അപകടം നട അടക്കാന്‍ മണിക്കൂറുകള്‍ മാത്രമിരിക്കെ

Monday 26 December 2016 7:01 pm IST

ശബരിമല: മണ്ഡലകാലത്ത് അപകടങ്ങളൊന്നുമില്ലാതെ തീര്‍ത്ഥാടനം സമാപിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കവെയാണ് പോലീസിന്റെ അശ്രദ്ധമൂലം അപകടമുണ്ടായത്. അതും സന്നിധാനത്ത് ദേവസ്വം മന്ത്രി അടക്കമുള്ളവര്‍ ഉള്ളപ്പോള്‍. എഡിജിപി തിരിഞ്ഞുനോക്കിയില്ല. ഐജി ദിനേന്ദ്ര കശ്യപിനെ പറഞ്ഞയച്ചശേഷം ഉത്തരവാദിത്വത്തില്‍നിന്ന് ഒളിച്ചോടുകയായിരുന്നു എഡിജിപി. തീര്‍ത്ഥാടനം ആരംഭിച്ചതിനുശേഷം വളരെക്കുറച്ചുദിവസങ്ങള്‍ മാത്രമാണ് എഡിജിപിയും ഐജിമാരും സന്നിധാനത്തുണ്ടായിരുന്നത്. കോര്‍ഡിനേറ്റര്‍മാരായ ഇവര്‍ അവസരത്തിനൊത്ത് ഉയര്‍ന്ന് പ്രവര്‍ത്തിക്കാത്തതാണ് അപകടങ്ങള്‍ക്ക് വഴിവെച്ചത്. തിരക്കുനിയന്ത്രണാതീതമായിട്ടും കൂടുതല്‍ പോലീസിനെ നിയോഗിച്ചില്ല. ഉന്നത പോലീസ് ഉദ്യോഗസ്ഥരക്കമുള്ളവര്‍ സോപാനത്തും തിരുമുറ്റത്തും കൂട്ടംകൂടി നില്‍ക്കുകയായിരുന്നു. ഉത്തരവാദിത്തം ബോര്‍ഡില്‍ കെട്ടിവയ്ക്കാന്‍ ശ്രമം ശബരിമല: മാളികപ്പുറം അപകടം ദേവസ്വം ബോര്‍ഡിന്റെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാന്‍ പോലീസ് ശ്രമം. തങ്കയങ്കി ദീപാരാധന നടക്കവെ വടക്കെനടയില്‍ പതിനായിരക്കണക്കിന് ഭക്തരെ നിയന്ത്രിക്കാന്‍ നാമമാത്രമായ പോലീസാണ് ഉണ്ടായിരുന്നത.് നാലു പോലീസുകാരും അഞ്ചു ദുരന്തനിവാരണ സേനാംഗങ്ങളും മാത്രമാണ് ഉണ്ടായിരുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തന്നെ സമ്മതിച്ചു. വന്‍ തിരക്കുണ്ടായിട്ടും മുന്‍വര്‍ഷങ്ങളിലേതുപോലെ കേന്ദ്ര ദ്രുതകര്‍മ്മ സേന അംഗങ്ങളെ ഉപയോഗിക്കാതെ അവരെ ബാരക്കിലിരുത്താനാണ് പോലീസ് ശ്രമിച്ചത്. ബാരിക്കേഡ് തകര്‍ന്നതായി ഇവര്‍ തെറ്റിദ്ധരിപ്പിച്ചു. മാളികപ്പുറത്ത് പടിക്കെട്ടിനുതാഴെ തീര്‍ത്ഥാടകരെ കടത്തിവിടുന്നഭാഗത്ത് ബാരിക്കേഡ് ഉണ്ടായിരുന്നില്ല. ഇവിടെ വടം കൈയില്‍ പിടിച്ച് ഭക്തരെ നിയന്ത്രിക്കുകയായിരുന്നു. അനിയന്ത്രിതമായ തിരക്കുണ്ടായപ്പോള്‍ വടത്തിനടിയിലൂടെ തീര്‍ത്ഥാടകര്‍ താഴേക്ക് മറിയുകയായിരുന്നു. വിവരമറിഞ്ഞ് കൂടുതല്‍ ദുരന്തനിവാരണസേനാംഗങ്ങള്‍ പാഞ്ഞെത്തി. ഇവരുടെ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. അപകടമുണ്ടായപ്പോള്‍ പോലീസ് പകച്ചു. ദുരന്തനിവാരണ സേനയുടെ രക്ഷാപ്രവര്‍ത്തനത്തെ വൈകിപ്പിക്കാന്‍ പോലീസ് ശ്രമിച്ചതായും പരാതിയുണ്ട്. ആശുപത്രിക്കു മുന്നില്‍ പോലീസിനുനേരെ കര്‍ണ്ണാടക തീര്‍ത്ഥാടകര്‍ കൂട്ടമായി പ്രതിഷേധിച്ചു. ഗുരുതര പരിക്കേറ്റവരെ സന്നിധാനം ഗവ. ആശുപത്രിയിലെത്തിച്ചപ്പോള്‍ കിടത്തി പരിശോധിക്കാന്‍ സ്ഥലമില്ലായിരുന്നു. ആശുപത്രിയിലേക്ക് കയറുന്ന വഴിയില്‍ നിലത്തുകിടത്തിയായിരുന്നു പരിശോധന. പോലീസ് ഉദ്യോഗസ്ഥരുടേയും തീര്‍ത്ഥാടകരുടേയും തിരക്കായതോടെ ആശുപത്രിക്കുള്ളില്‍ നിന്നുതിരിയാന്‍ സ്ഥലമില്ലാതായി. അടുത്തിടെ ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തിയ ആംബുലന്‍സ് സൗകര്യം ഏറെ പ്രയോജനം ചെയ്തു. പത്തോളം പേരെയാണ് ആംബുലന്‍സില്‍ നിമിഷ നേരംകൊണ്ട് പമ്പയില്‍ എത്തിച്ചത്. മറ്റുള്ളവരെ അയ്യപ്പസേവാസംഘം സ്ട്രച്ചറിലാണ് പമ്പയില്‍ എത്തിച്ചത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.