മുഖ്യമന്ത്രിയും പാര്‍ട്ടിയും

Tuesday 27 December 2016 8:07 pm IST

സിപിഎമ്മിന്റെ മുതിര്‍ന്ന സെക്രട്ടേറിയറ്റ് അംഗം വ്യാഴാഴ്ച രാത്രി ഒരു വാര്‍ത്താചാനലില്‍ സിപിഎം നിലപാട് ഇങ്ങനെ വ്യക്തമാക്കി: പാര്‍ട്ടി ഏല്‍പിച്ച ജോലിയാണ് മുഖ്യമന്ത്രി (പിണറായി വിജയന്‍) നിറവേറ്റുന്നത്.  പാര്‍ട്ടി പറയുന്നതനുസരിച്ചുള്ള നിലപാടെടുക്കാന്‍ അദ്ദേഹം ബാധ്യസ്ഥനാണ്.  പാര്‍ട്ടി നിലപാട് അദ്ദേഹം സര്‍ക്കാരില്‍ നടപ്പാക്കും. അവ്യക്തതയ്ക്കവസരം കൊടുക്കാത്ത വിശദീകരണം. പിണറായി വിജയന്‍ മുഖ്യമന്ത്രിയായി ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്മെന്റ് അധികാരമേറ്റിട്ട് ഏഴുമാസം തികയാനിരിക്കെയാണ് സിപിഎമ്മിന് ഈ  പരസ്യ വിശദീകരണം നല്‍കേണ്ടിവന്നത്.  പാലും വെള്ളവും വേര്‍തിരിക്കുന്നതുപോലെ പാര്‍ട്ടിയും മുഖ്യമന്ത്രിയും തമ്മിലുള്ള നയപരമായ വേര്‍തിരിവ് തറപ്പിച്ചു വ്യക്തമാക്കേണ്ടിവന്നത്. ഇതൊരു പിണറായി ഗവണ്മെന്റാണെന്നാണ്  മന്ത്രിസഭാ രൂപീകരണംതൊട്ട് രണ്ട് കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ നേതൃത്വം നല്‍കുന്ന ഈ മുന്നണി ഗവണ്മെന്റ്  പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. ആ ആശയകുമിള ഒടുവില്‍ പൊട്ടിച്ചുവിടുകയാണ് പാര്‍ട്ടി നിലപാടിന്റെ ആധികാരികത്വം അവകാശപ്പെട്ട് ആനത്തലവട്ടം ആനന്ദന്‍ ചാനലിലൂടെ ചെയ്തത്.  മുഖ്യമന്ത്രി പറയുന്നതു മുഴുവന്‍ പാര്‍ട്ടി ഏറ്റെടുക്കുകയല്ല, പാര്‍ട്ടി പറയുന്നതിനനുസരിച്ചുള്ള നിലപാടെടുക്കാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാകുകയാണ് വേണ്ടെത്. ഈ സന്ദേശം കൃത്യമായും മുഖ്യമന്ത്രി പിണറായി വിജയനുനേരെതന്നെയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ സിപിഎമ്മിനെയും സിപിഐയെയും മാത്രമല്ല മറ്റു ഘടകകക്ഷിയെയും അസ്വസ്ഥരാക്കിയ പൊലീസ് നയവുമായി ബന്ധപ്പെട്ടാണ് സിപിഎമ്മിന്റെ ഈ പരസ്യ നിലപാട്.  പാര്‍ട്ടി നിലപാടില്‍നിന്ന് വ്യതിചലിക്കുന്ന എന്തെങ്കിലും ആരുടെയെങ്കിലും ഭാഗത്തുനിന്നുണ്ടായാല്‍ അതിനനുസരിച്ചുള്ള നടപടി പാര്‍ട്ടി സ്വീകരിക്കുമെന്നുകൂടി ആനത്തലവട്ടം പറഞ്ഞു. അത് വൈകാരികമോ വ്യക്തിപരമോ ആയ ഒരു പ്രതികരണത്തിനപ്പുറം പാര്‍ട്ടിയുടെ വിയോജിപ്പും രോഷവും പ്രതിഫലിപ്പിക്കുന്നതാണ്. വിഎസ് ഗവണ്മെന്റില്‍നിന്നു  വ്യത്യസ്തമായി ആഭ്യന്തര, പൊലീസ്  വകുപ്പുകള്‍ കയ്യാളുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍.   പൊലീസ് വകുപ്പിന്റെ കാര്യമിരിക്കട്ടെ. അത് കൈകാര്യംചെയ്താലും ഇല്ലെങ്കിലും ഇഎംഎസ് മുതല്‍ വി.എസ് അച്യുതാനന്ദന്‍വരെ മുഖ്യമന്ത്രിമാരെല്ലാം പാര്‍ട്ടിക്കു വിധേയരായിരുന്നു.  പാര്‍ട്ടിക്കും പാര്‍ട്ടിനയത്തിനും വിധേയരാണ് മുഖ്യമന്ത്രിമാരെന്നും,  മുഖ്യമന്ത്രികൂടി പങ്കാളിയായ പാര്‍ട്ടിയുടെ നയം ഗവണ്മെന്റിലൂടെ നടപ്പാക്കിക്കുന്ന ചുമതല മുഖ്യമന്ത്രിയുടേതാണെന്നും പരക്കെ അംഗീകരിച്ചുപോന്നതുമാണ്.   അടിയന്തരാവസ്ഥയില്‍ കരുണാകരന്റെ പൊലീസ് ഭരണം  മടുത്ത് മുഖ്യമന്ത്രിപദം രാജിവെക്കാന്‍ അനുമതിതേടി സി.അച്ചുതമേനോന്‍. എന്നാല്‍ പാര്‍ട്ടിനിര്‍ദ്ദേശമനുസരിച്ച് തെരഞ്ഞെടുപ്പു വരുംവരെ അധികാരത്തില്‍ അദ്ദേഹത്തിന് തുടരേണ്ടിവന്നു. ആഭ്യന്തരവകുപ്പ് കൈവശംവെക്കാന്‍ ആഗ്രഹിച്ച മുഖ്യമന്ത്രി വി.എസിന് നിലനിര്‍ത്തിയ വിജിലന്‍സ് വകുപ്പുപോലും പാര്‍ട്ടിനിര്‍ദ്ദേശമനുസരിച്ച് കോടിയേരിക്ക് വിട്ടുകൊടുക്കേണ്ടിവന്നു. ഇവിടെ ഇപ്പോള്‍ വകുപ്പു കൈവശംവെക്കുന്നതിന്റെ മൂപ്പിളമ തര്‍ക്കമല്ല.   പൊലീസടക്കമുള്ള വകുപ്പുകളില്‍ ഈ ഗവണ്മെന്റ്  അനുവര്‍ത്തിക്കേണ്ട നയങ്ങളെ സംബന്ധിച്ചാണ് അഭിപ്രായഭിന്നത.  എന്നാല്‍ ഇതൊരു പിണറായി വിജയന്‍ ഗവണ്മെന്റാണെന്ന ഔദ്യോഗിക പ്രഖ്യാപനമാണ് അധികാരമേറ്റയുടനെ ഈ ഗവണ്മെന്റില്‍നിന്നുണ്ടായത്.  മന്ത്രിസഭ അധികാരമേല്‍ക്കുന്നതുമായി ബന്ധപ്പെട്ട്   ദേശീയപത്രങ്ങളില്‍ ഔദ്യോഗിക പരസ്യംകൊടുത്തതുതന്നെ  പിണറായി ഗവണ്മെന്റ് അധികാരമേല്‍ക്കുന്നു എന്നാണ്.   സിപിഐ ജനറല്‍ സെക്രട്ടറി സുധാകര റെഡ്ഢിയാണ് അതിനെതിരെ ആദ്യം പ്രതിഷേധിച്ചത്. ഇടതുപക്ഷ – ജനാധിപത്യ മുന്നണിയുടെ ഗവണ്മെന്റാണെന്നും ഏതെങ്കിലും വ്യക്തിയുടെ ഗവണ്മെന്റല്ലെന്നും പറഞ്ഞത്. മുല്ലപ്പെരിയാര്‍, അതിരപ്പള്ളി തൊട്ടുള്ള  മുഖ്യമന്ത്രിയുടെ ആദ്യ നയപ്രഖ്യാപനങ്ങളും പൊതുവെ എതിര്‍പ്പുയര്‍ത്തി.  സിപിഐ സംസ്ഥാന നേതൃത്വം പരസ്യമായി രംഗത്തുവന്നു.  ധനവകുപ്പടക്കം സ്വന്തം പാര്‍ട്ടിക്കാരുടേതു മാത്രമല്ല മറ്റ് ഘടകകക്ഷി വകുപ്പുകള്‍പോലും മുഖ്യമന്ത്രിയുടെ നിരീക്ഷണത്തിലും നിയന്ത്രണത്തിലുമാണെന്ന വിമര്‍ശനവുമുയര്‍ന്നു.   സിപിഎം സംസ്ഥാന സെക്രട്ടറിക്കുപോലും 'നിങ്ങള്‍ പാര്‍ട്ടിക്കാര്യം നോക്കിയാല്‍മതി' എന്ന ശാസന സഹിക്കേണ്ടിവന്നു. ഈ 'പിണറായി സര്‍ക്കാര്‍പ്രശ്‌നം' തിളച്ചുപൊന്താന്‍ ആറുമാസത്തോളം വേണ്ടിവന്നത് ഗവണ്മെന്റ് രൂപീകരണവുമായി ബന്ധപ്പെട്ട് സിപിഎമ്മില്‍ നിന്നിരുന്ന വിഭാഗീയതയും വി.എസ് പ്രശ്‌നവും  മൂടിപ്പൊതിഞ്ഞതുകൊണ്ടാണ്. പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വംകൂടി ഗവണ്മെന്റ് നയത്തോട് ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചതോടെ സംസ്ഥാന പാര്‍ട്ടിയും  ഇടപെടാന്‍ ധൈര്യപ്പെട്ടുതുടങ്ങി. മുഖ്യമന്ത്രിയും പാര്‍ട്ടിയും തമ്മിലുള്ള ബന്ധം തന്റെയും സി. അച്ചുതമേനോന്റെയും മന്ത്രിസഭകളുടെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഇഎംഎസ് തന്നെ  രേഖപ്പെടുത്തിയതിതാണ്: 'മൊത്തത്തില്‍ മന്ത്രിസഭയുടെ നേതാവാണ് മുഖ്യമന്ത്രി.  പൊതുഭരണം ആസൂത്രണം എന്നിവയൊഴിച്ച് ഒരു വകുപ്പും മുഖ്യമന്ത്രി കൈകാര്യം ചെയ്യണമെന്നില്ല.  പൊതുനയ രൂപീകരണം, രൂപീകരിച്ച നയം പ്രവര്‍ത്തികമാക്കല്‍, അതിനാവശ്യമായ നിയന്ത്രണം എല്ലാ വകുപ്പുകളുടെയുംമേല്‍ ഉണ്ടാകല്‍.  ഇതൊക്കെയാണ് മുഖ്യമന്ത്രിക്കാവശ്യം.' 1957 -59 കാലത്ത് പൊലീസടക്കം പ്രധാന വകുപ്പുകളുടെ ചുമതല ഇല്ലാതിരുന്നതിനാലാണ് ഗവണ്മെന്റിന്റെയും പാര്‍ട്ടിയുടെയും പൊതുനയം ആവിഷ്‌ക്കരിക്കാനും അതു പ്രയോഗത്തില്‍ വരുത്താനുമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞതെന്നും ഇഎംഎസ് വിശദീകരിച്ചിരുന്നു.  ഏഴുമാസമായിട്ടും തന്റെ ഗവണ്മെന്റിന്റെ പൊതുനയമെന്താണെന്ന് മുഖ്യമന്ത്രിക്കോ വകുപ്പുമന്ത്രിമാര്‍ക്കോ പാര്‍ട്ടി സെക്രട്ടറിക്കുപോലുമോ ഇപ്പോള്‍ ഇവിടെ പറയാന്‍ കഴിയുന്നില്ല.  എസ്‌ഐ തൊട്ട് ഡിജിപിവരെയുള്ളവര്‍ പൊലീസ് നയവും വകുപ്പ് തലവന്മാര്‍ മാറിമാറി പറയുന്ന നയവും കേട്ട് എന്തു നയം, ആരുടെ നയം എന്ന് ഘടകകക്ഷിനേതാക്കളും ജനങ്ങളും ഒരുപോലെ ഇരുട്ടില്‍ തപ്പുന്ന സ്ഥിതിയാണ്. ഭരണം തുടങ്ങിയിട്ട് ഒരിഞ്ചു മുന്നോട്ടുപോയിട്ടില്ലെന്നും റേഷന്‍ വിതരണം മുതല്‍ ശമ്പളവിതരണം വരെ സ്തംഭിച്ചിരിക്കയാണെന്നും സിപിഎമ്മുപോലും വിമര്‍ശിക്കുന്നു. എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു എന്നതിന് മുഖ്യമന്ത്രി ഗവണ്മെന്റിന്റെയും പാര്‍ട്ടിയുടെയും പൊതുനയം ആവിഷ്‌ക്കരിക്കുന്നതില്‍ സ്വീകരിച്ചിട്ടുള്ള മേധാവിത്വ നിലപാടാണ് കാരണമെന്ന് വെളിപ്പെടുന്നു. 67ലെ ഗവണ്മെന്റു വന്നപ്പോള്‍ മുഖ്യമന്ത്രിക്ക് പൊലീസ് വകുപ്പ് ഫലപ്രദമായി കൈകാര്യം ചെയ്യാനും ഗവണ്മെന്റില്‍ ഫലപ്രദമായി ഇടപെടാനും സഹായകമാകുന്ന തരത്തില്‍ പാര്‍ട്ടി  പഴ്‌സണല്‍ അസിസ്റ്റന്റിനെയും  സഹായിയെയും നിയോഗിക്കുകയുണ്ടായി.  അത് വികസിച്ചാണ് മുഖ്യമന്ത്രിയുടെ രാഷ്ട്രീയ സെക്രട്ടറിയെന്ന സമ്പ്രദായം രൂപപ്പെട്ടത്.  മുഖ്യമന്ത്രി പിണറായി വിജയനും  രാഷ്ട്രീയ സെക്രട്ടറിയെ(സംസ്ഥാന കമ്മറ്റിയില്‍ അംഗമായ) പാര്‍ട്ടി നല്‍കിയിട്ടുണ്ട്.  പക്ഷെ, മുഖ്യമന്ത്രി മിക്കവാറും ആശ്രയിക്കുന്നത് ഒട്ടേറെ ഉപദേഷ്ടാക്കളെയാണ്.  എന്നാലിവര്‍ക്ക് പാര്‍ട്ടിയും ഗവണ്മെന്റും തമ്മിലുള്ള രാഷ്ട്രീയ പ്രത്യയശാസ്ത്ര ജൈവബന്ധം കമ്മിയാണ്.  അധ്വാനിക്കുന്ന ജനവിഭാഗത്തോടുള്ള പക്ഷപാതിത്വവും പ്രതിബദ്ധതയും. മുഖ്യമന്ത്രി കഴിഞ്ഞദിവസം അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക വിദേശയാത്ര ദുബായിലേക്കു നടത്തി. സ്മാര്‍ട്ട് സിറ്റിയടക്കം ബന്ധപ്പെട്ട് അദ്ദേഹം പങ്കെടുത്ത ഔദ്യോഗിക പരിപാടികള്‍ ഇവിടെ വിശദീകരിക്കുന്നില്ല.  ഇതു സംബന്ധിച്ച വാര്‍ത്തകളിലെങ്ങും മുഖ്യമന്ത്രിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയുടെ സാന്നിധ്യം കണ്ടില്ല. മീഡിയാ അഡൈ്വസറുടേതൊഴികെ.  പ്രിന്‍സിപ്പല്‍ സെക്രട്ടറിതൊട്ടുള്ള ഉദ്യോഗസ്ഥവൃന്ദം സ്വാഭാവികം. മുഖ്യമന്ത്രിക്ക് ഒരു പ്രസ് സെക്രട്ടറിയും മീഡിയാ സെക്രട്ടറിയുമുണ്ട്.  സര്‍ക്കാറില്‍നിന്ന് പ്രതിഫലം പറ്റാത്ത, പാര്‍ട്ടിയുടെ നയരൂപീകരണ സമിതികളില്‍ പ്രവേശമില്ലാത്ത ആളാണ് മീഡിയ അഡൈ്വസര്‍.  ഇദ്ദേഹമാകട്ടെ   മുഖ്യമന്ത്രിയുടെ യഥാര്‍ത്ഥ പ്രതിനിധിയായി പ്രധാനമന്ത്രി മോദിയുടെ ഓഫീസുമുതല്‍ വിദേശത്തുപോലും അനുഗമിക്കുന്നു.  ഇതിന്റെ ഔചിത്യവും രാഷ്ട്രീയവും പരിശോധിക്കാന്‍ മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല.  അതത്ര എളുപ്പവുമല്ല എന്നതാണ് വസ്തുത. ഇതേ പ്രതിനിധി സംഘത്തില്‍ മുഖ്യമന്ത്രിക്കൊപ്പം പ്രത്യേക ക്ഷണിതാവായി ഉണ്ടായത് ലുലു ഗ്രൂപ്പുതൊട്ട് ഇപ്പോഴത്തെ ഈസ്റ്റിന്ത്യാ കമ്പനിയുടെ ഉടമകൂടിയായ എം.യൂസഫലിയാണ്.  മറ്റു രണ്ടാളുകളുടെ പേരുകൂടി വാര്‍ത്തകളില്‍ കണ്ടു. ഭാര്യ കമലയും മകള്‍ വീണയും.  ഇവരൊക്കെ ഉള്‍പ്പെട്ട ഔദ്യോഗിക സംഘത്തെ തന്റെ വിദേശയാത്രയുടെ ഭാഗമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനുള്ള അവകാശം ചോദ്യം ചെയ്യുന്നില്ല.  പക്ഷെ,  പാര്‍ട്ടിനയത്തെപറ്റിയും മുഖ്യമന്ത്രി അതു നടപ്പാക്കണമെന്നതിനെക്കുറിച്ചും പറയുന്ന സിപിഎം നേതാക്കളെങ്കിലും പാര്‍ട്ടിനയം വന്നവഴി പഠിക്കുന്നതു നന്ന്. ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭക്കുവേണ്ടി മുഖ്യമന്ത്രി ഇഎംഎസ് നടത്തിയ നയപ്രഖ്യാപനത്തിലെ ഈ ഭാഗം അവരുടെയും വായനക്കാരുടെയും ശ്രദ്ധയില്‍ പെടുത്തട്ടെ: ''മന്ത്രിമാരുടെതന്നെ വ്യക്തിപരമായ ജീവിതത്തിലും ഔദ്യോഗിക നടപടിക്രമങ്ങളിലും ഒരു ചിട്ടയും അച്ചടക്കവും കൊണ്ടുവരേണ്ടതുണ്ട്.  അവരുടെ ബന്ധുക്കള്‍, സ്‌നേഹിതന്മാര്‍, രാഷ്ട്രീയരംഗത്തെ സഹപ്രവര്‍ത്തകര്‍ മുതലായി അവരോട് കൂടുതല്‍ അടുപ്പമുണ്ടാകാനിടയുള്ളവര്‍ വിചാരിച്ചാല്‍ കാര്യങ്ങള്‍ നടക്കുമെന്ന ബോധം വളരാന്‍ ഇടയാകുന്നത് അഴിമതികളില്ലാത്ത ഒരു നല്ല ഭരണം ഉണ്ടാകുന്നതിന്റെ മുമ്പിലുള്ള ഏറ്റവും വലിയ തടസമായിരിക്കും. അത് കൂടാതെ കഴിക്കാന്‍ ഞങ്ങള്‍ ഓരോരുത്തരും വ്യക്തിപരമായി അങ്ങേയറ്റം ശ്രമിക്കും.  എന്നാല്‍ അതുകൊണ്ടുമാത്രമായില്ല.  വ്യക്തവും കര്‍ശനവുമായി നടപ്പില്‍ വരുത്തേണ്ടതുമായ ചില നടപടിക്രമങ്ങള്‍ ഉണ്ടാക്കേണ്ടിയിരിക്കുന്നു.''

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.