജനുവരി മുതല്‍ ഡിസംബര്‍ വരെ മൂന്ന് മാസം കൂടുമ്പോള്‍ പ്രത്യേക നിരീക്ഷണങ്ങളും പ്രതിരോധപ്രവര്‍ത്തനങ്ങളും വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയിരുന്നു. എന്നിട്ടും. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ ജില്ലയില്‍ രോഗങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായി കാണാം. 2014 ല്‍ 46 പേര്‍ക്കാണ് ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ചതെങ്കില്‍ ഈ വര്‍ഷം 801 പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. 2014 എലിപ്പനി 76 പേര്‍ക്കായിരുന്നെങ്കില്‍ ഈ വര്‍ഷം 264 പേര്‍ക്ക് എലിപ്പനി ബാധിച്ചു. ജില്ലയില്‍ ആലപ്പുഴ, പുന്നപ്ര, ചെട്ടികാട്, കലവൂര്‍, കഞ്ഞിക്കുഴി, കുപ്പപ്പുറം, ചേര്‍ത്തല, തണ്ണീര്‍മുക്കം, മണ്ണഞ്ചേരി, വെട്ടക്കല്‍, തലവടി, തോട്ടപ്പള്ളി, കരുവാറ്റ, വയലാര്‍, പള്ളിപ്പുറം, എഴുപുന്ന, മുഹമ്മ തുടങ്ങിയ സ്ഥലങ്ങളിലാണ് കൂടുതലായും രോഗലക്ഷണങ്ങള്‍ കാണാപ്പെട്ടത്. കഴിഞ്ഞ കാലയളവില്‍ കര്‍മ്മ പദ്ധതിയുടെ ഭാഗമായി ബ്‌ളോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്, മുനിസി പ്പാലിറ്റി തലങ്ങളിലും വാര്‍ഡ്തലത്തിലും പ്രത്യേക പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഇതില്‍ ജനപ്രതിനിധികളുടെയോ, ജനങ്ങളുടെയോ കാര്യമായ സഹകരണം ലഭിക്കാതെ പോയതും രോഗങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നു. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളിലും മുന്നൊരുക്കങ്ങളിലും ആരോഗ്യവകുപ്പിന് വീഴ്ച പറ്റിയെന്നും ആരോപണവും നിലനില്‍ക്കുന്നു. 2014ല്‍ ഡെങ്കിപ്പനി 46, മരണം ഒന്ന്, എലിപ്പനി 76 മരണം ഏഴ്, മലേറിയ 81, വയറിളക്കം 22502, പകര്‍ച്ചപ്പനി 141349. 2015ല്‍ ഡെങ്കിപ്പനി 157, മരണം ഒന്ന്, എലിപ്പനി 71, മരണം 6, മലേറിയ 83, വയറിളക്കം 21440, പകര്‍ച്ചപ്പനി 125524. 2016ല്‍ ഡെങ്കിപ്പനി 801, എലിപ്പനി 264 മരണം രണ്ട് , മലേറിയ 23, വയറിളക്കം 19577, പകര്‍ച്ചപ്പനി 129383 മരണം ഒന്ന് എന്നിങ്ങനെയാണ് സ്ഥിതിവിവര കണക്കുകള്‍. ആര്‍ബോ വൈറസ് ഇനത്തില്‍പെട്ട ഉഋച1, ഉഋച2, ഉഋച3, ഉഋച4 എന്നീ സീറോ ടൈപ്പുകള്‍ മൂലം ഉണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. ഈഡിസ് ഈജിപ്തി പോലുള്ള കൊതുകുകളാണ് സിക്ക വൈറസ് പരത്തുന്നത്. സാധാരണഗതിയില്‍ തന്നെ മാറുമെങ്കിലും ചില പ്രത്യേക സാഹചര്യങ്ങളില്‍ ഡെങ്കിപ്പനി മരണകാരണവുമാകാം. ഒരാഴ്ചയില്‍ കൂടുതല്‍ നിലനില്‍ക്കുന്ന പനിപനിയും വിറയലും, സന്ധിവേദനയും പേശികളിലെ വേദനയും കണ്ണുകള്‍ക്കുപിന്നില്‍നിന്നും വരുന്നതായി തോന്നുന്ന വേദന, ക്ഷീണം, വിശപ്പില്ലായ്മ, മലബന്ധം എന്നിവ. കൂടാതെ തൊലിപ്പുറത്ത് പ്രധാനമായും മുഖത്ത്) ചെറുതായിട്ടുള്ള ചുവന്ന പാടുകള്‍ കാണാം എന്നിവയാണ് രോഗലക്ഷണങ്ങള്‍. ലെപ്‌റ്റോ സ്‌പൈറ എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന എലിപ്പനി എലി, അണ്ണാന്‍, മരപ്പട്ടി, പട്ടി, പൂച്ച, കന്നുകാലികള്‍ തുടങ്ങിയ മൃഗങ്ങളാണ് രോഗാണുവാഹകര്‍. എലൈസ ടെസ്റ്റ് വഴി രോഗസ്ഥിരീകരണം നടത്താം. ഏതു പനിയും എലിപ്പനിയാകാമെന്നതിനാല്‍ പനി വിദഗ്ദ്ധ ചികിത്സ തേടണം. ശക്തമായ പനി, കുളിര് തളര്‍ച്ച, ശരീരവേദന, തലവേദന ഓക്കാനം, ഛര്‍ദ്ദി കണ്ണിന്ചുവപ്പ് എന്നിവയാണ് രോഗലക്ഷണങ്ങള്‍. ചിലര്‍ക്ക് രോഗം പിടിപെട്ട് ഒരാഴ്ചയ്ക്കുള്ളില്‍ കരള്‍, വൃക്ക എന്നിവയുടെ പ്രവര്‍ത്തനം തകരാറിലാവുകയും മരണം വരെ സംഭവിക്കും. ജനങ്ങളുടെയും, തദ്ദേശസ്ഥാപനങ്ങളുടെയും പിന്തുണ ലഭിച്ചാല്‍ മാത്രമെ മാരക രോഗങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ കഴിയുകയുള്ളു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.