പുതുവത്സര ഡീജെ പാര്‍ട്ടികള്‍ പോലീസ് നിരീക്ഷണത്തില്‍

Monday 26 December 2016 7:18 pm IST

പള്ളുരുത്തി: കൊച്ചി നഗരത്തില്‍ നടക്കുന്ന പുതുവത്സര ഡീ ജെ പാര്‍ട്ടികള്‍ പോലീസിന്റെ കര്‍ശന നിരീക്ഷണത്തില്‍. നഗരത്തിലെ സ്റ്റാര്‍ ഹോട്ടലുകള്‍ കേന്ദ്രീകരിച്ചും പടിഞ്ഞാറന്‍ കൊച്ചിയിലെ ചില ഹോം സ്‌റ്റേകളിലും ഡീ ജെകള്‍ അരങ്ങേറുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് പോലീസ് നിരീക്ഷണവും നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുള്ളത്. കൊച്ചി നഗരത്തില്‍ മാത്രം മുപ്പതോളം പാര്‍ട്ടികള്‍ പുതുവത്സരം പ്രമാണിച്ച് സംഘടിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ഡീ ജെ കളുടെ മറവില്‍ വന്‍ തോതില്‍ മദ്യവും ലഹരിമരുന്നും ഒഴുകാന്‍ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പാര്‍ട്ടികള്‍ക്ക് കടിഞ്ഞാണിടാന്‍ പോലീസ് തീരുമാനിച്ചിരിക്കുന്നത്. എറണാകുളം, കുണ്ടന്നൂര്‍, വില്ലിങ്ടണ്‍ ഐലന്റ്, ബോള്‍ഗാട്ടി, പടിഞ്ഞാറന്‍ കൊച്ചിയിലെ കല്ലഞ്ചേരി എന്നിവിടങ്ങളിലെല്ലാം ഇത്തരം പാര്‍ട്ടികള്‍ നടക്കുമെന്നാണ് വിവരം. പാര്‍ട്ടികളില്‍ പങ്കെടുക്കുന്ന കപ്പിള്‍സിനെ കണ്ടെത്തിയിരിക്കുന്നത് ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെയാണ്. നിലവില്‍ സംഘാടകരെ അമ്പരപ്പിക്കുന്ന തരത്തിലാണ് ഓണ്‍ലൈന്‍ ബുക്കിംഗുകള്‍ പുരോഗമിച്ചത്. തെരെഞ്ഞെടുക്കപ്പെട്ട ചിലയിടങ്ങളില്‍ മലയാള സിനിമയിലെ നടിമാരും പാര്‍ട്ടിക്കെത്തുമെന്ന് സൂചന ലഭിച്ചിട്ടുണ്ട്. പോലീസ് നിയന്ത്രണത്തിന്റെ ഭാഗമായി ഹോട്ടല്‍ റിസോര്‍ട്ട് ഉടമകളുടെ യോഗം ഇന്ന് എറണാകുളത്തെ പോലീസ് ആസ്ഥാനത്ത് നടക്കുന്നുണ്ട്. പോലീസിന്റെ നിബന്ധനകള്‍ പാലിക്കാത്ത ഒരു ഡീ ജെ പാര്‍ട്ടിയും അനുവദിക്കില്ലെന്ന് എറണാകുളത്തെ ഉയര്‍ന്ന പോലീസുദ്യോഗസ്ഥന്‍ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.