എക്‌സൈസിനെ വെട്ടിച്ച് രക്ഷപെട്ട പ്രതി പിടിയില്‍

Monday 26 December 2016 9:42 pm IST

തൊടുപുഴ: കഞ്ചാവുമായി പിടിയിലായ ശേഷം വെട്ടിച്ച് കടന്ന പതിയെ എക്‌സൈസ് സംഘം സാഹസികമായി പിടികൂടി. നിരവധി കഞ്ചാവ് കേസുകളിലെ പ്രതിയായ ഇടവെട്ടി ശാസ്താംപാറ കുന്നുപുറത്തില്‍ അനന്തു(19)ആണ് തൊടുപുഴ എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. കഴിഞ്ഞ 16 ന് ആണ് മുതലക്കോടത്തിന് സമീപം പഴുക്കാകുളത്ത് വെച്ച് വാഹനത്തില്‍ നിന്നും ഇറങ്ങുന്നതിനിടെ പ്രതി എക്‌സൈസ് സംഘത്തെ തള്ളിമാറ്റി കടന്ന് കളയുന്നത്. എക്‌സൈസിനാകെ അപമാനമായ കേസില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ കെ എ നെല്‍സന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം നടന്ന രഹസ്യ അന്വേഷണത്തിലാണ് 24 ന് രാത്രി 9 മണിയോടെ പ്രതി കോടികുളത്ത് നിന്നും പിടിയിലാകുന്നത്. വേഷമാറിയെത്തിയ എക്‌സൈസ് സംഘം ഏറെ പണിപ്പെട്ടാണ് പ്രതിയെ വലയിലാക്കിയത്. കോടിക്കുളത്തെ ഒരു വീട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാള്‍ എക്‌സൈസിനെ കണ്ട് ഓടാന്‍ ശ്രമിക്കുന്നതിനിടെ പിടികൂടുകയായിരുന്നു.വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്‍പ്പനയുണ്ടെന്ന വിവരത്തെ തുടര്‍ന്ന് വീടിനടുത്ത് നിന്നുമാണ് എക്‌സൈസ് സംഘം അനന്തുവിനെ 16 ന് പിടികൂടിയത്. പ്രതിയുടെ കയ്യില്‍ നിന്നും എക്‌സൈസ് സംഘം 10 ഗ്രാം കഞ്ചാവും അന്ന് കണ്ടെത്തിയിരുന്നു. ബാക്കി സൂക്ഷിച്ചിരിക്കുന്ന സ്ഥലം കാണിച്ച് നല്‍കാം എന്ന് പറഞ്ഞാണ് മുതലക്കോടത്തിന് എത്തിയതും, അവിടെ നിന്നും രക്ഷപ്പെടുന്നതും. സംഭവത്തില്‍ എക്‌സൈസ് സംഘത്തിന്റെ പരാതിയില്‍ പോലീസും പ്രതിയെ തെരഞ്ഞ് വരികയായിരുന്നു. തൊടുപുഴ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഇന്‍സ്‌പെക്ടര്‍ ഷാജു ഫ്രാന്‍സിസ്, ഇന്റലിജന്‍സ് ഓഫീസര്‍ ബിന്‍സാദ്, ഉദ്യോഗസ്ഥരായ ഫ്രാന്‍സിസ്, പ്രകാശ്, അജിത്ത്, സുബൈര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ക്രിസ്മസ് ദിനത്തില്‍ അടിമാലി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. തൊടുപുഴ പോലീസ് സ്‌റ്റേഷനിലും പ്രതിക്കെതിരെ അറസ്റ്റ് വാറന്റ് നിലവിലുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.