കോമളപുരം മില്‍; ധനമന്ത്രിയുടെ പിടിവാശിയില്‍ നശിക്കുന്നത് ഒന്നരക്കോടിയുടെ നൂല്‍

Monday 26 December 2016 7:10 pm IST

ആലപ്പുഴ: ഭരണമുന്നണിയിലെ ഭിന്നതയെ തുടര്‍ന്ന് ധനമന്ത്രി തോമസ് ഐസക്ക് തുടരുന്ന പിടിവാശി മൂലം കോമളപുരം സ്പിന്നിങ് മില്ലില്‍ ഉറഞ്ഞു നശിക്കുന്നത് ഒന്നര കോടിയുടെ ഒന്നാംതരം നൂല്‍. സ്വന്തം മണ്ഡലത്തിലെ പൊതുമേഖലാ സ്ഥാപനം തകര്‍ക്കുന്ന ഐസക്കിന്റെ നടപടിയില്‍ രാഷ്ട്രീയഭേദമന്യെ പ്രതിഷേധമുണ്ട്. സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തികസഹായം നല്‍കാതെയാണ് മില്ലിനെ തകര്‍ക്കുന്നത്. സ്ഥാപനം പൂട്ടിക്കിടക്കാന്‍ തുടങ്ങിയിട്ട് ഒരു മാസമായി. സമരം നീണ്ടാല്‍ കോടികളുടെ നഷ്ടമാകും ഉണ്ടാകുക. ഇവിടെ സൂക്ഷിച്ചിട്ടുള്ള നൂല് വില്‍ക്കാന്‍ നടപടിയില്ല. എണ്ണൂറോളം ബാഗ് നൂല്‍ മില്ലില്‍ സ്റ്റോക്കുണ്ട്. ഇതിന് ഒന്നരക്കോടി രൂപ വിലവരും. പ്രതിസന്ധി നീണ്ടുപോയതോടെ ഇത് ഉറഞ്ഞ് നശിക്കുകയാണ്. ഇക്കാര്യം ധനമന്ത്രിക്കും വ്യവസായ മന്ത്രിക്കും ബോദ്ധ്യമുള്ളതാണെങ്കിലും സിപിഎമ്മും സിപിഐയും തമ്മില്‍ തുടരുന്ന ഭിന്നതയാണ് പ്രധാന പ്രതിസന്ധി. ഒരു ദശാബ്ദത്തിലേറെ പൂട്ടിക്കിടന്ന മില്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് ഉദ്ഘാടനം ചെയ്‌തെങ്കിലും പ്രവര്‍ത്തിച്ചില്ല. യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് തുറന്നു. 115 തൊഴിലാളികളുമായി പ്രവര്‍ത്തിക്കുന്നതിനിടെ കഴിഞ്ഞ മാസം അവസാനം മില്‍ പൂട്ടി. തൊഴിലാളി നിയമനവുമായി ബന്ധപ്പെട്ട് സിപിഎമ്മും സിപിഐയും തമ്മില്‍ കടുത്ത ഭിന്നതയാണ്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നിയമിച്ച തൊഴിലാളികളില്‍ ഭൂരിപക്ഷവും എഐടിയുസിക്കാരാണ്. നാല് തൊഴിലാളികള്‍ മാത്രമാണ് സിഐടിയുവിനുള്ളത്. മറ്റു തൊഴിലാളി യൂണിയനുകള്‍ക്ക് ആധിപത്യം ഉള്ള സ്ഥാപനം പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല എന്ന സിപിഎമ്മിന്റേയും സിഐടിയുവിന്റെയും പിടിവാശിയാണ് പ്രശ്‌നം. ഇതിനെതിരെ ഇടപെടാന്‍ സിപിഐക്ക് സാധിക്കുന്നുമില്ല. യുഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച 10 കോടി രൂപ ഉപയോഗിക്കാതെ കിടക്കുമ്പോഴാണ് സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ മില്‍ പൂട്ടിയത്. മില്‍ തുറക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ 16 കോടി രൂപയാണ് അനുവദിച്ചത്. ആദ്യഘട്ടമായി നല്‍കിയ ആറു കോടി ഉപയോഗിച്ചാണു മില്‍ തുറന്നത്. ഭരണാനുമതി ലഭിച്ച 10 കോടി രൂപ ഇനിയും മില്ലിന് നല്‍കിയിട്ടില്ല. മന്ത്രി ഫണ്ട് അനുവദിക്കാതെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നാണ് ആക്ഷേപം. ധനമന്ത്രിയും എഐടിയുസിയും തമ്മിലുള്ള മത്സരത്തില്‍ നശിക്കുന്നത് പൊതുമേഖലാ സ്ഥാപനമാണ്, നൂറു കണക്കിന് തൊഴിലാളികളുടെ ജീവിത മാര്‍ഗ്ഗവും. ബിഎംഎസ് മാത്രമാണ് സ്ഥാപനത്തെ നിലനിര്‍ത്താന്‍ പരസ്യ പ്രക്ഷോഭവുമായി രംഗത്തുള്ളത്. കഴിഞ്ഞ ദിവസം ധനമന്ത്രിയുടെ ഓഫീസിലേക്ക് ബിഎംഎസ് മാര്‍ച്ച് നടത്തി. അതിനിടെ ടെക്‌സ്റ്റൈല്‍ കോര്‍പ്പറേഷന് കീഴിലുള്ള പൂട്ടിക്കിടക്കുന്ന അഞ്ചു മില്ലുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിന് ആദ്യഘട്ടമായി 15 കോടി അനുവദിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷെ അതിന്റെ മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.