ദളിത് കുടുംബത്തിനു നേരെ സിപിഎം ഗുണ്ടാ ആക്രമണം

Monday 26 December 2016 8:40 pm IST

പന്തളം: കുളനട പഞ്ചായത്തില്‍ രാമന്‍ചിറയില്‍ സിപിഎം-ഡിവൈഎഫ്‌ഐ ഗുണ്ടകള്‍ ദളിത് കുടുംബത്തെ വീടുകയറി ആക്രമിച്ചു. രാമന്‍ചിറ ആലുംമൂട്ടില്‍ കുട്ടപ്പന്‍ (60), ഭാര്യ ശാന്ത (55), മകന്‍ വേണു(35) എന്നിവരെയാണ് ആക്രമിച്ചു പരിക്കേല്പിച്ചത്. വേണുവിന്റെ മക്കളുടെ പുസ്തകങ്ങളും അക്രമികള്‍ നശിപ്പിച്ചു. കഴിഞ്ഞ 18നാണ് ഇവരെ ഡിവൈഎഫ്‌ഐക്കാര്‍ ആദ്യം വീടുകയറി ആക്രമിച്ചത്. അന്ന് കുട്ടപ്പനും വേണുവിനും പരിക്കേറ്റിരുന്നു. അക്രമികളായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ചിറതലയ്ക്കല്‍ സന്ദീപ്, തണ്ണിയ്ക്കല്‍ കണ്ണന്‍, തണ്ണിയ്ക്കല്‍ സുനു എന്നിവര്‍ക്കെതിരെ അടുത്ത ദിവസം തന്നെ പന്തളം പോലീസില്‍ പരാതി നല്കിയെങ്കിലും അക്രമികള്‍ക്കെതിരെ നടപടിയെടുത്തിരുന്നില്ല. വീണ്ടും 25-ാം തീയതി രാത്രി പതിനൊന്നരയോടെ വീണ്ടും ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തില്‍ പല്ലുകള്‍ നഷ്ടപ്പെട്ട് സാരമായി പരിക്കേറ്റ ശാന്തയെ കോഴഞ്ചേരി ജില്ലാ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞയാഴ്ച ഗുണ്ടാസംഘം ക്രിസ്തുമസ്സ് കരോള്‍ സംഘത്തെയും ആക്രമിച്ചിരുന്നു. രണ്ടുമാസം മുമ്പ് പുന്നക്കുന്നില്‍ രണ്ടു യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കു നേരെയും, പനങ്ങാട് ഹോട്ടലില്‍ കയറി നടത്തിയ ആക്രമണത്തില്‍ മൂന്നു പേര്‍ക്കും പരിക്കേറ്റിരുന്നു. അന്നു തന്നെ പനങ്ങാട് ഇടവട്ടം കോളനിയില്‍ മധുവിന്റെ വീട്ടിലും ആക്രമണമുണ്ടായി. മധുവിന്റെ ബൈക്കിന്റെ താക്കോലൂരിയെടുത്തുകൊണ്ടു പോയി. തങ്ങളുടെ പാര്‍ട്ടിയാണ് നാടു ഭരിക്കുന്നതെന്നാണ് അക്രമികള്‍ ഭീഷണിപ്പെടുത്തുന്നത്. അക്രമങ്ങള്‍ ദളിതര്‍ക്കെതിരെയായിട്ടും സിപിഎംമ്മുകാരായ അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചിരിക്കുന്നത്. അക്രമികളെ ഉടന്‍തന്നെ അറസ്റ്റു ചെയ്യണമെന്ന് ബിജെപി കുളനട പഞ്ചായത്ത് സമിതി ആവശ്യപ്പെട്ടു. അന്വേഷണം നടത്തി പ്രതികളെ ഉടന്‍ അറസ്റ്റുചെയ്യുമെന്ന് സിഐ ആര്‍. സുരേഷ് അറിയിച്ചതായും, ഇല്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും പ്രസിഡന്റ്‌കെ.ആര്‍. ജയചന്ദ്രന്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.