കളക്ടര്‍ ആരോഗ്യവാന്‍; അതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കി

Thursday 26 April 2012 9:14 pm IST

മെഡിനിനഗര്‍: സുഖ്മ ജില്ലാ കളക്ടറിനെ തട്ടിക്കൊണ്ടുപോയ സാഹചര്യത്തില്‍ ജാര്‍ഖണ്ഡ്‌, ഛത്തീസ്ഗഢ്‌ സംസ്ഥാനങ്ങളിലെ അതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കി.
പലാമു പ്രദേശത്ത്‌ സേവനം നടത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മതിയായ സുരക്ഷയില്ലാതെ മാവോയിസ്റ്റ്‌ ബാധിത പ്രദേശങ്ങളില്‍ പോകുന്നത്‌ വിലക്കിയിരിക്കുകയാണ്‌. അതിര്‍ത്തി പ്രദേശങ്ങളിലെ സുരക്ഷ ശക്തമാക്കിയെന്നും പലാമു ഡിവിഷനില്‍ ആയുധ സന്നാഹങ്ങളോടുകൂടിയ സൈനിക വാഹനങ്ങള്‍ നിലയുറപ്പിച്ചിട്ടുണ്ടെന്നും ഗര്‍വ, ലേതര്‍ ജില്ല ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ്‌ പോലീസ്‌ ദീപക്‌ വര്‍മ്മ പറഞ്ഞു. ഛത്തീസ്ഗഢില്‍നിന്ന്‌ ഏപ്രില്‍ 21 ന്‌ സുഖ്മ ജില്ലാ കളക്ടറെ തട്ടിക്കൊണ്ടുപോയതിനെത്തുടര്‍ന്ന്‌ വന്‍ ജാഗ്രതാ നിര്‍ദ്ദേശമാണ്‌ നല്‍കിയിരിക്കുന്നത്‌.
കുറ്റകൃത്യങ്ങള്‍ ചെയ്തതിനുശേഷം മാവോയിസ്റ്റുകള്‍ അയല്‍ സംസ്ഥാനങ്ങളിലേക്ക്‌ കടക്കുകയോ അതിര്‍ത്തിലംഘനം നടത്തുകയോ ചെയ്യും എന്നു കരുതിയാണ്‌ ഇത്രയധികം സുരക്ഷ വര്‍ധിപ്പിച്ചതെന്ന്‌ അദ്ദേഹം പറഞ്ഞു.
അതേസമയം, പലാമുവിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ഡപ്യൂട്ടി കമ്മീഷണര്‍ പൂജ സിന്‍ഹാള്‍ ചര്‍ച്ച നടത്തുകയും രാത്രികാലങ്ങളില്‍ പുറത്ത്‌ കറങ്ങാന്‍ പോകരുതെന്ന്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങളറിയിച്ചു. തന്നെയുമല്ല പകല്‍ ഏതെങ്കിലും പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകുമ്പോള്‍ കൂടെ സുരക്ഷാ ഉദ്യോഗസ്ഥരേയും കൊണ്ടുപോകണമെന്ന്‌ അവര്‍ നിര്‍ദ്ദേശിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.
ബന്ദിയാക്കപ്പെട്ട സുഖ്മ ജില്ലാ കളക്ടര്‍ അലക്സ്പോള്‍ മേനോന്‍ സുരക്ഷിതനും ആരോഗ്യവാനുമാണെന്ന്‌ സിപിഐ നേതാവ്‌ മനീഷ്കുന്‍ജം മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു. ആസ്മക്കുള്ള മരുന്ന്‌ അദ്ദേഹത്തിന്‌ നല്‍കിയതായും എന്നാല്‍ തനിക്ക്‌ കളക്ടറെ കാണാന്‍ സാധിച്ചില്ലെന്നും പക്ഷെ മരുന്ന്‌ അദ്ദേഹത്തിന്‌ ലഭിച്ചതായും കുന്‍ജം പറഞ്ഞു.
പ്രശ്നബാധിത പ്രദേശമായ ബസ്തര്‍ മേഖലയിലെ അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി നേതാവായ കുന്‍ജം കളക്ടറുടെ ഭാര്യ ആഷാ മേനോന്‍ നല്‍കിയ മരുന്നുമായി ചൊവ്വാഴ്ച വൈകിട്ട്‌ ചിന്റഗുവായില്‍ എത്തുകയായിരുന്നു.
കളക്ടറുടെ മോചനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക്‌ മധ്യസ്ഥചര്‍ച്ചക്ക്‌ താന്‍ ഇല്ലെന്നായിരുന്നു മറുപടി.
2006 ബാച്ചില്‍പ്പെട്ട ഐഎസുകാരനായ അലക്സ്‌ പോളിനെ റായ്പ്പൂരില്‍നിന്നും 500 കിലോമീറ്റര്‍ അകലെവച്ചാണ്‌ മാവോയിസ്റ്റുകള്‍ ബന്ദിയാക്കിയത്‌. ഗ്രാമീണരെ നക്സലിസത്തില്‍നിന്ന്‌ അകറ്റാനുള്ള സര്‍ക്കാര്‍ പരിപാടിയായ ഗ്രാമസ്വരാജ്‌ യോഗത്തിനിടെയാണ്‌ വനമേഖലയില്‍നിന്നും അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്‌. അദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമിച്ച രണ്ട്‌ സുരക്ഷാ ഉദ്യോഗസ്ഥരെ മാവോവാദികള്‍ സംഭവസ്ഥലത്തുതന്നെ വെടിവെച്ച്‌ കോന്നിരുന്നു.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.