ജെഎസ്എസ് നാലാമതും പിളര്‍ന്നു; ഗൗരിയമ്മ വിരമിക്കണമെന്ന് വിമതര്‍

Monday 26 December 2016 7:37 pm IST

ആലപ്പുഴ: കെ. ആര്‍. ഗൗരിയമ്മയുടെ നേതൃത്വത്തിലുള്ള ജെഎസ്എസ് വീണ്ടും പിളര്‍ന്നു. സംസ്ഥാന സെക്രട്ടറി ബി.ഗോപന്റെ നേതൃത്വത്തിലുള്ള വിഭാഗമാണ് ഗൗരിയമ്മക്കെതിരേ കലാപക്കൊടിയുയര്‍ത്തിയത്. ഗൗരിയമ്മ രാഷ്ട്രീയ വനവാസം സ്വീകരിക്കണമെന്നാണ് അവരുടെ പ്രധാന ആവശ്യം. വിമത നീക്കത്തിന് പിന്നില്‍ സിപിഎമ്മെന്ന് ആരോപണം ഉയരുന്നു. യുഡിഎഫ് വിട്ട പുറഞ്ഞെത്തിയ ശേഷം ജെഎസ്എസിനുണ്ടായ നാലാമത്തെ പിളര്‍പ്പാണിത്. വരുന്ന ഫെബ്രുവരിയില്‍ പാര്‍ട്ടിസംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് നടത്തുമെന്ന് ബി.ഗോപന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 1994ല്‍ ജെഎസ്എസ് രൂപീകരിക്കുന്ന സമയത്ത് മുന്നോട്ട് വച്ച രാഷ്ട്രീയ നിലപാടുകളല്ല ജനറല്‍ സെക്രട്ടറിയായ ഗൗരിയമ്മ സ്വീകരിക്കുന്നത്. പാര്‍ട്ടി രൂപീകരണ സമയത്ത് സിപിഎമ്മിനെതിരേയും ഇഎംഎസിനെതിരേയും ഗൗരിയമ്മ ഉന്നയിച്ചിരുന്ന ആരോപണങ്ങള്‍ അസത്യമാണെന്ന് തങ്ങള്‍ക്കിപ്പോള്‍ ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഗോപന്‍ പറയുന്നു. ഗൗരിയമ്മയെ ചുറ്റിപറ്റിയുള്ള ഉപജാപ സംഘമാണ് ജെഎസ്എസിന്റെ ജനാധിപത്യ മൂല്യങ്ങളെ തകര്‍ക്കുന്നതെന്നും ഗോപന്‍ ആരോപിച്ചു. പാര്‍ട്ടി രൂപീകരിച്ച കാലഘട്ടത്തിലുണ്ടായിരുന്ന ഭൂരിഭാഗം നേതാക്കളെയും അണികളെയും പാര്‍ട്ടിയില്‍ നിന്ന് അകറ്റിയതും ഇവരാണ്. പാര്‍ട്ടി സംസ്ഥാന കമ്മറ്റി ഒരു വര്‍ഷമായി കൂടാറില്ല സംസ്ഥാന എക്‌സിക്യൂട്ടീവാകട്ടെ മൂന്നു വര്‍ഷത്തിനുള്ളില്‍ കൂടിയത് ഒരു തവണ മാത്രമാണ്. സിപിഎമ്മില്‍ ലയിക്കാനുള്ള ജെഎസ്എസ് തീരുമാനവും ഈ സംഘത്തിന്റെ ഇടപെടല്‍ മൂലം അട്ടിമറിക്കപ്പെടുകയായിരുന്നു. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ജെഎസ്എസിനു ലഭിച്ച കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം അര്‍ഹതപ്പെട്ട നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉണ്ടായിട്ടും പാര്‍ട്ടിയംഗം പോലുമല്ലാത്ത വ്യക്തിക്കു നല്‍കിയതിനു പിന്നിലും ഈ സംഘമാണെന്നും പ്രായാധിക്യമായ ഗൗരിയമ്മ രാഷ്ട്രീയവനവാസം സ്വീകരിക്കണമെന്നും ഗോപന്‍ പറഞ്ഞു. ഈ വിവരം കാട്ടി ഗൗരിയമ്മക്ക് കത്തു നല്‍കിയിട്ടുണ്ട്. പാര്‍ട്ടി സംസ്ഥാന സെന്ററിലെ ഭൂരിഭാഗം നേതാക്കളും തങ്ങളോടൊപ്പമാണെന്നും തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി ജനുവരിയില്‍ പാര്‍ട്ടി സംസ്ഥാന കമ്മറ്റിയോഗം വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതിനെതിരെ ഗൗരിയമ്മ രൂക്ഷമായാണ് പ്രതികരിച്ചത്. പാര്‍ട്ടിയിലെ ഭൂരിപക്ഷവും തന്നോടൊപ്പമാണെന്നും അവര്‍ ആവശ്യപ്പെട്ടാന്‍ താന്‍ ഭാരവാഹിത്വം ഒഴിയുമെന്നും ഗൗരിയമ്മ മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഗോപന്‍ ഏതോ കത്ത് തന്റെ വീട്ടിലെ ലെറ്റര്‍ ബോക്‌സില്‍ ഇട്ടു പോകുകയായിരുന്നു. പാര്‍ട്ടിയുടെ സംസ്ഥാന എക്‌സിക്യൂട്ടിവ് യോഗം 29ന് നടക്കുമെന്നും ഗൗരിയമ്മ പറഞ്ഞു. അതിനിടെ ഇപ്പോഴത്തെ വിമത നീക്കത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് ആരോപണം ഉണ്ട്. ഗൗരിയമ്മയെ മാനസികമായി തകര്‍ത്ത് സിപിഎമ്മലെത്തിക്കുക എന്ന തന്ത്രമാണ് ഇതിന് പിന്നില്‍. നേരത്തെ സിപിഎമ്മില്‍ ജെഎസ്എസ് ലയിക്കാന്‍ ശ്രമം നടന്നെങ്കിലും ഗൗരിയമ്മ പിന്‍മാറുകയായിരുന്നു. തിരുവനന്തപുരത്ത് ഗൗരിയമ്മയുടെ നേതൃത്വത്തിലുള്ള ട്രസറ്റിന് കോടികളുടെ ആസ്തിയുണ്ട്. കൂടാതെ ജെഎസ്എസിന് പാര്‍ട്ടി ഓഫീസുകളും സ്ഥലവും ഉണ്ട്. ഇതൊക്കെയാണ് സിപിഎമ്മിന്റെയും ഗൗരിയമ്മയുടെ കൂടെയുള്ള പലരുടെയും ലക്ഷ്യമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. വന്ദ്യവയോധികയായ നേതാവിനെ അപമാനിക്കുന്ന സമീപനമാണ് അവരെ സ്‌നേഹിക്കുന്നുവെന്ന പേരില്‍ പലരും കാണിക്കുന്നതെന്നതാണ് യാഥാര്‍ത്ഥ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.