ശബരിമല തീര്‍ഥാടനം അട്ടിമറിക്കാന്‍ നീക്കം: വി. മുരളീധരന്‍

Monday 26 December 2016 10:51 pm IST

തിരുവനന്തപുരം: ശബരിമല തീര്‍ഥാടനം അട്ടിമറിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുതന്നെ ഉണ്ടായ ആസൂത്രിത നീക്കത്തിന്റെ ഫലമാണ് തിക്കും തിരക്കും മൂലമുണ്ടായ അപകടമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം വി. മുരളീധരന്‍. ശബരിമലയിലെ മുന്നൊരുക്കങ്ങളില്‍ കുറ്റകരമായ അനാസ്ഥകാട്ടിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ദേവസ്വം വകുപ്പ് ഒഴിയണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ശബരിമലയില്‍ അപകടമുണ്ടായപ്പോള്‍ ദേവസ്വം ബോര്‍ഡും പോലീസും പരസ്പരം പഴിചാരി രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്. ആവശ്യമായ തയ്യാറെടുപ്പുകള്‍ നടന്നിട്ടില്ലെന്ന് തീര്‍ഥാടനം തുടങ്ങുന്നതിനു മുമ്പുതന്നെ ദേവസ്വം മന്ത്രി പറഞ്ഞത് മുന്‍കൂര്‍ ജാമ്യമെടുക്കലായിരുന്നെന്ന് ഇപ്പോഴത്തെ സംഭവത്തിലൂടെ തെളിയുന്നു. ഈ സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ ശബരിമലയോട് തീര്‍ത്തും വിപരീത സമീപനമാണ് സ്വീകരിച്ചത്. ഒരുക്കങ്ങള്‍ ഉള്‍പ്പെടെ പല കാര്യങ്ങളെക്കുറിച്ചും ആക്ഷേപങ്ങള്‍ ഉണ്ടായപ്പോഴൊന്നും പരിഹരിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു ശ്രമവും ഉണ്ടായില്ല. പരിചയസമ്പന്നരായ പോലീസുകാരെ വിന്യസിക്കേണ്ട 18-ാം പടിയില്‍ ഉള്‍പ്പെടെ യാതൊരു പരിചയവുമില്ലാത്ത പോലീസുകാരെയാണ് ഡ്യൂട്ടിക്ക് നിയോഗിച്ചത്. ശബരിമലയില്‍ ഡ്യൂട്ടി ചെയ്യാന്‍ താര്യപര്യമില്ലാത്തവരെപ്പോലും നിര്‍ബന്ധിച്ച് ഡ്യൂട്ടിക്ക് വിന്യസിച്ചതായി വി. മുരളീധരന്‍ ആരോപിച്ചു. പോലീസിന് വീഴ്ച പറ്റിയതായാണ് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. ഇത് സംസ്ഥാന പോലീസ് മേധാവി നിഷേധിക്കുന്ന വിചിത്രമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. ശബരിമലയിലുണ്ടായ അപകടത്തിന് ദേവസ്വം, ആഭ്യന്തര വകുപ്പുകള്‍ക്ക് തുല്യ ഉത്തരവാദിത്വമാണുള്ളത്. സന്നിധാനത്തെ ആശുപത്രിയിലെ ചികിത്സാ സൗകര്യങ്ങള്‍ ഏറെ പരിതാപകരമായ അവസ്ഥയിലാണെന്നും ഇന്നലെ ഉണ്ടായ അപകടത്തിലൂടെ തെളിഞ്ഞു. ശബരിമലയില്‍ അപകടങ്ങളുണ്ടാക്കി തീര്‍ഥാടകര്‍ വരാതിരിക്കാന്‍ ഇടത് സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ട്. ഇതിനായി നടത്തിയ ആസൂത്രിതമായ നീക്കത്തെ തുടര്‍ന്നാണ് അപകടം ഉണ്ടായത്. അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയാറാകാതെ ദേവസ്വം, ആഭ്യന്തര വകുപ്പുകള്‍ പരസ്പരം പഴിചാരി ഒഴിഞ്ഞുമാറാന്‍ നടത്തുന്ന ശ്രമവും ഇതിന്റെ ഭാഗമാണെന്ന് മുരളീധരന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.