പാതയോരങ്ങളില്‍ മാലിന്യം തള്ളുന്നത് പതിവായി

Monday 26 December 2016 4:45 pm IST

ആലപ്പുഴ: ജില്ലയില്‍ ദേശീയപാതയുടെ ഇരുവശങ്ങളിലും പ്രധാന പാതയോരങ്ങളിലും മാലിന്യനിക്ഷേപം വര്‍ധിക്കുന്നു. ഭക്ഷണാവിശിഷ്ടങ്ങളും അറവുമാലിന്യങ്ങളുമടങ്ങുന്ന ജൈവ–അജൈവ മാലിന്യങ്ങളുടെ നിക്ഷേപമാണ് പാതയോരങ്ങളിലെ പല പ്രദേശങ്ങളിലും വര്‍ധിച്ചിരിക്കുന്നത്. വിവാഹമടക്കമുള്ള ചടങ്ങുകളിലെ സത്കാരങ്ങളിലുണ്ടാകുന്ന ഭക്ഷണാവശിഷ്ടങ്ങളും ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പാത്രങ്ങളും കപ്പുകളും ഇലകട്രോണിക് മാലിന്യങ്ങളടക്കമുള്ള ഗാര്‍ഹിക മാലിന്യങ്ങളുമാണ് പാതയോരങ്ങളില്‍ നിറയുന്നത്. ഭക്ഷണാവശിഷ്ടങ്ങള്‍ അടക്കമുള്ളവ പാതയോരങ്ങളില്‍ തള്ളുന്നത് തെരുവുനായ ശല്യത്തിനും കാരണമായിട്ടുണ്ട്്. രാത്രികാലങ്ങളില്‍ ഇരുചക്രവാഹനയാത്രക്കാര്‍ക്കു പലയിടങ്ങളിലും തെരുവുനായകള്‍ അപകടഭീഷണിയും ഉയര്‍ത്തുന്നുണ്ട്. ദേശീയപാതയില്‍ അമ്പലപ്പുഴ മുതല്‍ ആലപ്പുഴവരെയുള്ള ഭാഗത്തു പലയിടങ്ങളിലും ഇത്തരത്തിലുള്ള മാലിന്യകൂമ്പാരങ്ങള്‍ കാണാം. ആലപ്പുഴ–ചങ്ങനാശേരി റോഡിലെ പല ഭാഗങ്ങളിലും കുന്നുകൂടിയ മാലിന്യങ്ങളില്‍ നിന്നുയരുന്ന ദുര്‍ഗന്ധം മൂലം മൂക്കുപൊത്തി യാത്ര ചെയ്യേണ്ട ഗതികേടിലാണ് യാത്രക്കാര്‍. പ്രധാന പാതയോരങ്ങള്‍ കൂടാതെ ഗ്രാമീണ പാതയോരങ്ങളിലും മാലിന്യക്കിറ്റുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. രാത്രികാലങ്ങളിലും പുലര്‍ച്ചെയുമായി വാഹനങ്ങളിലെത്തിയാണ് പ്ലാസ്റ്റിക് കിറ്റുകളിലും ചാക്കുകളിലുമാക്കിയ മാലിന്യങ്ങള്‍ പാതയോരങ്ങളില്‍ തള്ളുന്നതിലെറെയും. ഇത്തരത്തില്‍ തള്ളുന്ന മാലിന്യങ്ങളില്‍ ഇറച്ചിക്കോഴി മാലിന്യങ്ങള്‍ കാക്കകളും മറ്റും കൊത്തിവലിച്ച് വീടുകളുടെ മുകളിലും കിണറുകളടക്കമുളള കുടിവെള്ള സ്രോതസുകളിലിടുന്നതും പാതയോരങ്ങളില്‍ താമസിക്കുന്നവര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പൊതു സ്ഥലങ്ങളിലെ മാലിന്യനിക്ഷേപം തടയാന്‍ ചുമതലയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാകട്ടെ ഇത്തരത്തിലുള്ള മാലിന്യ നിക്ഷേപം കണ്ടില്ലെന്ന് നടിക്കുകയാണെന്ന ആക്ഷേപവുമുയര്‍ന്നിട്ടുണ്ട്. പൊതുനിരത്തുകളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നവരെ പിടികൂടി പിഴ ചുമത്തുന്നതിനടക്കമുള്ള അധികാരപ്പെട്ട സ്ഥാപനങ്ങള്‍ വിഷയത്തില്‍ നടപടികള്‍ സ്വീകരിക്കാത്തതും മാലിന്യ നിക്ഷേപം വര്‍ധിക്കുന്നതിനു കാരണമായിട്ടുണ്ട്. പോലീസിന്റെ സഹകരണമുറപ്പാക്കി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ രാത്രികാല പട്രോളിംഗുകള്‍ പാതകളില്‍ ഉറപ്പാക്കിയിലേ പ്രശ്‌നത്തിനു പരിഹാരം കാണാന്‍ കഴിയു എന്ന അഭിപ്രായവുമുയര്‍ന്നിട്ടുണ്ട്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.