യുവമോര്‍ച്ച മാര്‍ച്ചിലേക്ക് ജലപീരങ്കി

Tuesday 27 December 2016 9:55 pm IST

കോഴിക്കോട്: യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ കളക്‌ട്രേറ്റ് മാര്‍ച്ചിനു നേരെ കോഴിക്കോട്ട് പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചും, പിഎസ്‌സി റാങ്ക്‌ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ടുമായിരുന്നു മാര്‍ച്ച്. കളക്‌ട്രേറ്റ് കവാടത്തില്‍ എത്തിയപ്പോള്‍ ബാരിക്കേഡ് ഉപയോഗിച്ച് പോലീസ് മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. മാര്‍ച്ച് ഉദ്ഘാടനം ചെയ്യുന്നതിന് തൊട്ടുമുമ്പായിരുന്നു ഇത്. പിരിഞ്ഞുപോകാന്‍ കൂട്ടാക്കാതെ പ്രവര്‍ത്തകര്‍ ബാരിക്കേഡിന് സമീപം ഇരുന്നു. ടാങ്കിലെ വെള്ളം തീര്‍ന്നതോടെ പോലീസ് ജലപീരങ്കി പ്രയോഗം നിര്‍ത്തി. തുടര്‍ന്ന് യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി. വിപിന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച കോഴിക്കോട് ജില്ലാ പ്രസിഡന്റ് പ്രബീഷ് മാറാട് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗങ്ങളായ സുധീര്‍ കുന്ദമംഗലം, ടി. റെനീഷ്, സുജീഷ് പുതുക്കുടി, അഭിലാഷ്, ജില്ലാ ജനറല്‍ സെക്രട്ടറി ബി. ദിപിന്‍, ട്രഷറര്‍ ടി. നിവേദ് തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. സമാധാനപരമായി നടത്തിയ മാര്‍ച്ചിനെ നേരിടാന്‍ വന്‍ പോലീസ് സംഘമാണ് കലക്‌ട്രേറ്റ് കവാടത്തിലും പരിസരത്തും നിലയുറപ്പിച്ചത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.