പനാജി: ഗോവയിലെ ദബോലിം വിമാനത്താവളത്തില്‍ പറന്നുയരുന്നതിനിടെ ജെറ്റ് എയര്‍വേസിന്റെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടം. വിമാനം തെന്നിമാറി അപകടമുണ്ടായെങ്കിലും ആളപായമൊന്നും സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഏതാനും ചില യാത്രക്കാര്‍ക്ക് നിസാര പരിക്ക് പറ്റിയിട്ടുണ്ട്. ഇന്ന് രാവിലെ ആയിരുന്നു സംഭവം.
ഏഴ് ജീവനക്കാര്‍ ഉള്‍പ്പെടെ 161 യാത്രക്കാരുമായി ഗോവയില്‍ നിന്നു മുംബയിലേക്ക് യാത്ര തിരിച്ച 9 ഡബ്ല്യൂ 2374 വിമാനമാണ് വന്‍ അപകടത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് വിമാനത്താവളം ഉച്ചയ്ക്ക് 12.30വരെ അടച്ചിട്ടു.
360 ഡിഗ്രിയില്‍ തിരിഞ്ഞ വിമാനം പൈലറ്റിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് നിയന്ത്രിക്കാനായത്. ഉടന്‍ തന്നെ യാത്രക്കാരെ അടിയന്തര വാതിലിലൂടെ പുറത്തിറക്കി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. പരിക്കേറ്റവര്‍ക്ക് വൈദ്യസഹായം നല്‍കിയതായി ജെറ്റ് എയര്‍വേസ് അറിയിച്ചു.
അപകടത്തിന്റെ കാരണം അറിവായിട്ടില്ല. പൈലറ്റിന് പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് ജെറ്റ് എയര്‍വേസ് വ്യക്തമാക്കി. സംഭവത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: