ബിഎസ്പിയുടെ അക്കൗണ്ടുകളില്‍ 104 കോടി രൂപയുടെ നിക്ഷേപം

Tuesday 27 December 2016 10:02 pm IST

ന്യൂദല്‍ഹി: നോട്ട് നിരോധനത്തിന് ശേഷം ബിഎസ്പിയുടെ അക്കൗണ്ടിലേക്ക് വന്‍തുക നിക്ഷേപമായെത്തിയത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധനയ്ക്ക് വിധേയമാക്കുന്നു. യൂണിയന്‍ ബാങ്കിലുള്ള പര്‍ട്ടിയുടെ അക്കൗണ്ടിലേക്ക് 104 കോടി രൂപയും പാര്‍ട്ടി അദ്ധ്യക്ഷ മായാവതിയുടെ സഹോദരന്റെ അക്കൗണ്ടിലേക്ക് 1.43 കോടി രൂപയുമാണ് നിക്ഷേപമായെത്തിയത്. നോട്ട് നിരോധനത്തിന് ശേഷം വലിയതോതില്‍ പണമെത്തിയ അക്കൗണ്ടുകളില്‍ നടത്തിയ പരിശോധനയിലാണ് ബിഎസ്പിയുടെ വന്‍ നിക്ഷേപം കണ്ടെത്തിയത്. യൂണിയന്‍ ബാങ്കിന്റെ ദല്‍ഹിയിലെ കരോള്‍ബാഗ് ശാഖയിലാണ് നിക്ഷേപം. പാര്‍ട്ടി അക്കൗണ്ടിലെത്തിയ 104 കോടി രൂപയും അസാധുവാക്കപ്പെട്ട നോട്ടുകളാണ്. മായാവതിയുടെ സഹോദരന്‍ ആനന്ദിന്റെ അക്കൗണ്ടിലെത്തിയതില്‍ 19 ലക്ഷത്തോളം രൂപയാണ് പഴയ കറന്‍സി. സിസി ടിവി ദൃശ്യങ്ങളും കെവൈസി രേഖകളും നല്‍കാന്‍ ബാങ്കിനോട് ആവശ്യപ്പെട്ടതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മായാവതിയുടെ സഹോദരന് നോട്ടീസ് അയക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ ആദായ നികുതി വകുപ്പും വിശദീകരണം തേടും. അക്കൗണ്ടുകളിലൂടെ ഹവാല ഇടപാടുകള്‍ നടന്നതാണോ എന്നും പരിശോധിക്കും. അതേസമയം വിഷയത്തില്‍ പ്രതികരിക്കാന്‍ ബിഎസ്പി തയാറായിട്ടില്ല. കറന്‍സി നിരോധനത്തിന് മുമ്പ് ലഭിച്ച സംഭാവനകള്‍ ഡിസംബര്‍ 30 വരെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിയമപരമായ ഇളവുകളോടെ തന്നെ ബാങ്കുകളില്‍ നിക്ഷേപിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിരോധിക്കപ്പെട്ട കറന്‍സിയില്‍ സംഭാവന സ്വീകരിക്കരുതെന്നും നിര്‍ദ്ദേശിച്ചിരുന്നു. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തിയാണ് പണമിടപാട് നടന്നതെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.