ഇക്കോ ടൂറിസത്തിന് പുതുജീവന്‍ നല്‍കണമെന്ന് ആവശ്യം

Wednesday 28 December 2016 11:01 am IST

സ്വന്തം ലേഖകന്‍ പുനലൂര്‍: കേരളത്തിലെ ആദ്യ പ്രകൃതിദത്ത ടൂറിസം പദ്ധതി പുതുജീവന്‍ തേടുന്നു. ജില്ലയിലെ വനമേഖലയും ശെന്തരുണി വന്യജീവി സങ്കേതവും നല്‍കുന്ന അത്യപൂര്‍വ്വമായ പ്രകൃതിദൃശ്യങ്ങളും ചേര്‍ന്നു വിനോദസഞ്ചാരികള്‍ക്ക് ഏറെ നയനമനോഹരമായ കാഴ്ചകള്‍ സമ്മാനിക്കുന്ന സ്ഥലം. എന്നാല്‍ ഇത് കാര്യമായി പ്രയോജനപ്പെടുത്താന്‍ തെന്മല ഇക്കോടൂറിസം കേന്ദ്രത്തിന് കഴിയാത്ത സ്ഥിതിയാണ്. 1999 ഡിസംബറില്‍ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഇക്കോ ടൂറിസം പദ്ധതിയെന്ന പേരില്‍ ആരംഭിച്ച സ്ഥാപനം ഇന്ന് ആളൊഴിഞ്ഞ നിലയിലാണ്. ആദ്യഘട്ടത്തില്‍ ആറുകോടി രൂപ നിര്‍മ്മാണത്തിന് ചെലവിട്ടിരുന്നു. പിന്നീട് വീണ്ടും കോടികള്‍ ചെലവിട്ടെങ്കിലും സഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനോ ആകര്‍ഷകമായ പുതുസംവിധാനം ആവിഷ്‌ക്കരിക്കുവാനോ സാധിച്ചിട്ടില്ല. ബോട്ടിങ് ചാര്‍ജ്ജ് 50 രൂപയില്‍ നിന്നും 300 രൂപയായി ഉയര്‍ത്തി സഞ്ചാരികളെ വലച്ചു. സഞ്ചാരികള്‍ തിരിഞ്ഞുനോക്കാത്ത അഡ്വഞ്ചര്‍ സോണുകള്‍. സാഹസിക സഞ്ചാരികള്‍ക്ക് വേണ്ടിയാണ് ഇത് ആരംഭിച്ചത്. നദിക്ക് കുറുകെ പിടിച്ചുകെട്ടിയ വടത്തില്‍കൂടിയുള്ള യാത്ര(റിവര്‍ക്രോസിംഗ്), മലനിരകളിലൂടെയുള്ള സൈക്കിള്‍ യാത്ര(മൗണ്ടല്‍ ബൈക്കിംഗ്), പാറക്കൂട്ടങ്ങളിലൂടെയുള്ള വടത്തില്‍ കയറ്റം(റോക്ക് ക്ലൈബിംഗ്) ഇതിനു പുറമേ വനസഞ്ചാരം. വനമധ്യത്തില്‍ വിശ്രമിക്കാന്‍ കുടിലുകള്‍, എന്നിങ്ങനെയായിരുന്നു ഇവിടെ പദ്ധതി. എന്നാല്‍ സാഹസിക പ്രിയരാരും ഇങ്ങോട്ടേക്ക് വരില്ല. തടിപ്പാലത്തില്‍ ഏതാനും സഞ്ചാരികള്‍ എത്താറുണ്ട്. കള്‍ച്ച്വറല്‍, ലഷ്വര്‍ സോണുകളിലെ അവസ്ഥയും വ്യത്യസ്തമല്ല. വന നടുവിലെ ജീവന്‍ തുടിക്കുന്ന ശില്‍പ്പങ്ങള്‍ എന്നൊക്കെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ പൂന്തോട്ടത്തില്‍ ശില്‍പ്പങ്ങളും വള്ളികുടിലുകളും തകര്‍ന്നിട്ട് വര്‍ഷങ്ങളാകുന്നു. ഇലക്ട്രിക്കല്‍ സംവിധാനം ലക്ഷങ്ങള്‍ ചെലവാക്കി നടപ്പാക്കിയെങ്കിലും വന്യമൃഗങ്ങള്‍ക്ക് ഇവ ദോഷകരമാകുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അതും ഉപേക്ഷിച്ചു. കല്ലടയാറിന് കുറുകെ ലഷ്വര്‍ സോണിനെയും അഡൈ്വഞ്ചര്‍ സോണിനെയും ബന്ധിപ്പിക്കുന്ന ഉരുക്കു കയറില്‍ തൂങ്ങുന്ന തൂക്കുപാലത്തില്‍ നിന്നാല്‍ തെന്മല ഡാം അടുത്ത് നിന്ന് കാണാന്‍ സാധിക്കും. എന്നാല്‍ ഇതും കാര്യക്ഷമമായി പ്രയോജനപ്പെടുത്താന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. തെന്മല ഇക്കോടൂറിസത്തിന്റെ തന്നെ മറ്റൊരു വിഭാഗം കൈകാര്യം ചെയ്യുന്ന ഫാംടൂറിസം പ്രകൃതിയുടെ മടിത്തട്ടിലേക്ക് ഇറങ്ങി സഞ്ചാരികള്‍ക്ക് സൗന്ദര്യം എത്തിച്ചു നല്‍കുന്നു. ഒരുദിനം ചെലവിട്ടാല്‍ വനസൗന്ദര്യം ആസ്വദിക്കാന്‍ സാധിക്കും. ഇവിടുത്തെ വൈവിധ്യപൂര്‍ണമായ കലകളും കൃഷിരീതികളും കണ്ടറിയുന്നതിനുള്ള പദ്ധതിയാണ് ഫാം ടൂറിസം. ശരിയായ ആസൂത്രണമുണ്ടെങ്കില്‍ വലിയ ശ്രദ്ധ പിടിച്ചുപറ്റാവുന്ന ഇതും അധികൃതരുടെ അനാസ്ഥയുടെ മറ്റൊരു നേര്‍സാക്ഷ്യമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.