ചാലക്കയത്തു നിന്ന് തീര്‍ത്ഥാടകരെ തിരിച്ചയക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നു

Tuesday 27 December 2016 10:16 pm IST

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനായി ഇതര സംസ്ഥാനങ്ങളില്‍ നിന്നു വാഹനങ്ങളിലെത്തുന്ന തീര്‍ത്ഥാടകര്‍ വലയുന്നു. മണ്ഡല മഹോത്സവം കഴിഞ്ഞ് നട അടച്ചിരിക്കുന്നതിനാല്‍ തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ ചാലക്കയത്തു നിന്നു പമ്പയിലേക്ക് കടത്തിവിടുന്നില്ല. ചാലക്കയത്തു നിന്നു വാഹനങ്ങള്‍ പോലീസ് തിരിച്ചുവിടുകയാണ്. ഇത്തരത്തില്‍ തിരിച്ചുവിടുന്ന തീര്‍ത്ഥാടകര്‍ക്ക് നിലയ്ക്കലിലോ മറ്റോ വിരിവച്ച് വിശ്രമിക്കാനുള്ള സൗകര്യം ദേവസ്വം ബോര്‍ഡ് ഒരുക്കിയിട്ടുമില്ല. നട അടച്ചിരിക്കുകയാണെന്നോ, പമ്പയിലേക്ക് ഭക്തരെ കടത്തിവിടില്ലെന്നോ അറിയാതെ കര്‍ണാടകയില്‍ നിന്നും ആന്ധ്രയില്‍ നിന്നും വാഹനങ്ങളിലെത്തുന്ന അയ്യപ്പഭക്തര്‍ വിരിവയ്ക്കാന്‍ പോലും സൗകര്യമില്ലാതെ വട്ടം ചുറ്റുന്നു. ആന്ധ്രയുടെ ഉള്‍പ്രദേശങ്ങളില്‍ നിന്നടക്കം ആയിരക്കണക്കിന് കിലോമീറ്റര്‍ ദൂരെ നിന്നെത്തിയ തീര്‍ത്ഥാടക സംഘങ്ങള്‍ പലരും തിരികെ പോകാന്‍ നിര്‍ബന്ധിതരാകുന്നു. വ്രതാനുഷ്ഠാനങ്ങളോടെ ഇരുമുടിക്കെട്ടുമായി ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഇത്തരത്തില്‍ മടങ്ങേണ്ടിവരുന്നത് ഏറെ വേദനയുളവാക്കുന്നുണ്ട്. അതേസമയം കെഎസ്ആര്‍ടിസി ബസ്സുകളിലെത്തുന്ന തീര്‍ത്ഥാടകര്‍ തടസ്സങ്ങള്‍ ഒന്നുമില്ലാതെ പമ്പയിലേക്ക് പോകുന്നുമുണ്ട്. നട തുറക്കാന്‍ ദിവസങ്ങള്‍ ബാക്കിയുള്ളതിനാല്‍ തീര്‍ത്ഥാടകര്‍ പമ്പയില്‍ തമ്പടിക്കുന്നത് ഒഴിവാക്കാനാണ് വാഹനങ്ങളിലെത്തുന്ന തീര്‍ത്ഥാടക സംഘങ്ങളെ തടയുന്നതെന്നാണ് ഔദ്യോഗിക ഭാഷ്യം. പമ്പയില്‍ തീര്‍ത്ഥാടകര്‍ നടതുറക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ഒത്തുചേരുന്നത് സുരക്ഷാ പ്രശ്‌നം ഉണ്ടാക്കുമെന്നാണ് പോലീസ് അധികാരികള്‍ പറയുന്നത്. കെഎസ്ആര്‍ടിസി ബസ്സുകളിലെത്തുന്ന തീര്‍ത്ഥാടകരെ കടത്തിവിടുകയും, സ്വകാര്യ വാഹനങ്ങളിലെത്തുന്ന അയ്യപ്പഭക്തസംഘങ്ങളെ തടയുകയും ചെയ്യുന്നതിലെ അനൗചിത്യം തീര്‍ത്ഥാടകര്‍ ചോദ്യം ചെയ്യുന്നുണ്ട്. പമ്പയിലേക്ക് തീര്‍ത്ഥാടകരെ കടത്തിവിട്ടില്ലെങ്കില്‍ നിലയ്ക്കലില്‍ ഇവര്‍ക്ക് വിരിവച്ച് വിശ്രമിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് ഭക്തര്‍ ആവശ്യപ്പെടുന്നു. ഇതു ചെയ്യാതെ തീര്‍ത്ഥാടകരെ ബുദ്ധിമുട്ടിക്കുന്ന അധികൃതരുടെ നിലപാടില്‍ പ്രതിഷേധം ഉയരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.