പൂനെയിലെ ഫ്‌ളാറ്റില്‍ നിന്ന് എഴുപതിലധികം പാമ്പുകളെ പിടികൂടി

Wednesday 28 December 2016 12:07 pm IST

പൂനെ: പൂനെയിലെ ഫ്‌ളാറ്റില്‍ നിന്നും എഴുപതിലധികം ഉഗ്ര വിഷമുളള പാമ്പുകളെ പിടികൂടി. അണലിയും, മൂര്‍ഖനുമടക്കമുള്ള പാമ്പുകളെയാണ് ഫ്‌ളാറ്റില്‍ നിന്ന് പിടികൂടിയത്. ഇവയുടെ വിഷം ശേഖരിക്കുന്നതിനായാണ് ഫ്‌ളാറ്റില്‍ സൂക്ഷിച്ചിരുന്നതെന്നാണ് വിവരം.

സംഭവവുമായി ബന്ധപ്പെട്ട് ഫ്‌ളാറ്റിലെ തന്നെ താമസക്കാരായ രഞ്ജിത് ഖാര്‍ഗേ, ഇയാളുടെ കൂട്ടാളി ധനജ്ജയ് ബെല്‍കുടെ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. വന്യജീവി സംരക്ഷണ നിയമപ്രകാരം ഇരുവര്‍ക്കുമെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഫ്‌ളാറ്റില്‍ പാമ്പുകളെ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തേത്തുടര്‍ന്നാണ് ഒരു സംഘം പോലീസ് തിങ്കളാഴ്ച്ച ഇയാളുടെ ഫ്‌ളാറ്റ് റെയിഡ് ചെയ്യുന്നത്.

41 അണലികളേയും, 31 മൂര്‍ഖന്‍ പാമ്പുകളേയും ഇവിടെനിന്നും പോലീസ് കണ്ടെടുത്തു. ഇവയില്‍ നിന്നും നേരത്തേ വിഷം ശേഖരിച്ചിരുന്നതായാണ് വിവരം. ശേഖരിച്ച വിഷം വില്‍ക്കുകയോ, കളളക്കടത്തു നടത്തുകയോ ചെയ്തിട്ടുണ്ടാകാമെന്ന് ചാക്കണ്‍ പോലീസ് വ്യക്തമാക്കി. കുപ്പികളില്‍ ശേഖരിച്ച നിലയിലും സ്ഥലത്തു നിന്ന് വിഷം പോലീസിനു ലഭിച്ചിട്ടുണ്ട്.

കാടുകളില്‍ നിന്നും, പ്രദേശത്തെ പാമ്പുപിടുത്തക്കാരില്‍ നിന്നുമാണ് ഇവര്‍ പാമ്പുകളെ പിടികൂടിയിരുന്നതെന്ന് പോലീസ് പറഞ്ഞു. പോലീസ് എത്തുമ്പോള്‍ രഞ്ജിത്തിന്റെ ഭാര്യയും കുട്ടികളും മാത്രമാണ് ഫ്‌ളാറ്റിലുണ്ടായിരുന്നതെന്നും, കുട്ടികള്‍ക്കു പോലും ഇവിടെ പാമ്പുകളുളളതായി അറിയുമായിരുന്നെന്നും പോലീസ് പറഞ്ഞു. വാടകയ്‌ക്കെടുത്തിരുന്ന ഫ്‌ളാറ്റില്‍ ഇരുട്ടായിരുന്നതിനേത്തുടര്‍ന്ന് താമസക്കാരെ ഒഴിപ്പിച്ച് മുറികള്‍ സീല്‍ ചെയ്തു. തുടര്‍ന്ന് രാവിലെയാണ് പാമ്പുകളെ പിടികൂടിയത്. ഇവരെ വനം വകുപ്പിനു കൈമാറുമെന്ന് പോലീസ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.