മേളകുലപതി വിടവാങ്ങി

Tuesday 27 December 2016 9:13 pm IST

മുഹമ്മ: കരപ്പുറത്തിന്റെ മേളകുലപതി മുരളി ആശാന്‍ വിടവാങ്ങി. ആറു പതിറ്റാണ്ടിലേറെക്കാലം ചെണ്ടവാദനത്തില്‍ സജീവ സാന്നിധ്യമായിരുന്ന മുഹമ്മ നായ്ക്കാപറമ്പില്‍ മുരളീധരന്‍(മുരളി ആശാന്‍ 71-ാം വയസ്സിലാണ് വിടചൊല്ലിയത്.ആകാശവാണിയില്‍ എ-ഗ്രേഡ് കലാകാരനായിരുന്നു. സോപാന സംഗീതം,പഞ്ചവാദ്യം,ചെണ്ട മേളം തുടങ്ങി വാദ്യമേള രംഗത്ത് ആശാന്‍ വിസ്മയക്കാഴ്ച ഒരുക്കിയിരുന്നു. ചെണ്ടക്കോല്‍ കൈയിലേന്തുമ്പോള്‍ മുരളിക്ക് വയസ്സ് എട്ട്. അച്ഛന്‍ അപ്പുകുഞ്ഞാശാന്റെ കൂടെ മുഹമ്മ മുക്കാല്‍വെട്ടം ക്ഷേത്രത്തില്‍ തുടക്കം. പത്താം വയസില്‍ ഇവിടെ അരങ്ങേറ്റം. ഗുരു അച്ഛന്‍തന്നെ. അച്ഛന്‍ പഠിപ്പിക്കുന്നത് പതിവായി കണ്ടപ്പോള്‍ കൊട്ടാന്‍ കൊതിയായി. അച്ഛന്റെ പ്രോത്സാഹനവും ശിക്ഷണവും കൂടിയായപ്പോള്‍ മുരളി മുഹമ്മ മുരളിയായി. കൊട്ടാരക്കര ഭാസ്‌കരക്കുറുപ്പില്‍നിന്നും കഥകളി ചെണ്ടയുടെ ബാലപാഠങ്ങള്‍ പഠിച്ചുതുടങ്ങി. നെടുമുടി വാത്തിയാട്ട് പത്മനാഭപ്പണിക്കരില്‍നിന്നുമാണ് കൂടുതല്‍ വശങ്ങള്‍ മനസ്സിലാക്കിയത്. 20 വര്‍ഷത്തോളം പ്രശസ്തരായ കഥകളിക്കാരുടെ കൂടെ ചെണ്ട വായിച്ചു. നാടകം, ബാലെ ടീമുകള്‍ക്ക് 15 വര്‍ഷം ചെണ്ടയില്‍ നാദവിസ്മയം തീര്‍ക്കാനുമായി. കലാക്ഷേത്രത്തിലും ഉദ്യോഗമണ്ഡലിലും പത്തുവര്‍ഷത്തിലേറെ ചെണ്ടയും ഇടയ്ക്കയും വായിച്ച് പേരും പെരുമയും നേടി. മൂന്നു പതിറ്റാണ്ടിലേറെ ആകാശവാണിയില്‍ തായമ്പകയും അവതരിപ്പിച്ചു. പരമ്പരാഗത ശൈലിയില്‍ നിന്നുമാറി പഞ്ചവാദ്യക്കളരി സ്ഥാപിച്ച് മേളത്തിന്റെ പാഠങ്ങള്‍ പകര്‍ന്നു നല്‍കാനും മുരളി ആശാന് കഴിഞ്ഞു. വീടിനോട് ചേര്‍ന്നുള്ള അപ്പുകുഞ്ഞാശാന്‍ സ്മാരക ചെണ്ട കലാപഠനകേന്ദ്രത്തിലാണ് ശിഷ്യര്‍ക്ക് പരിശീലനം നല്‍കിയിരുന്നത്. ഇദ്ദേഹത്തിന്റെ മകന്‍ വിജയ്കൃഷ്ണനും പത്താം വയസില്‍ ചെണ്ടയില്‍ അരങ്ങേറ്റം കുറിക്കാനായി. അച്ഛന്റെ ശിക്ഷണത്തില്‍ കൊട്ടിത്തുടങ്ങിയ വിജയ്കൃഷ്ണന്‍ സ്‌കൂള്‍ കലോത്സവങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. ആര്‍എല്‍വിയില്‍നിന്നും ചെണ്ടയില്‍ ബിരുദാനന്തര ബിരുദം നേടിയ ഈ കലാകാരന്‍ കോട്ടയ്ക്കലില്‍നിന്നും ചൊല്ലിയാട്ടക്കളരിയും കഴിഞ്ഞു. മുഹമ്മ മുരളിയുടെ മൂത്ത മകള്‍ സുനിത സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ രണ്ടുതവണ ചെണ്ടയില്‍ സമ്മാനം നേടിയിട്ടുണ്ട്. മുഹമ്മ മുരളിയുടെ സഹോദരന്‍ പരേതനായ നളിനാക്ഷനും(കുംഭി ആശാന്‍) ചെണ്ടവാദ്യ കലാകാരനായിരുന്നു.കലയുടെ പടവുകള്‍ കയറിയ മുരളി ആശാന്‍ മികച്ച ക്ഷീരകര്‍ഷകനുമായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.